Monday 11 March 2019 04:18 PM IST : By സ്വന്തം ലേഖകൻ

കുമ്പളങ്ങി നൈറ്റ്‌സിലെ ഫ്രാങ്കിയാവാൻ തോണി തുഴയാനും മീൻ പിടിക്കാനും വരെ പഠിച്ചു; ഗ്രൂമിങ് വിഡിയോ!

frank4667

അടുത്ത കാലത്തിറങ്ങിയ സിനിമകളിൽ ഏറ്റവും മികച്ച ഒന്നാണ് കുമ്പളങ്ങി നൈറ്റ്‌സ്. സിനിമ വിട്ട് തിയറ്ററിനു പുറത്തിറങ്ങുന്ന പ്രേക്ഷകർക്കൊപ്പം അതിലെ കഥാപാത്രങ്ങളും കൂടെയിറങ്ങി പോരും. ഷമ്മിയാണെങ്കിലും ബോബിയാണെങ്കിലും സജിയാണെങ്കിലും ബേബി മോളാണെങ്കിലും ഫ്രാങ്കിയാണെങ്കിലും ദിവസങ്ങളോളം മനസ്സിൽ നിന്ന് മായില്ല. അത്രകണ്ട് മലയാളി പ്രേക്ഷകരെ ഈ സിനിമ പിടിച്ചിരുത്തുന്നുണ്ട്. കുറച്ചു ദിവസത്തേക്കെങ്കിലും സിനിമയുടെ ഹാങ്ങോവർ അങ്ങനെതന്നെ നിലനിൽക്കും.  

സിനിമ വൻ വിജയമായതിന് ഒരു കാരണമായി എടുത്തുപറയേണ്ടത് കാസ്റ്റിങ്ങിലെ പ്രത്യേകതയാണ്. കുറെയേറെ പുതുമുഖങ്ങളെ അണിനിരത്തി കഥാപാത്രങ്ങൾക്ക് അനുയോജ്യമായ മുഖങ്ങൾ സൃഷ്ടിച്ചു. ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ട ഗ്രൂമിങ് വിഡിയോ കണ്ടാൽ ഈ സിനിമയ്ക്ക് പുറകിലെ പരിശ്രമം മനസ്സിലാകും. കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോയിൽ മാത്യു തോമസ്  എന്ന കൊച്ചുപയ്യൻ ഫ്രാങ്കിയായി മാറുന്നതാണ് ഉള്ളടക്കം.

ദിലീഷ് പോത്തനാണ് കഥാപാത്രമാവാനുള്ള നിര്‍ദ്ദേശങ്ങള്‍ മാത്യുവിന് നല്‍കുന്നത്. മീന്‍ പിടിക്കാനും തോണി തുഴയാനും നീന്താനുമൊക്കെ മാത്യുവിനെ പരിശീലിപ്പിക്കുന്ന ദൃശ്യങ്ങളും വിഡിയോയിലുണ്ട്. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, ‘വര്‍ക്കിങ്ങ് ക്ലാസ് ഹീറോ’ എന്നിവയുടെ ബാനറില്‍ നസ്രിയയും ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്‌കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശ്യാം പുഷ്‌കറാണ് ചിത്രത്തിന്റെ സംവിധാനം. വിഡിയോ കാണാം;