Saturday 21 November 2020 09:10 AM IST : By സ്വന്തം ലേഖകൻ

വൻ ഓഫറുകൾ! ‘കുറുപ്പ്’ ഒടിടി റിലീസിന് ?

kuruppu

ദുൽഖർ സൽമാനെ നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘കുറുപ്പ്’ ഒടിടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്, ഓൺലൈൻ റീലീസിനായി വമ്പൻ ഓഫറുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെൻറ്സും ചേർന്നാണ് നിർമാണം. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമായിരുന്നു കുറുപ്പിന്റെത്.

ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്.

നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിക്കുന്നത്.

ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.