Saturday 02 February 2019 02:37 PM IST : By സ്വന്തം ലേഖകൻ

‘ഇതാണ് എന്റെ രാഷ്ട്രീയം’! നിലപാട് വ്യക്തമാക്കി മമ്മൂട്ടി

mammootty-new

മോഹൻലാലിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കേരളീയ പൊതുസമൂഹത്തിൽ സജീവ ചർച്ചയാകുമ്പോൾ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി മമ്മൂട്ടി.

‘‘38 വര്‍ഷമായി ഞാന്‍ നടനാണ്. സിനിമയാണ് എന്റെ രാഷ്ട്രീയം. പിന്നെ ഞാന്‍ എന്തിന് രാഷ്ടീയത്തില്‍ ചേരണം ?’’.- മമ്മൂട്ടി ചോദിക്കുന്നു.

തന്റെ പുതിയ തെലുങ്ക് ചിത്രം ‘യാത്ര’യുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയപ്രവേശനം ഉണ്ടാകുമോ എന്ന ചോദ്യത്തെ തുടർന്നായിരുന്നു താരത്തിന്റെ മറുപടി.

യാത്രയിൽ മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയായാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

‘‘വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ഒരു തെലുങ്കു സിനിമ ചെയ്യുന്നത്. കഥ കേട്ടപ്പോള്‍ എനിക്ക് ചെയ്യാന്‍ കഴിയുമെന്ന് തോന്നി. 70 ലധികം നവാഗത സംവിധായകര്‍ക്കൊപ്പം ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ഇന്ന് അവരില്‍ ഭൂരിഭാഗവും സിനിമ ചെയ്യുന്നുണ്ട്. മഹി നവാഗത സംവിധായകനല്ല. എന്നാല്‍ ചെറുപ്പമാണ്. അദ്ദേഹത്തിന് ഈ സിനിമ നന്നായി ചെയ്യാന്‍ സാധിക്കുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. ഞാന്‍ വൈ.എസ്.ആറിനെ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. തിരക്കഥ വായിച്ചു, അതിനനുസരിച്ച് അഭിനയിച്ചു. വൈ.എസ്.ആറിനെ അനുകരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. വൈ.എസ്.ആറിന്റെ പദയാത്രയെ അടിസ്ഥാനമാക്കിയാണ് യാത്ര ഒരുക്കിയിരിക്കുന്നത്. അതില്‍ അല്‍പ്പം ഭാവനയുമുണ്ട്. വൈ.എസ്.ആറിനെ അവതരിപ്പിക്കാന്‍ ഞാന്‍ വലിയ ഗവേഷണമൊന്നും നടത്തിയില്ല. ഭാഷ വ്യത്യസ്തമായിരിക്കാം എന്നാല്‍ മനുഷ്യരുടെ വികാരം എല്ലായിടത്തും ഒരുപോലെയാണ്’’. – മമ്മൂട്ടി പറഞ്ഞു.

ഫെബ്രുവരി 8 ന് യാത്ര തിയേറ്ററുകളിലെത്തും.