Wednesday 20 March 2019 06:29 PM IST : By സ്വന്തം ലേഖകൻ

ഉറപ്പിച്ചോ, വിഷുവിന് രാജയുടേയും പിള്ളേരുടേയും മാസ് വെടിക്കെട്ട്; ആവേശമായ് മധുരരാജ; ടീസർ

madhura-raja

കാത്തിരിപ്പ് വെറുതെയായില്ല. പ്രേക്ഷകലക്ഷങ്ങളെപ്രതീക്ഷകളുടെ പരകോടിയിലേറ്റി മധുരരാജയുടെ മാസ് എൻട്രി. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ് മസാല ഹിറ്റ് മധുരരാജയുടെ ടീസർ പ്രേക്ഷകരിലേക്കെത്തി. നാൽപ്പത്തിമൂന്ന് സെക്കന്റ് ദൈർഘ്യമുള്ള ടീസറിൽ മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങളും തീപ്പൊരി ഡയലോഗുമാണ് നിറഞ്ഞു നിൽക്കുന്നത്.

മധുര വരെ പോകണമെന്നില്ല, അന്നും ഇന്നും എന്നും രാജയും രാജയുടെ പിള്ളേരും സ്ട്രോങ്ങാണെന്ന മമ്മൂട്ടിയുടെ ഡയലോഗ് ആണ് ടീസറിന്റെ ഹൈലൈറ്റ്. പൂർണമായും മമ്മൂട്ടി ആരാധകര്‍ക്ക് വേണ്ടിയുള്ള മാസ് ടീസറായിരിക്കും റിലീസ് ചെയ്യുകയെന്ന് സംവിധായകന്‍ വൈശാഖ് നേരത്തെ അറിയിച്ചിരുന്നു.

പുലിമുരുകന്റെ വൻ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്‌ൻ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജയുടെ വരവ്. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ഇതിനു പുറമെ മലയാളം , തമിഴ് , തെലുങ്ക് ഭാഷകളിലെ വൻ താരനിരയും അണിനിരക്കുന്നു.

അനുശ്രീ, മഹിമ നമ്പ്യാർ , ഷംന കാസിം എന്നിവരാണ് നായികമാർ. ആർ.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവൻ,സലിം കുമാർ, അജു വർഗീസ്, ധർമജൻ , ബിജു കുട്ടൻ, സിദ്ധിഖ്, എം. ആർ ഗോപകുമാർ, കൈലാഷ്,ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവർ മറ്റു പ്രധാന താരങ്ങളാകുന്നു. സണ്ണി ലിയോൺ ഐറ്റം ഡാൻസുമായി ചിത്രത്തിൽ എത്തുന്നുണ്ട്.

ഷാജി കുമാർ ഛായാഗ്രഹണം, സംഗീതം ഗോപി സുന്ദർ, കലാ സംവിധാനം ജോസഫ് നെല്ലിക്കൽ,സൗണ്ട് ഡിസൈൻ പി എം സതീഷ്,പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹ, എക്സി . പ്രൊഡ്യൂസർ വി എ താജുദീൻ, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, കോസ്റ്റിയൂം സായ്,ഗാനരചന -മുരുഗൻ കാട്ടാക്കട , ഹരി നാരായണൻ. നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പ് നിർമിക്കുന്ന ചിത്രം യു.കെ സ്റ്റുഡിയോസ് വിതരണത്തിനെത്തിക്കും. ചിത്രം വിഷുവിന് തീയറ്ററുകളിലെത്തും.