Tuesday 16 October 2018 03:10 PM IST : By സ്വന്തം ലേഖകൻ

‘ജീവിതത്തിലെ നാഴികക്കല്ലാകാന്‍ പോകുന്ന കര്‍മ്മത്തിലാണ് രാജു’; പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ

birth

മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാലും. ലൂസിഫറിന്റെ അണിയറ പ്രവർത്തകർക്കൊപ്പം, പൃഥ്വിരാജിന് ആശംസകൾ നേരുന്ന വിഡിയോ തന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിലാണ് താരം ആരാധകരുമായി പങ്കു വച്ചത്.

ലൂസിഫറിന്റെ ലൊക്കേഷനിലാണ് ഈ വർഷം പൃഥ്വിയുടെ പിറന്നാള്‍. ആന്റണി പെരുമ്പാവൂര്‍,മുരളി ഗോപി തുടങ്ങിയവരും വിഡിയോയിൽ പൃഥ്വിക്ക് ആശംസകൾ നേരുന്നുണ്ട്.

‘‘പ്രിയപ്പെട്ട രാജു, രാജുവിന്റെ ജീവിതത്തിലെ നാഴികക്കല്ലാകാന്‍ പോകുന്ന കര്‍മ്മത്തിലാണ് രാജു ഇപ്പോള്‍, ഇത്രയും തിരക്കുളള നടന്‍ തന്റെ സ്വപ്നത്തിനായി സമയം മാറ്റിവെച്ചിരിക്കുകയാണ്. ലൂസിഫറിനും രാജുവിനും എല്ലാവിധ ആശംസകളും’’.– മോഹന്‍ലാല്‍ പറഞ്ഞു.

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമാണ് മോഹൻലാൽ നായകനാകുന്ന ലൂസിഫർ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. പൃഥ്വിരാജിന്റെ 36 –ാം പിറന്നാളാണ് ഇന്ന്.