Saturday 08 September 2018 10:44 AM IST : By സ്വന്തം ലേഖകൻ

‘എന്റെ പതിനെട്ടാം വയസിൽ അമ്മ വീണ്ടും ഗർഭിണി’; ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യത്തിന്റെ ഓർമ്മയിൽ മഡോണ

madonna

‘എനിക്ക് പതിനെട്ട് വയസുള്ളപ്പോഴാണ് ആ സർപ്രൈസ് വാർത്തറിയുന്നത്. മമ്മി ഗർഭിണിയാണെന്ന് ഡാഡി പറയുമ്പോൾ വിശ്വസിക്കാനായില്ല. ഒടുവിൽ സ്കാൻ റിപ്പോർട്ടോടു കൂടി ഡാഡി കാണിക്കുമ്പോഴാണ് വിശ്വാസം വന്നത്.’

അധികമാർക്കും ലഭിക്കാത്ത ഒരു ഭാഗ്യം തനിക്ക് ലഭിച്ച കഥ പറയുകയാണ് മലയാളത്തിന്റെ പ്രിയതാരം മഡോണ സെബാസ്റ്റ്യൻ. ഒറ്റക്കുട്ടിയായി കാലം കഴിക്കേണ്ടി വരുമല്ലോ എന്ന് കരുതിയിരിക്കുമ്പോഴാണ് ദൈവം ഞങ്ങളുടെ കുടുംബത്തിൽ ആ വലിയ സർപ്രൈസ് നൽകുന്നത്. തന്റെ ജീവിതത്തിലെ മഹാഭാഗ്യവും ഏറ്റവും വലിയ സന്തോഷ വാർത്തയും അതായിരുന്നുവെന്നും മഡോണ ഓർത്തെടുക്കുന്നു. ഒരു സ്വകാര്യചാനലിനും നൽകിയ അഭിമുഖത്തിലാണ് മഡോണ മനസു തുറന്നത്.

മഡോണയുടെ വാക്കുകള്‍

പതിനെട്ട് വര്‍ഷത്തോളം ഒറ്റക്കുട്ടിയായി വന്ന് പെട്ടെന്ന് ഒരു ദിവസം അച്ഛന്‍ പറയുകയാണ് ‘ഡോണ ഒരു വാര്‍ത്തയുണ്ട്, അമ്മ ഗര്‍ഭിണി ആണെന്ന്’. അച്ഛന്റെ കൈയ്യില്‍ റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. എനിക്ക് എന്താണ് പ്രതികരിക്കേണ്ടതെന്ന് അറിയില്ലായിരുന്നു. ശരിക്കും ഞാൻ സന്തോഷിക്കേണ്ട സമയമാണ്. പക്ഷെ ആ നിമിഷം നിർവികാരതയാണ് തോന്നിയത്. 

 എനിക്ക് ചിരി വരുന്നില്ല. എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല, അതായിരുന്നു എന്റെ പ്രതികരണം.

ഞാന്‍ എന്നോട് തന്നെ പറയുന്നുണ്ട്. ഒരുപാട് ചിന്തിച്ച് തലപ്പുണ്ണാക്കുന്നതിന്  പകരം നീയെന്താ സന്താഷിക്കാത്തതെന്ന്. പക്ഷേ ഒറ്റക്കുട്ടിയായി വളർന്ന ഒരാൾക്ക് ഈ വാർത്ത അങ്കലാപ്പ് ഉണ്ടാക്കില്ലേ? 

പക്ഷേ എത്ര പേര്‍ക്കുണ്ട് ഈ ഭാഗ്യം. അമ്മ ഗര്‍ഭിണി ആകുന്നത് ഞാന്‍ കണ്ടു. ഒരു രാജ്ഞിയെപ്പോലെ ആയിരുന്നു. ഒരു നീല വസ്ത്രമണിഞ്ഞ് വലിയ വയറൊക്കെയായി അമ്മ ആകാശം നോക്കി നില്‍ക്കുന്ന ഒരു ചിത്രമുണ്ട്. അതെനിക്കേറെ ഇഷ്ടമാണ്– മഡോണ പറയുന്നു.