Thursday 02 December 2021 11:16 AM IST : By സ്വന്തം ലേഖകൻ

കൊട്ടാരക്കരയുടെ കുഞ്ഞാലിയിൽ നിന്ന് മോഹൻലാലിന്റെ കുഞ്ഞാലിയിലേക്ക്...: മലയാള സിനിമയിലെ കുഞ്ഞാലിമാർ

kunjali-new-1

രണ്ടു വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ‘മരക്കാർ:അറബിക്കടലിന്റെ സിഹം’ തിയറ്ററുകളിലെത്തി. 2021 ഡിസംബർ രണ്ടാം തീയതി പുലർച്ചെ 12 മണിക്കു കേരളത്തിലെ തിയറ്ററുകളിൽ ചിത്രത്തിന്റെ ഫാൻഷ് ഷോ പ്രേക്ഷകർ ആഘോഷമാക്കിക്കഴിഞ്ഞു. ലോകമെങ്ങും 4100 സ്‌ക്രീനുകളിലും കേരളത്തിൽ 631 സ്‌ക്രീനുകളിലുമാണ് മരക്കാർ പ്രദർശിപ്പിക്കുന്നത്.

ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകർ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പങ്കുവയ്ക്കുന്നത്. മലയാള സിനിമയെ അടുത്ത തലത്തിലേക്കെത്തിക്കുന്ന മേക്കിങ് ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മോഹൻലാൽ, അർജുൻ, പ്രഭു, സുനിൽ ഷെട്ടി, അശോക് സെൽവൻ, പ്രണവ് മോഹൻലാൽ‌, മഞ്ജു വാരിയർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ എന്നിവരടങ്ങുന്ന വൻ താരനിരയുടെ സാന്നിധ്യവും സിദ്ധാർഥ് പ്രിയദർശന്റെ വിഎഫ്എക്സ് മികവും തിരുവിന്റെ മനോഹരമായ സിനിമാറ്റോഗ്രഫിയുമൊക്കെ എടുത്തു പറയേണ്ടതാണ്. ചുരുക്കത്തിൽ അടുത്തകാലത്ത് മലയാള സിനിമ കണ്ട വലിയ സിനിമയും റിലീസുമാണ് ‘മരക്കാർ:അറബിക്കടലിന്റെ സിഹം’. മലയാളത്തിന്റെ താരരാജാവ് മോഹൻലാലും പ്രിയസംവിധായകൻ പ്രിയദർശനും നിർമാതാവ് ആന്റണി പെരുമ്പാവൂരും അവരുടെയൊക്കെ കരിയറിലെ ഏറ്റവും വലിയ സിനിമയ്ക്കായി ഒന്നിച്ചപ്പോൾ പ്രേക്ഷകർ നിരാശരായില്ല എന്നാണ് പൊതു അഭിപ്രായം. കോവിഡ് പ്രതിസന്ധികൾക്കിടെ തിയറ്ററുകൾ വീണ്ടും തുറന്നപ്പോള്‍ ജീവശ്വാസം നൽകുന്ന വൻ റിലീസുകളുടെ നിരയിൽ ഏറ്റവും കരുത്തുള്ള സാന്നിധ്യമെന്ന നിലയിലും മരക്കാർ പ്രസക്തമാകുന്നു.

kunjali-new-3

കൊട്ടാരക്കരയിൽ നിന്നു മോഹൻലാലിലേക്ക്

മലയാള സിനിമയിലെ ആദ്യ കുഞ്ഞാലി മരക്കാർ കൊട്ടാരക്കര ശ്രീധരൻനായരാണ്. 1967 ൽ പുറത്തിറങ്ങിയ ‘കുഞ്ഞാലി മരക്കാർ’ എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലാണ് കൊട്ടാരക്കര ശ്രീധരൻ നായരെന്ന മഹാനടൻ കുഞ്ഞാലി മരക്കാറായി നിറഞ്ഞാടിയത്.

ടി.കെ പരീക്കുട്ടി നിർമ്മിച്ച് എസ്.എസ് രാജൻ സംവിധാനം ചെയ്ത ‘കുഞ്ഞാലിമരക്കാർ’ കൊട്ടാരക്കരയുടെയും സാമൂതിരിയായി പകർന്നാടിയ പ്രേംജിയുടെയും അഭിനയ മികവിനാൽ എക്കാലവും ഓർമിക്കപ്പെടും. പൂവളപ്പിൽ നാണു എന്ന സാഹസികന്റെ റോളിൽ പ്രേംനസീറും കാമുകിയുടെ വേഷത്തിൽ ജ്യോതിലക്ഷ്മിയും എത്തി. സാങ്കേതികത ഇന്നത്തേതുമായി താരതമ്യം ചെയ്യുമ്പോൾ ഒരു കടുകുമണിയുടെയത്ര പോലും വലുതല്ലാതിരുന്ന കാലത്തായിരുന്നു അങ്ങനെയൊരു ശ്രമം എന്നതും ഓർക്കണം. അതിന്റെതായ പരിമിതികളും ചിത്രത്തിനുണ്ട്. എങ്കിലും മികച്ച പ്രാദേശിക ചിത്രത്തിനുള്ള രജതകമലം ‘കുഞ്ഞാലിമരക്കാരെ’ തേടിയെത്തി.

kunjali-new-2

ചെന്നൈയിലെ സത്യ, ശ്യാമള സ്റ്റുഡിയോകളിലായാണ് ചിത്രത്തിന്റെ കൂടുതൽ ഭാഗങ്ങളും ചിത്രീകരിച്ചത്. ഒട്ട് ഡോർ ഷൂട്ട് തീരെക്കുറവായിരുന്നു. കെ. പദ്മനാഭൻ നായരുടെതായിരുന്നു തിരക്കഥയും സംഭാഷണവും. ഭാസ്കര റാവുവായിരുന്നു ഛായാഗ്രഹകൻ. 2ലക്ഷത്തിൽ താഴെയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. മനോഹരമായ ഗാനങ്ങളായിരുന്നു ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. അക്കാലത്ത് വലിയ വിജയം നേടിയ ചിത്രമായിരുന്നില്ല ‘കുഞ്ഞാലിമരക്കാർ’. അൻപത്തിനാല് വർഷങ്ങൾക്കിപ്പുറം പുതിയ കുഞ്ഞാലി സ്ക്രീനിലെത്തുമ്പോൾ, സാങ്കേതികത്തികവിൽ ലോക സിനിമയോട് മത്സരിക്കാനുതകുന്ന ഒരു പ്രൊഡക്ടാണ് മലയാളത്തിന് ലഭിച്ചിരിക്കുന്നത്. കാലം സിനിമാ വ്യവസായത്തിലുണ്ടാക്കിയ സകല മാറ്റങ്ങളെയും ഉൾക്കൊള്ളുന്ന സൃഷ്ടി. മികച്ച ഫീച്ചർ ഫിലിമിനും കോസ്റ്റ്യൂമിനും വി.എഫ്.എക്‌സിനുമുള്ള ദേശീയ ബഹുമതികളും സ്വന്തമാക്കിയാണ് മരക്കാർ തിയറ്ററിലെത്തിയിരിക്കുന്നത്. നൂറു കോടി രൂപയോളമാണ് ചിത്രത്തിന്റെ ചെലവ്.

kunjali-new-4

മമ്മൂട്ടിയുടെ കുഞ്ഞാലി

മോഹൻലാൽ–പ്രിയദർശൻ ടീം കുഞ്ഞാലിമരക്കാരുടെ കഥ പറയുന്ന സിനിമ പ്രഖ്യാപിച്ച കാലത്ത് മമ്മൂട്ടിയെ കുഞ്ഞാലി മരക്കാരാക്കി സന്തോഷ് ശിവനും ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു. മലയാളത്തിന്റെ താര ചക്രവർത്തിമാരെ ഒരേ കഥാപാത്രങ്ങളായി രണ്ടു സിനിമകൾ ഒരേ സമയത്ത് പ്രഖ്യാപിക്കപ്പെടുന്നത് അതാദ്യമായായിരുന്നു.

മമ്മൂട്ടി–സന്തോഷ് ശിവൻ ചിത്രം പ്രഖ്യാപിച്ചതോടെ പ്രിയദർശന്‍ തന്റെ പ്രൊജക്ടിൽ നിന്നു പിൻമാറാൻ തീരുമാനിച്ചിരുന്നെങ്കിലും സന്തോഷ് ശിവന്റെ ചിത്രം നീണ്ടു പോകുമെന്നുറപ്പായതോടെയാണ് പ്രിയന്‍ വീണ്ടും തന്റെ കുഞ്ഞാലിയുമായി മുന്നോട്ടു പോയത്. കാലക്രമേണ മമ്മൂട്ടി–സന്തോഷ് ശിവൻ പ്രൊജക്ട് വാർത്തകളിൽ നിന്നകലുകയും ചെയ്തു. എങ്കിലും ആ സിനിമ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും പ്രേക്ഷകർ.