Friday 29 November 2024 10:36 AM IST : By സ്വന്തം ലേഖകൻ

‘വിവാദത്തിനു പിന്നിൽ ദുരുദ്ദേശങ്ങൾ ഉണ്ടെങ്കിൽ അന്വേഷിപ്പിക്കപ്പെടണം’: പ്രതികരിച്ച് ലുക്മാൻ അവറാൻ

lukman

സണ്ണി വെയിൻ, ലുക്ക്മാൻ, ഹരിശ്രീ അശോകന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ‘ടര്‍ക്കിഷ് തര്‍ക്കം’ എന്ന സിനിമ തിയറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിൻവലിച്ചത് വലിയ ചർച്ചയായിരുന്നു.

മതനിന്ദ ആരോപിച്ച് ചിത്രത്തിന്റെ നിർമാതാവിനും സംവിധായകനും അടക്കം ഭീഷണിയുണ്ടായതിനെ തുടർന്നാണ് തീരുമാനമെന്നായിരുന്നു അണിയപ്രവർത്തകർ പറഞ്ഞത്.

ഇപ്പോഴിതാ, സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലുക്മാൻ അവറാൻ.

‘ഞാൻ അഭിനേതാവായ ടർക്കിഷ് തർക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന നിർഭാഗ്യകരമായ ചർച്ചകൾ ശ്രദ്ധയിൽ പെട്ടു. രണ്ടര വർഷം മുമ്പ് ചിത്രീകരണം തുടങ്ങിയ സിനിമയാണത്. റിലീസ് ചെയ്ത ശേഷം തിയേറ്ററിൽ നിന്നും ഈ സിനിമ പിൻവലിച്ചത് നിർമ്മാതാവിന്റെയും സംവിധായകനെയും കൂട്ടായ തീരുമാനമാണ് എന്നാണ് എന്റെ അറിവ്.

അതിലെ അഭിനേതാവ് എന്ന നിലയിൽ സിനിമ പിൻവലിക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഉത്തരവാദിത്ത പെട്ടവരിൽ നിന്ന് വ്യക്തമായ ഒരു ഉത്തരം എനിക്ക് കിട്ടിയില്ല.

ഈ സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണി എനിക്കോ എന്റെ അറിവിലുള്ള ആർക്കെങ്കിലുമോ വന്നതായി അറിവുമില്ല.

അതുകൊണ്ട് തന്നെ ആ സിനിമയിലെ ഒരു അഭിനേതാവ് എന്നതിനപ്പുറം ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ എനിക്ക് യാതൊരു പങ്കും ഇല്ല എന്ന വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.

ഈ സിനിമയായി ബന്ധപ്പെട്ട നടക്കുന്ന വിവാദത്തിനു പിന്നിൽ എന്തെങ്കിലും ദുരുദ്ദേശങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം അന്വേഷിപ്പിക്കപ്പെടണം എന്ന് തന്നെയാണ് നിലപാട്’.– ലുക്മാൻ കുറിച്ചു.

സിനിമ കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകരെ ചിലര്‍ തടയുന്ന അവസ്ഥയാണെന്നും ജനങ്ങളെ സത്യാവസ്ഥ ബോധിപ്പിച്ച ശേഷം വീണ്ടും ചിത്രം പുറത്തിറക്കുമെന്നും അണിയറപ്രവർത്തകർ പറഞ്ഞത്. നവാഗതനായ നവാസ് സുലൈമാൻ ആണ് ചിത്രത്തിന്റെ സംവിധാനം.