Tuesday 04 August 2020 01:47 PM IST

ഞാൻ മറ്റുള്ളവരുടെ വിശ്വാസങ്ങളിൽ ഇടപെടാറില്ല, എന്നെ അസഭ്യം പറഞ്ഞാൽ തിരിച്ചും പറയും! ലക്ഷ്മി പ്രിയ പറയുന്നു, തെറിക്കുത്തരം മുറിപ്പത്തൽ

V.G. Nakul

Sub- Editor

lakshmi-1

തനിക്കെതിരെ മോശം ഭാഷയിൽ പ്രതികരിച്ചവർക്കെതിരെ നടി ലക്ഷ്മി പ്രിയ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം ക്ഷേത്ര വിശ്വാസവുമായി ബന്ധപ്പെട്ട സംഭവത്തിൽ ലക്ഷ്മിപ്രിയ തന്റെ അഭിപ്രായം പറഞ്ഞതാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. അതേത്തുടർന്ന് ചിലർ താരത്തിനെതിരെ മോശം കമന്റുകളുമായി രംഗത്തെത്തി. ഇതിനെത്തുടർന്നാണ് ലക്ഷ്മിപ്രിയയും ഫെയ്സ്ബുക്കിൽ തന്റെ നിലപാട് വ്യക്തമാക്കി പോസ്റ്റ് ഇട്ടത്. അതാകട്ടെ ജനം ഏറ്റെടുക്കുകയും ചെയ്തു.

ഫെയ്സ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് തുടക്കമിടുമ്പോൾ സംഭവത്തെക്കുറിച്ച് ലക്ഷ്മി ‘വനിത ഓൺലൈനോ’ട് മനസ്സ് തുറക്കുന്നു.

‘‘എനിക്കിതിലൊന്നും സങ്കടം ഇല്ല. ഇതിനൊക്കെ ചുട്ടമറുപടി കൊടുക്കുകയാണ് വേണ്ടത്. നമ്മൾ ഒരു കാര്യം പറയുമ്പോൾ തീർച്ചയായും അതിന് രണ്ട് അഭിപ്രായം വരും. പിന്തുണയ്ക്കുന്നവരും എതിർക്കുന്നവരും ഉണ്ടാകും. അതിൽ ചിലർ‌ വളരെ മോശം ആയി പ്രതികരിച്ചെന്നും വരാം. അവർ അങ്ങനെ ചെയ്തോട്ടെ. എനിക്ക് പ്രശ്നമല്ല. അത് അവരുടെ ഉത്തരവാദിത്വമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പക്ഷേ, കഴിഞ്ഞ ദിവസത്തെ സംഭവത്തിൽ പച്ചത്തെറിയാണ് എന്നെയും കുടുംബത്തെയും വിളിച്ചത്. ഞാൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ എഴുതിയ പോലെ ജീവിക്കുന്ന ആൾക്കാർ ഉള്ളപ്പോൾ, എന്നെപ്പോലെ സ്വന്തം നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന ഒരാൾക്കെതിരെ ഇത്തരം അസഭ്യം നിറഞ്ഞ കമന്റുകളെഴുതാൻ ആരാണ് ഇവർക്ക് അധികാരം കൊടുത്തത്’’. – ലക്ഷ്മി രോഷം കൊള്ളുന്നു.

‘‘നിലപാട് ഓരോരുത്തർക്കും ഓരോ രീതിയിലാകും. എനിക്ക് എന്റെതായ നിലപാടുകളുണ്ട്. ഞാനതിൽ ഉറച്ചു നിൽക്കുകയും ചെയ്യും. ഞാന്‍ ചിന്തിക്കുന്നത് ഇത്തരക്കാർ പറയും പോലെ ആകണം എന്നു പറയുന്ന നയത്തോട് ഒരിക്കലും യോജിക്കാനാകില്ല. ഞാൻ‌ ഒരിക്കലും എന്റെ വിശ്വാസങ്ങളും നയങ്ങളും മറ്റൊരാളിലും അടിച്ചേൽപ്പിക്കാൻ ശ്രമിക്കാറില്ല. ഒരു നിരീശ്വരവാദി എന്റെ സുഹൃത്താണെങ്കിൽ അയാളെ അയാളുടെ ചിന്താഗതിയോടെ ഉൾക്കൊള്ളാൻ ഞാൻ തയാറാണ്. അല്ലാതെ ഞാൻ അയാളെ ബ്രെയിൻ വാഷ് ചെയ്യില്ല. ജാതി മത ചിന്തകളുള്ള ആളല്ല ഞാൻ. ഏത് ആചാര വിശ്വാസത്തിനെതിരെ മോശം നീക്കങ്ങളുണ്ടായാലും വേദനിക്കുന്നവർക്കൊപ്പം നിൽക്കാൻ ഞാൻ തയാറുമാണ്’’. – ലക്ഷ്മി പറയുന്നു.

lakshmi3

‘‘ഒരു സ്ത്രീയെ ഇത്രയും മോശമായ വാക്കുകൾ ഉപയോഗിച്ച് വിമശിക്കുന്നത് എന്ത് ന്യായമാണ്. എന്തായാലും ഇത്തരം പരിഹാസങ്ങളും വിമർശനങ്ങളും കയ്യും കെട്ടി നോക്കി നിൽക്കാനാകില്ല.

സോഷ്യൽ മീഡിയ വരും മുമ്പേ മലയാള സിനിമയിൽ വന്ന ആളാണ് ഞാൻ. സോഷ്യൽ മീഡിയ ഉണ്ടായതിനു മുമ്പേ താരമായ ആളാണ് ഞാൻ. എന്റെ പ്രശസ്തിക്കോ അവസരങ്ങൾക്കോ വേണ്ടി ഞാൻ ഒരിക്കലും സമൂഹമാധ്യമങ്ങളെ ഉപയോഗിച്ചിട്ടുമില്ല. അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയയെ ഭയന്ന് മിണ്ടാതിരിക്കാൻ എനിക്കു പറ്റില്ല. ഇനിയും ഞാൻ എന്റെ അഭിപ്രായങ്ങൾ തുറന്നു പറയും. അതിൽ ആരും വിഷമിച്ചിട്ടു കാര്യമില്ല. അതിന്റെ പേരിൽ എന്നെ തെറി പറഞ്ഞു തോൽപ്പിക്കാമെന്നു കരുതുകയും വേണ്ട.’’ – ലക്ഷ്മി വ്യക്തമാക്കുന്നു.