Monday 07 January 2019 02:12 PM IST : By സ്വന്തം ലേഖകൻ

ക്യാമറാമാനും കലാസംവിധായകനും ഔട്ട്, പത്മകുമാർ ഇൻ! മാമാങ്കത്തിൽ വീണ്ടും അഴിച്ചു പണി

mamangam

മലയാള സിനിമയിൽ പുതിയ ചർച്ചകൾക്കു തുടക്കമിട്ട്, ‘മാമാങ്കം’ വിവാദത്തിൽ വീണ്ടും വഴിത്തിരിവ്. യുവതാരം ധ്രുവനെ മാറ്റിയതിനു പിന്നാലെ ചിത്രത്തിന്റെ ക്യാമറാമാൻ, കലാസംവിധായകൻ, വസ്ത്രാലങ്കാരകൻ എന്നിവരെയും ഒഴിവാക്കിയതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ക്യാമറാമാന്‍ ഗണേഷ് രാജവേലു, കലാസംവിധായകന്‍ സുനില്‍ ബാബു, വസ്ത്രാലങ്കാരകൻ അനു വര്‍ദ്ധന്‍ എന്നിവരാണ് ധ്രുവന് പിന്നാലെ ചിത്രത്തിനു പുറത്തായത്. മൂന്നാം ഷെഡ്യൂള്‍ തുടങ്ങുന്നതിന് മുമ്പായാണ് ഈ വൻ അഴിച്ചു പണി.

ധ്രുവന് പകരം ഉണ്ണിമുകുന്ദനാണ് ചിത്രത്തിലെത്തുക. ഒപ്പം ചീഫ് അസോസിയേറ്റ് ഡയറക്ടറായി എം. പത്മകുമാറും ചിത്രത്തിന്റെ ഭാഗമാകും.

നവാഗതനായ സജീവ്.എസ്.പിള്ളയാണ് ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥാകൃത്തും സജീവാണ്. 12 വര്‍ഷത്തെ ഗവേഷണത്തിനു ശേഷമാണ് അദ്ദേഹം ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

“ഇതൊരു വലിയ പ്രൊജക്റ്റാണ്. മികച്ചൊരു ക്രിയേറ്റീവ് ടീം തന്നെ സപ്പോർട്ട് ചെയ്യാൻ ഉണ്ടാവേണ്ടതുണ്ട്. യുദ്ധവും വലിയ പോരാട്ടങ്ങളുമൊക്കെയാണ് ഇനി ഷൂട്ട് ചെയ്യാനുള്ളത്. വലിയ ആൾക്കൂട്ടത്തെ ഒക്കെ മാനേജ് ചെയ്യേണ്ടതുണ്ട്. കിട്ടുന്ന സഹായമെല്ലാം ഉപകാരപ്പെടുത്തുക എന്നതാണ് മുന്നിലുള്ളത്’’. ഒരഭിമുഖത്തിൽ സജീവ് പറഞ്ഞതിങ്ങനെ.

അതേസമയം, സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നുളളത് സത്യമാണെന്നും എന്താണ് കാരണമെന്ന് തന്നോട് ഇതുവരെ പറഞ്ഞിട്ടില്ലെന്നും ക്യാമറാമാന്‍ ഗണേഷ് രാജവേലു വ്യക്തമാക്കി. സംഭവത്തില്‍ സതേണ്‍ ഇന്ത്യ സിനിമാറ്റോഗ്രഫി അസോസിയേഷന് പരാതി നല്‍കിയിട്ടുണ്ടെന്നും അവരുടെ റിപ്പോര്‍ട്ടിന് ശേഷം സിനിമയ്ക്ക് എന്താണ് സംഭവിക്കുന്നതെന്ന് വെളിപ്പെടുത്തുമെന്നും ഗണേഷ്. മനോജ് പിളളയാണ് ഗണേഷിന് പകരക്കാരന്‍.

കലാ സംവിധായകന്‍ സുനില്‍ ബാബുവിന് പകരക്കാരനായി മോഹന്‍ദാസും വസ്ത്രാലങ്കാരകൻ അനു വര്‍ദ്ധന് പകരമായി എസ്.പി സതീഷും ചിത്രത്തിന്റെ ഭാഗമാകും.

ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ജനുവരി അവസാനം എറണാകുളത്താരംഭിക്കും. ചിത്രീകരണത്തിനു മുന്നോടിയായുള്ള മിനുക്കു പണികള്‍ അവസാന ഘട്ടത്തിലാണ്. ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം മംഗലാപുരത്തും രണ്ടാംഘട്ടം എറണാകുളത്തുമായിരുന്നു.

എട്ടാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനുമിടയില്‍, പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മാഘമാസത്തിലെ വെളുത്തവാവില്‍ നടന്നിരുന്ന മാമാങ്കത്തിന്റേയും ചാവേറായി പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടേയും കഥയാണ് ചിത്രം. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്.

രണ്ട് ബോളിവുഡ് അഭിനേത്രിമാർക്കൊപ്പം മൂന്ന് മലയാളി നായികമാരും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. സ്ത്രീ വേഷത്തിലടക്കം നാലു വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മെഗാസ്റ്റാര്‍ ചിത്രത്തിലെത്തുക. നീരജ് മാധവും ചിത്രത്തിലുണ്ട്. 50 കോടിയോളം മുതൽ മുടക്കിൽ നാല് ഷെഡ്യൂളുകളിലായാണ് മാമാങ്കം ചിത്രീകരിക്കുക. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി മാമാങ്കം മൊഴി മാറ്റി പ്രദർശനത്തിനെത്തും. മലേഷ്യയിലും ഇന്തോനേഷ്യയിലും ചിത്രത്തിനു റിലീസുണ്ടാകുമെന്നുമറിയുന്നു. ‘ഹിസ്റ്ററി ഓഫ് ബ്രേവ്’ എന്നതാണ് ടാഗ് ലൈന്‍.