Thursday 13 August 2020 01:38 PM IST

ലിജോ ജോസ് പെല്ലിശ്ശേരി നിർമിക്കുന്ന ‘ഒരു തുടക്കത്തിന്റെ കഥ’ ; ആനിമേഷൻ ചിത്രവുമായി ബാലരാം

Shyama

Sub Editor

sya

"കുട്ടിക്കാലത്തെ ഓർമയും യവ്വനത്തിലെ ചോദ്യങ്ങൾക്കുള്ള ഉത്തരവും ഇഴപിരിഞ്ഞു വന്നൊരു മൊമെന്റിൽ നിന്നാണ് 'ഒരു തുടക്കത്തിന്റെ കഥ' പിറന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിന്ന് ഇക്കൊല്ലം പഠിച്ചിറങ്ങിയ ബാലരാമിന്റെ ഗ്രാജുവേഷൻ പ്രൊജക്റ്റ്‌ ആണ് ഈ ഷോർട് ഫിലിം. കേരളത്തിലെ നാട്ടിൻപുറം പശ്ചാത്തലമായി വരുന്ന സിനിമ ഇതിനോടകം നോട്ടിങ്ഹാം ആർട്സ് മേള, ബംഗ്ലാദേശ് ഇന്റർനാഷണൽ ഇന്റർയൂണിവേഴ്സിറ്റി ഷോർട് ഫിലിം ഫെസ്റ്റിവൽ, റെവല്യൂഷൻ മി ഫിലിം ഫെസ്റ്റിവൽ, ഓസ്കറിലേക്കുള്ള ക്വാളിഫയിങ്ങ് ഫെസ്റ്റിവൽ ആയ ബാംഗ്ലൂരു ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും ഇടം നേടിക്കഴിഞ്ഞു.

"ജെല്ലിക്കെട്ടിൽ ലിജോ ചേട്ടന് വേണ്ടി അനിമേഷൻ ചെയ്തിട്ടുണ്ട്. എന്ത് തരം കലകളെയും വളരെയധികം ബഹുമാനിക്കുകയും അതിനെ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന ആളാണ് ലിജോ ജോസ് പെല്ലിശേരി. ചേട്ടന്റെ സാമ്പത്തികവും ബുദ്ധിപരവുമായ സഹായം ഈ സിനിമയിലുണ്ട്.

ഇത് ശരിക്കും എന്റെ കുട്ടിക്കാലത്ത് നടന്ന കഥയാണ്. ഞാനും ഒരു സുഹൃത്തും ഒരു ചെറിയ തോടിന്റെ ഉറവിടം കണ്ടുപിടിക്കാനിറങ്ങി.... ആ ഓർമ ഡെവലപ്പ് ചെയ്തെടുത്തതാണിത്. ഒരു സമയത്ത് നമ്മുടെ നാട്ടിൽ ജാതിയുടെയും മതത്തിന്റെയും ഒക്കെ പേര് പറഞ്ഞ് ആളുകൾ തമ്മിൽ തല്ലുന്നതൊക്കെ കാണേണ്ടിയും വന്നു. ആളുകളെ ഒരുമിപ്പിച്ച് നിർത്താനും ജീവിതത്തെ മുന്നോട്ട് നയിക്കാനുള്ള മൂല്യങ്ങൾ പറഞ്ഞ് തരുന്ന പവിത്രമായ കാര്യത്തിന്റെ പേരിൽ മനുഷ്യർ തമ്മിലടിക്കുന്ന കാഴ്ച്ച!

വളരെ നിഷ്കളങ്കമായൊരു ഓർമയുടെയും വളരെ ആഴമുള്ളൊരു ചിന്തയുടെയും കണ്ണികൾ തമ്മിൽ കൂട്ടിമുട്ടിയപ്പോഴാണ് ആ കഥ ഞാൻ ലിജോ ചേട്ടനോട് പറയുന്നത്. അദ്ദേഹത്തിന് അത് ഇഷ്ടമായി അതാണ് ഈ സിനിമയുടെ തുടക്കം. ഇതിലെ ഓരോ ഫ്രെയിമും ഡിജിറ്റൽ ആയി വരച്ചെടുക്കുകയായിരുന്നു. ഹാൻഡ് ഡ്രോൺ അനിമേഷൻ എന്നാണ് അതിന്റെ പേര്. അതിനാണ് കുറേ സമയം എടുത്തതും. 11 മിനിറ്റ് 48 സെക്കന്റ്‌ ആണ് സിനിമ. 2019 ഫെബ്രുവരി 22ന് തുടങ്ങിയ ജോലികൾ 2020 ഫെബ്രുവരി 22നാണ് തീരുന്നത്. എന്റെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സിനിമ കാണാനുള്ള ലിങ്ക് ഉണ്ട്.

മാറ്റങ്ങൾ നമ്മളിൽ നിന്ന് തുടങ്ങട്ടെ

ലിജോ ചേട്ടനോടൊപ്പം ഇനി വർക്ക്‌ ചെയ്യുന്നത് ചുരുളിയിലാണ്. ഭയങ്കര സ്വാതന്ത്ര്യം തരുന്നൊരാളാണ് പുള്ളി. ചേട്ടന്റെ സിനിമയിൽ ജോലി ചെയ്യുന്നു എന്ന തോന്നലിനേക്കാൾ നമ്മുടെ സ്വന്തം സിനിമ ചെയ്യുന്നൊരു ഫീൽ ആയിരുന്നു ഒപ്പം ജോലി ചെയ്യുമ്പോൾ. നമ്മുടെ അഭിപ്രായം കേൾക്കാൻ വരെയുള്ള സ്പേസ് അദ്ദേഹം ഉണ്ടാക്കുന്നുണ്ട്. ഈ സിനിമ ചെയ്തപ്പോഴും പറഞ്ഞൊരു കാര്യം 'ആദ്യം തോന്നുന്ന ആ കുസൃതിയിൽ അങ്ങ് പോവണം ഒരുപാട് ചിന്തിച്ചാൽ ചിലപ്പോൾ എങ്ങുമെത്തില്ല' എന്നാണ്. ഒരുപാട് പേർ സിനിമയുടെ സംഗീതത്തെ കുറിച്ച് ചോദിക്കുന്നുണ്ട്, ശ്രീരാഗ് സജി ആണ് സംഗീതം. സൗണ്ട് ചെയ്തത് രംഗനാഥ് രവി, ടെക്നിക്കൽ അസ്സിസ്റ്റൻസ് തന്നത് യുനോയ്ൻസ്, ഫസൽ എ ബക്കർ ആണ് സൗണ്ട് മിക്സിങ്ങ് ചെയ്തത്.

ഞാൻ ജനിച്ചു വളർന്നതൊക്കെ എറണാകുളം ഓണക്കൂർ എന്ന സ്ഥലത്താണ്, ഇപ്പൊ ജോലിയുടെയൊക്കെ ആവശ്യത്തിനായി താമസിക്കുന്നത് കളമശ്ശേരിയിലാണ്. അച്ഛൻ ആർ.ജഗതീഷ് റിട്ടയേർഡ് കോളേജ് അധ്യാപകൻ, അമ്മ വത്സല കുമാരി, എസ്ബിഐയിലാണ്. ചേച്ചി ചാരുത സി.എ. ഫൈനൽ പരീക്ഷയിക്കുള്ള തയ്യാറെടുപ്പിലാണ്. അനിമേഷൻ ഫിലിം ഡിസൈൻ ആണ് ഞാൻ പഠിച്ചത്. ഒരുപാട് മികച്ച വർക്കുകൾ നമുക്കിടയുലുള്ളവർ ചെയ്യുന്നുണ്ട്. എന്നാലും ജനങ്ങൾക്ക് പൊതുവെ വെസ്റ്റേൺ പേരുകളോടും രീതികളോടും വല്ലാത്തൊരു തരം ഭ്രമമുണ്ട്. 'ഇത് കുട്ടികളുടെ കാർട്ടൂൺ അല്ലേ' എന്നുള്ള രീതിയിലാണ് ഇവിടെയുള്ളതിനെയൊക്ക നോക്കികാണുന്നത്. അത് മാത്രമല്ല അനിമേഷൻ എന്ന് സ്വയം ഒന്ന് നോക്കിയാൽ മനസിലാകും, ഒറ്റയടിക്ക് നമ്മുടെ കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യാനുള്ള പ്രാപ്തിയുള്ള വർക്കുകകൾ ഇന്നാട്ടിൽ ഉണ്ടാകുന്നുണ്ട്.

എന്റെ ഈ സിനിമയിൽ കുട്ടികളുടെ സ്കിൻ ടോൺ ചെയ്തിരിക്കുന്നത് വളരെ ശ്രദ്ധിച്ചാണ്. നമുക്ക് എപ്പോഴും വെളുപ്പിനോട് വല്ലാത്തൊരു 'സ്നേഹമാണ്'. അത്തരം വേർതിരിവുകൾ ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ എങ്കിലും ഉണ്ടാകരുതെന്ന വാശിയുണ്ട്. നമുക്കൊക്കെ ഇവിടെ പലതും ചെയ്യാനുണ്ട്, തിരുത്താനുണ്ട്. നിശ്ചലമായി കിടക്കുന്നിടത്ത് ഒരു ചെറിയ കല്ലിന് വരെ ഓളങ്ങൾ ഉണ്ടാക്കാൻ സാധിക്കും...

Tags:
  • Movies