Friday 21 September 2018 03:44 PM IST : By സ്വന്തം ലേഖകൻ

15 ദിവസം, 2.50 കോടി, 100 കാറുകൾ, 5000 അഭിനേതാക്കൾ; ലൂസിഫറിലെ ‘ഒന്നൊന്നര സീൻ’ ഒരുങ്ങുന്നു: വിഡിയോ

lll

ഓരോ ദിവസവും പുതുപുത്തൻ വാർത്തകളുമായി പ്രേക്ഷകരെ പ്രതീക്ഷയുടെയും ആകാംക്ഷയുടെയും തുമ്പത്തെത്തിക്കുകയാണ് ലൂസിഫർ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്നു എന്നത് മാത്രം മതി ഹൈപ്പ് അതിന്റെ പരകോടിയിലെത്താൻ. എന്നാൽ അവിടം കൊണ്ടൊന്നും തീരുന്നില്ല വിശേഷങ്ങൾ. ഇപ്പോഴിതാ 5000 അഭിനേതാക്കളുമായി ഒരു കോലമാസ് സീൻ ചിത്രീകരിക്കുകയാണ് സംവിധായകൻ പൃഥി. 5000 ജൂനിയർ ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്ന ഈ മെഗാസീനിന്റെ ഷൂട്ടിങ് തിരുവനന്തപുരം അടിമാലതുറ ബീച്ചിൽ പുരോഗമിക്കുന്നു.

ആദ്യ ഷെഡ്യൂള്‍ കൊച്ചിയിൽ പൂർത്തിയാക്കിയതിനു ശേഷമാണ് ലൂസിഫർ ടീം തിരുവനന്തപുരത്തേക്ക് ലൊക്കേഷൻ ഷിഫ്റ്റ് ചെയ്തത്. നൂറു കണക്കിന് കാറുകളും ആയിരക്കണക്കിന് ജൂനിയർ ആർട്ടിസ്റ്റുകളുമാണ് ഈ രംഗത്തിലുള്ളതത്രേ.

സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട രംഗങ്ങളിലൊന്നാണിതെന്നും രണ്ടരക്കോടി രൂപയാണ് ഈ രംഗത്തിന്റെ നിർമാണച്ചിലവെന്നും ജൂനിയർ ആർട്ടിസ്റ്റുകളുടെ പ്രതിഫലം മാത്രം രണ്ടു കോടിയോളം വരുമെന്നും 15 ദിവസമായി ഈ സീനിന്റെ ചിത്രീകരണത്തിലാണ് പൃഥിയും സംഘവുമെന്നുമാണ് റിപ്പോർട്ടുകൾ.

“സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യപ്പെടുന്ന ലൂസിഫര്‍ ലൊക്കേഷന്‍ ചിത്രങ്ങളിലെല്ലാം നിറയെ ജനക്കൂട്ടത്തെ പ്രേക്ഷകര്‍ കണ്ടിരിക്കും, അത് ലാലേട്ടന്‍ നായകനാകുന്ന ചിത്രമായതുകൊണ്ടുമാത്രല്ല, മറിച്ച് അത്തരത്തില്‍ ജനക്കൂട്ടത്തിന്റെ ആവശ്യമുള്ളൊരു സിനിമയായതുകൊണ്ടുകൂടി ആണെന്ന്” പൃഥ്വിരാജ് ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞിരുന്നു.

മഞ്ജു വാര്യരാണ് ലൂസിഫറിലെ നായിക. ടൊവിനോ തോമസ്, ഇന്ദ്രജിത്, ബോളിവുഡ് താരം വിവേക് ഒബ്റോയ് തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ട്. മുരളി ഗോപി തിരക്കഥയെഴുതി ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും.