Wednesday 12 September 2018 11:07 AM IST : By സ്വന്തം ലേഖകൻ

ഗൾഫിലേയ്ക്ക് പോയയാൾ വീട്ടുകാരറിയാതെ ചെന്നൈയിലെത്തി; സിനിമ സ്വപ്നം കണ്ട് ജീവിച്ച കുഞ്ഞിക്കയുടെ കഥ

ku

പേരില്ലാത്ത കഥാപാത്രങ്ങളായി ചിരിപ്പിച്ചും ചിന്തിപ്പിച്ചും കണ്ണുകൾ നനയിച്ചും സിനിമയുടെ വെള്ളിവെട്ടത്തിൽ ഓരം ചേർന്ന് നടക്കുന്ന കുറേ മനുഷ്യരുണ്ട്. താരങ്ങളെന്ന വിശേഷണമില്ലാത്ത, ‘പേരറിയാത്തവർ’. ആരെന്നു ചോദിച്ചാൻ നടനെന്നോ നടിയെന്നോ പറയാൻ മടിക്കുന്ന, ജൂനിയർ ആർട്ടിസ്റ്റ് എന്ന സംവരണത്തിൽ ജീവിക്കുന്ന സാധാരണക്കാർ. എങ്കിലും സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം, ഒരു നാൾ തനിക്കും വിലാസമുള്ള ഒരു കഥാപാത്രം ലഭിക്കും എന്ന നിത്യഹരിതമായ പ്രതീക്ഷയിൽ കാലങ്ങൾ തള്ളിനീക്കാൻ അവരെ കരുത്തരാക്കും, ഒടുവിൽ ആരാലും അംഗീകരിക്കപ്പെടാതെ ജീവിതമെന്ന കൊട്ടകയിൽ നിന്ന് മരണത്തിന്റെ വഴിയിലേക്കിറങ്ങി നടന്നു മറയും. അപ്പോൾ ചിലരെങ്കിലും പറയും: ‘‘എനിക്കറിയാം.ആ സിനിമയിൽ ഈ സീനിൽ കണ്ടിട്ടുണ്ട്. പക്ഷേ പേര്...’’

അങ്ങനെ സിനിമയെ പ്രണയിച്ച, അതിന് പിന്നാലെ ജീവിതം പേറി നടന്ന ‘പേരറിയാത്തവരിൽ’ ഒരാളായിരുന്നു കുഞ്ഞുമുഹമ്മദ് എന്ന കുഞ്ഞിക്കയും. ‘ഷൂട്ടിംഗ് സെറ്റിൽ നടൻ കുഴഞ്ഞു വീണ് മരിച്ചു’ എന്ന ഒരു കോളം വാർത്തയോടൊപ്പം ചേർത്ത പടം കണ്ട് പലരും പറഞ്ഞിരിക്കാം: ‘‘ആ സിനിമയിൽ ഈ സീനിൽ കണ്ട...’’

സിനിമാനടനാകാൻ ഒരു ജീവിതം മുഴുവൻ സമർപ്പിച്ച കുഞ്ഞിക്കയെ മരണം ചേർത്ത് പിടിച്ചതും ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച്. വിധി എത്ര സിനിമാറ്റിക്കലാണെന്ന് തോന്നിപ്പിക്കുന്ന മറ്റൊരു വിടവാങ്ങൽ...

68 വയസ്സായിരുന്നു കുഞ്ഞുമുഹമ്മദിന്. പേരില്ലാത്ത കഥാപാത്രങ്ങളായി വെറുതെ ഒരു ഭാര്യയും സ്വപ്ന സഞ്ചാരിയും തുടങ്ങി നൂറലിധികം സിനിമയില്‍ വേഷമിട്ട കുഞ്ഞുമുഹമ്മദ് നടനായും കലാസംവിധായകനായും കഴിഞ്ഞ 35 വര്‍ഷം മലയാള സിനിമയില്‍ നിറഞ്ഞ് നിന്നു. ഇണപ്രാവുകള്‍ എന്ന ചിത്രത്തില്‍ പ്രൊഡക്ഷൻ ബോയിയായി ചലച്ചിത്ര ലോകത്തേക്ക് വന്ന അദ്ദേഹം കമല്‍ സംവിധാനം ചെയ്ത പ്രാദേശിക വാര്‍ത്തകളില്‍ ചെറിയ വേഷത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. തുടർന്ന് കമൽ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യങ്ങളിൽ ഒന്നായി. കമലിന്റെ ശിഷ്യന്മാരായ ലാൽ ജോസ്, ആഷിക് അബു, അക്കു അക്ബർ, സുഗീത് എന്നിവരുടെ ചിത്രങ്ങളിലും അത് തുടർന്നു.

കൊടുങ്ങല്ലൂർ പുളിഞ്ചോട് പടിഞ്ഞാറ് ഭാഗത്ത് പരേതനായ ചുള്ളിപ്പറമ്പിൽ അമ്മു സാഹിബിന്റെ മകന് സിനിമ ലഹരിയും ജീവനിൽ പാതിയുമായിരുന്നു. ചെറുപ്പത്തിൽ ഗൾഫിലേയ്ക്ക് പോയ കുഞ്ഞുമുഹമ്മദ് സിനിമയെന്ന ആഗ്രഹം കൊടുമ്പിരി കൊണ്ടപ്പോൾ വീട്ടുകാരറിയാതെ ചെന്നൈയിലെത്തി. പഴയ മദിരാശിയിൽ സിനിമയുടെ വിളി കാത്ത് ദിവസങ്ങൾ തള്ളിനീക്കിയവരിൽ കുഞ്ഞുമുഹമ്മദുമുണ്ടായിരുന്നു. ട്രങ്ക് ബുക്ക് ചെയ്ത് നാട്ടിലേക്ക് വിളിക്കുമ്പോൾ കേട്ട ബി.ജി.യെമ്മിലെ തമിഴ് പാട്ടിൽ നിന്ന് വീട്ടുകാർ സത്യം മനസ്സിലാക്കിയെങ്കിലും അദ്ദേഹം പിൻമാറിയില്ല.

ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഞാൻ പ്രകാശന്റെ ഷൂട്ടിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ട് 5.55 ന് മരണം ഉറപ്പിക്കുകയായിരുന്നു.