Saturday 22 September 2018 12:01 PM IST : By സ്വന്തം ലേഖകൻ

‘അദ്ദേഹത്തെ കണ്ടു പിരിഞ്ഞ് മൂന്നാഴ്ച്ച കഴിഞ്ഞിട്ടും ആ എനര്‍ജി എന്നില്‍ നിലനില്‍ക്കുന്നു’; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വിവരിച്ച് മോഹൻലാൽ

mohanlal

പ്രധാനമന്ത്രിയെ കണ്ട് പിരിയുമ്പോള്‍ തനിക്ക് പോസീറ്റീവ് എനര്‍ജി അനുഭവപ്പെട്ടെന്നും പോസീറ്റീവ് എനര്‍ജിക്ക് പാര്‍ട്ടി–മത ഭേദമില്ലെന്നും മനസ്സ് തുറന്ന് ആത്മാര്‍ത്ഥമായി അടുത്തു നിന്നാല്‍ അതെല്ലാവര്‍ക്കും ഉണ്ടാവുമെന്നും പ്രധാനമന്ത്രിയെ കണ്ടു പിരിഞ്ഞു മൂന്നാഴ്ച്ച കഴിഞ്ഞിട്ടും ആ എനര്‍ജി തന്നില്‍ നിലനില്‍ക്കുന്നുണ്ടെന്നും മോഹൻലാൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയുടെ അനുഭവങ്ങള്‍ വിവരിച്ച് ബ്ലോഗിലെഴുതിയ കുറിപ്പിലാണ് മോഹൻലാൽ വാചാലനായത്. പ്രധാനമന്ത്രിയെ സന്ദർശിച്ചതിനെതുടർന്ന് പല ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നെങ്കിലും അതിലൊന്നും മറുപടി പറയുന്നില്ലെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയ കാര്യങ്ങളൊന്നും തന്നെ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ അപേക്ഷിച്ചതനുസരിച്ചാണ് പ്രധാനമന്ത്രിയെ കാണാൻ അനുവാദം ലഭിച്ചതെന്നും മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായരുടേയും അമ്മ ശാന്തകുമാരിയുടേയും പേരിൽ ആരംഭിച്ച വിശ്വശാന്തി ചാരിറ്റിബള്‍ ട്രസ്റ്റിന്റെ പ്രവർത്തനെങ്ങളെക്കുറിച്ചാണ് പ്രധാനമന്ത്രിയുമായി കൂടുതലായും സംസാരിച്ചതെന്നും വിശ്വശാന്തിയുടെ പ്രവർത്തനങ്ങള്‍ പ്രഖ്യാപിക്കുന്ന ചടങ്ങിൽ സ്ഥലത്തുണ്ടെങ്കില്‍ ഉറപ്പായും പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി വാക്ക് നൽകിയതായും ബ്ലോഗിൽ പറയുന്നു.

പ്രളയാനന്തര കേരളത്തില്‍ ട്രസ്റ്റിന്റെ പേരില്‍ ചെയ്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും മോദിയോട് വിശദീകരിച്ചതെന്നും കേരളത്തിലെ ചെറിയ കാര്യങ്ങള്‍ പോലും അദ്ദേഹം മനസ്സിലാക്കി വച്ചിരുന്നുവെന്നത് എന്നെ അത്ഭുതപ്പെടുത്തിയെന്നും രാഷ്ട്രീയഭേദമില്ലാതെ കേരളത്തിനായി എന്തു സഹായവും നല്‍കാമെന്ന് പ്രധാനമന്ത്രി തന്നോട് പറഞ്ഞുവെന്നും ഒരു കാര്യത്തിലും അവകാശവാദം ഉന്നയിക്കാതെ സേവന സന്നദ്ധനായ ഒരു പൗരനെ പോലെയാണ് അദ്ദേഹം പ്രതികരിച്ചതെന്നും മോഹന്‍ലാല്‍ വിവരിക്കുന്നു.