Monday 11 February 2019 09:58 AM IST : By സ്വന്തം ലേഖകൻ

അവസരങ്ങൾക്കായി കാത്തു നിൽക്കാതെ മഹേഷ് പോയി! ജീവിതം മുന്നോട്ടു കൊണ്ടുപോയത് ഗുസ്തി മത്സരങ്ങളില്‍ പങ്കെടുത്ത്

mahesh-new

നടൻ മഹേഷ് ആനന്ദിനെ മുംബൈ അന്ധേരി വെര്‍സോവയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത് ബോളിവുഡിനെയാകെ ഞെട്ടിക്കുന്ന വാർത്തയായിരുന്നു. വില്ലൻ വേഷങ്ങളിലൂടെ, തൊണ്ണൂറുകളിൽ ബി. ടൗണിലെ സ്ഥിരം സാന്നിധ്യമായിരുന്ന മഹേഷിന്റെ മൃതദേഹം അഴുകാൻ തുടങ്ങിയ നിലയിലായിരുന്നു.

മരണകാരണം അറിവായിട്ടില്ല. വീട്ടിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കുറച്ചുനാളുകളായി മഹേഷ് തനിച്ചാണ് താമസം. ഭാര്യ മോസ്കോയിലാണ്.

നായകനോളം സുന്ദരനായ വില്ലനായിരുന്നു മഹേഷ് ആനന്ദ്. ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലായി ശ്രദ്ധേയമായ ചിത്രങ്ങളിൽ മഹേഷ് വേഷമിട്ടു. എന്നാൽ മലയാളി മഹേഷിനെ തിരിച്ചറിയുക മോഹൻലാൽ നായകനായ ‘അഭിമന്യു’വിലൂടെയാണ്. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിൽ മഹേഷിന്റെ വില്ലൻ വേഷം അക്കാലത്ത് ഏറെ പുതുമയുള്ളതും വ്യത്യസ്തവുമായിരുന്നു.

ഷെഹൻഷാ, കൂലി നമ്പർ 1, സ്വരാഗ്, കുരുക്ഷേത്ര, വിജേത, മജ്ബൂർ തുടങ്ങിയവയാണ് മഹേഷിന്റെ പ്രധാന ചിത്രങ്ങൾ. തമിഴിൽ രജനീകാന്തിന്റെ ‘വീര’യിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഗോവിന്ദയുടെ ‘രംഗീല രാജ’യാണ് മഹേഷിന്റെ അവസാന ചിത്രം.

ഏറെക്കാലമായി സിനിമയിൽ നിന്നു വിട്ടു നിന്ന 57കാരനായ മഹേഷ് ഒരു നല്ല തിരിച്ചു വരവിനായി എക്കാലവും കൊതിച്ചിരുന്നു. അങ്ങനെയൊരു മടങ്ങി വരവായിരുന്നു ‘രംഗീല രാജ’. എന്നാൽ തുടർ അവസരങ്ങൾക്കായി കാത്തു നിൽക്കാതെ മഹേഷ് പോയി.

സിനിമാലോകത്തു നിന്ന് തഴയപ്പെട്ടതോടെ ശേഷിക്കുന്ന വര്‍ഷങ്ങളില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോയത് ഗുസ്തി മത്സരങ്ങളില്‍ പങ്കെടുത്താണെന്ന് മഹേഷ് ആനന്ദ് വെളിപ്പെടുത്തിയിരുന്നു.

ഭാര്യ മോസ്കോയില്‍ ആയതിന് ശേഷം വെര്‍സോവയിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു മഹേഷിന്റെ താമസം. മഹേഷ് ആനന്ദിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൂപ്പര്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.