Saturday 25 September 2021 02:13 PM IST : By സ്വന്തം ലേഖകൻ

നിന്റെ... എന്റെ... നമ്മുടെ ഇരുപതു മിനിട്ടുകൾ; പെൺയാത്രകളെ തമാശയെന്നോ, വാശിയെന്നോ കരുതി നിസാരമായി കാണരുത്, ശ്രദ്ധേയമായി ഹ്രസ്വചിത്രം

rockkk443dfggggf

ലോകം മുഴുവൻ അടച്ചിരുന്നപ്പോഴും കലാപ്രവർത്തകരുടെ മനസുകൾ അടഞ്ഞു പോയിരുന്നില്ല. പരിമിതികൾക്കും നിയന്ത്രണങ്ങൾക്കും ഉള്ളിൽ അവർ പുതിയ ആശയങ്ങൾ അന്വേഷിച്ചു കൊണ്ടേയിരുന്നു. അത്തരമൊരു യാത്രയാണ് ലൈഫ് ഓൺ ദി റോക്സ് എന്ന ഇരുപത് മിനിട്ട് ഹ്രസ്വ ചിത്രമായി മാറിയത്. സംവിധായകൻ ശ്രീജേഷ് പ്രഭാതിന്റെ ആശയത്തിന് ഒപ്പം കൂടാൻ ഒരു കൂട്ടം ചെറുപ്പക്കാരുണ്ടായിരുന്നു. പുതിയ കാലത്തിനും ആശയത്തിനുമൊപ്പം നിൽക്കാൻ കാക്കനാട് ആസ്ഥാനമായ cafe viibee തയ്യാറായതോടെ ലൈഫ് ഓൺ ദി റോക്സിന് ജീവൻ വച്ചു തുടങ്ങി.

ഹക്കീം ഷാജഹാൻ, വിഷ്ണു അഗസ്ത്യ  എന്നിവരോടൊപ്പം നീതു നടുവത്തേറ്റും ഹൃഷികേശ് അനിൽകുമാറും ഈ ഹ്രസ്വ ചിത്രത്തിന്റെ ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുണ്ട് . ക്യാമറയ്ക്ക് പിന്നിലെ കലാസംവിധായകന്റെ ഉത്തരവാദിത്തത്തിനു പുറമേ സനൂപ് പടവീടനും  ഇവർക്കൊപ്പം രംഗത്തെത്തുന്നു. 2021 ആഗസ്റ്റ് 28 ന് viibee യുടെ യൂടൂബ് ചാനലിലൂടെ റിലീസ് ചെയ്യപ്പെട്ട ലൈഫ് ഓൺ ദി റോക്സ് ഒരു മാസത്തിനുള്ളിൽ രണ്ടര ലക്ഷത്തിനു മേൽ കാഴ്ച്ചക്കാരെയാണ് സാമ്പാദിച്ചത്. ആവർത്തന വിരസതയില്ലാതെ ലളിതമായി രൂപപ്പെടുത്തിയ ആ ഇരുപതു മിനിട്ടുകൾ ആഴത്തിൽ തൊട്ടുപോയ പലരും സോഷ്യൽ മീഡിയൽ പങ്കുവച്ചു.

മഞ്ജു വാര്യർ,അമല പോൾ,റിമ കല്ലിങ്കൽ, സംയുക്ത മേനോൻ,നിഖില വിമൽ, തൻവി റാം, അതിഥി രവി,ആര്യ,മഞ്ജു പിള്ള തുടങ്ങിയവരുടെ വൈകാരികവും സ്നേഹവും നിറഞ്ഞ വാക്കുകൾ ലൈഫ് ഓൺ ദി റോക്സിന്റെ പരസ്യങ്ങളായി മാറി. പെൺയാത്രകളെ തമാശയെന്നോ വാശിയെന്നോ നിസാരമായി കാണുന്നവരെ നിശബ്ദമായി തിരുത്തുകയാണ് സംവിധായകൻ. അടുത്തറിയുന്ന പെൺജീവിതങ്ങളുടെ പശിമയിൽ നിന്നാണ് അദ്ദേഹം ശ്രുതിയെന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയത്. സമയം നൽകലിൽ സ്നേഹത്തിന്റെ ചൂടുണ്ടെന്നും മുൻഗണനകളിൽ പെണ്ണിഷ്ടങ്ങൾ കൂടിയുണ്ടെന്നും സൗകര്യപൂർവം മറന്നു കളയുന്നവരെ ഈ ചിത്രം ഉലയ്ക്കാതെ പോകില്ല.

മുദ്രാവാക്യങ്ങളോ ശാക്തീകരണ പ്രസംഗങ്ങളോ ഒന്നുമില്ലാതെ ലളിത സുന്ദരമായാണ് ലൈഫ് ഓൺ ദി റോക്സ് നമ്മുടെ മുന്നിലെത്തുന്നത്. അതുകൊണ്ടു തന്നെ ശ്രുതിയുടേയും വിവേകിന്റേയും വീടും അതിലെ വെളിച്ചവും നമ്മുടെ ജീവിതത്തിൽ നിന്ന് അടർന്നതാകുന്നു. സ്നേഹം തുളുമ്പിയ നിമിഷങ്ങളും കൊച്ച് കൊച്ച് സന്തോഷങ്ങളും കെട്ടിപ്പിടിക്കാൻ തോന്നുന്ന കുറ്റബോധങ്ങളും ചുറ്റിപ്പടർന്ന എന്റേയും നിന്റേയും ജീവിതത്തിലെ ഇരുപതു നിമിഷങ്ങൾ. നമ്മൾ തിരുത്തിയെടുക്കേണ്ട ഇരുപത് നിമിഷങ്ങൾ..

ശ്രീജേഷ് പ്രഭാത് രചനയും സംവിധാനവും നിർവഹിച്ച ചിത്രം നിർമ്മിച്ചത്‌ വിമൽ ടി കെ യും അശ്വിൻ ആനന്ദും ചേർന്നാണ്. ധനേഷ് മോഹൻ, രതിൻരാധാകൃഷ്ണൻ,വിനു ഉദയ്,നിഖിൽ വർമ്മ,അനന്ദു ചക്രവർത്തി,അരുൺ ശങ്കർ,മോനിഷ മോഹൻ മേനോൻ എന്നിവരാണ് മുഖ്യ അണിയറ പ്രവർത്തകർ.

Tags:
  • Movies