Wednesday 12 December 2018 02:38 PM IST : By സ്വന്തം ലേഖകൻ

ലൂസിഫറിന്റെ ആദ്യ ടീസർ ഡിസംബർ 13 ന്! ചെകുത്താന്റെ സംഖ്യ തിരഞ്ഞെടുത്തതിനു പിന്നിൽ!

lucifer-lal

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ ആദ്യ ടീസർ നാളെ പുറത്തുവിടും. അന്ധവിശ്വാസം കൂടുതലുള്ള സിനിമാ പ്രവർത്തകർ ടീസർ പുറത്തുവിടാൻ 13 എന്ന സംഖ്യ തിരഞ്ഞെടുത്തതിന്റെ ആശയക്കുഴപ്പത്തിലാണ് പ്രേക്ഷകർ. നമ്പർ 13 ചെകുത്താനുമായി ബന്ധപ്പെട്ടതാണ് എന്നാണ് പൊതുവെയുള്ള വിശ്വാസം. ഏറ്റവും ദോഷകരമായ ദിവസമായാണ് ആളുകൾ കണക്കാക്കാറ്. അതുകൊണ്ടുതന്നെ നല്ല കാര്യങ്ങൾ 13 ന് ചെയ്യാറില്ല.

അതേസമയം ഡിസംബർ 13 തന്നെ ലൂസിഫറിന്റെ ടീസർ റിലീസിനായി തിരഞ്ഞെടുത്തത് മനഃപൂർവമാണെന്നാണ് അണിയറ സംസാരം. സിനിമയുടെ തീം ഇതുമായി ബന്ധപ്പെട്ടതാണ്. കൂടാതെ ബൈബിളുമായി ബന്ധപ്പെട്ട ചില പ്രത്യേകതകളും ഈ ദിവസത്തിനുണ്ട്. 13/12/2018 എന്ന തീയതിയിലെ 13–ഉം 18–ഉം മാത്രമെടുക്കുക. ലൂസിഫർ എന്ന പേര് പരാമർശിച്ചിരിക്കുന്ന ബൈബിളിലെ വെളിപാട് എന്ന ഭാഗത്തിന്റെ 13–ാം അധ്യായത്തിലെ 18–ാം വാക്യം ഇങ്ങനെയാണ്; ‘‘ഉൾക്കാഴ്‌ചയുള്ളവൻ കാട്ടുമൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടിയെടുക്കട്ടെ. അത്‌ ഒരു മനുഷ്യന്റെ സംഖ്യയാണ്‌. 666 ആണ്‌ അതിന്റെ സംഖ്യ. ജ്ഞാനമുള്ളവർക്കു മാത്രമേ അതു മനസ്സിലാകൂ.’’

ഈ വാക്യത്തിൽ പരാമർശിച്ചിരിക്കുന്ന 666 എന്ന സംഖ്യ ചെകുത്താന്റെ സംഖ്യയായാണ് കരുതപ്പെടുന്നത്. ലൂസിഫറിൽ മോഹൻലാലിന്റെ കഥാപാത്രം ഉപയോഗിച്ചിരിക്കുന്ന കറുത്ത നിറമുള്ള അംബാസിഡർ കാറിന്റെ നമ്പർ KLT 666 ആണ്. ടീസർ റിലീസ് അറിയിച്ച പോസ്റ്ററിലും ഈ കാറാണ് പ്രധാന ചിത്രമായി കൊടുത്തിരിക്കുന്നത്. ഇത്തരത്തിൽ നോക്കിയാൽ ഈ നമ്പറും അതിന്റെ പ്രത്യേകതയും ബൈബിളിലെ വാക്യവും എല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നുവേണം കരുതാൻ.