Saturday 16 June 2018 10:01 AM IST : By സ്വന്തം ലേഖകൻ

വാപ്പിച്ചിയുടെ നിലപാടില്‍ മാറ്റം ഉണ്ടാവുകയില്ല; കർവാന്റെ പ്രചരണത്തിന് മമ്മൂട്ടിയെത്തുമെന്ന വാർത്ത നിഷേധിച്ച് ദുൽഖർ

Dulquer_Mammootty_birthday-compressed

എന്താണ് മമ്മൂക്ക ദുൽഖറിന്റെ സിനിമകളൊന്നും പ്രമോട്ട് ചെയ്യാത്തത് ? ആരാധകരുടെ സ്ഥിരം‌ ചോദ്യമാണിത്. ഈ ചോദ്യത്തിന് അവസാനമാകുമെന്നു കരുതിയതാണ് പലരും, ബോളിവുഡ് ബിസിനസ്‌ അനലിസ്റ്റും സിനിമാ നിരൂപകനുമായ തരന്‍ ആദര്‍ശിന്റെ ട്വീറ്റ് വായിച്ചപ്പോൾ. എന്നാൽ‌ ആദര്‍ശിന്റെ ട്വീറ്റ് വെറും സങ്കൽപ്പമാണെന്ന വിശധീകരണവുമായി സാക്ഷാൽ ദുൽഖർ സൽമാൻ തന്നെ രംഗത്തെത്തിയതോടെ ആരാധകർ വീണ്ടും നിരാശരായി. സംഭവമിങ്ങനെ :

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ഹിന്ദി ചിത്രമായ ‘കാര്‍വാ’ ഓഗസ്റ്റ്‌ 3ന് തിയേറ്ററുകളിലെത്തുകയാണ്. വലിയ പ്രതീക്ഷകളോടെയാണ് ദുൽഖറിനെ ബോളിവുഡ് കാത്തിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രവുമായി ബന്ധപെട്ട സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിനിടെ, മകന്റെ കന്നി ഹിന്ദി ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം മമ്മൂട്ടി രംഗത്തെത്തുമെന്ന് ബോളിവുഡ് ബിസിനസ്‌ അനലിസ്റ്റും സിനിമാ നിരൂപകനുമായ തരന്‍ ആദര്‍ശ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചതോടെയാണ് അഭ്യൂഹങ്ങളുടെ തുടക്കം.

“നടന്‍ മമ്മൂട്ടി, മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഹിന്ദിയിലെ ആദ്യ ചിത്രമായ ‘കാര്‍വാ’ പ്രൊമോട്ട് ചെയ്യും. ഇര്‍ഫാന്‍ ഖാന്‍, ദുല്‍ഖര്‍ സല്‍മാന്‍, മിഥിലാ പാല്‍ക്കര്‍, എന്നിവര്‍ അഭിനയിക്കുന്നു. ആര്‍ എസ് വി പി, ഇഷ്ക ഫിലംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ആകാശ് ഖുറാനയുടെ സംവിധാനം”, ഇതായിരുന്നു തരനിന്റെ ട്വീറ്റ്.

എന്നാൽ ഏറെ വൈകാതെ ഇതു നിഷേധിച്ച് ദുൽഖറിന്റെ മറു ട്വീറ്റെത്തി.

“ഈ വാര്‍ത്ത തീര്‍ത്തും തെറ്റാണ് സര്‍! എന്റെ വാപ്പിച്ചി ഇന്ന് വരെ എന്നെയോ എന്റെ സിനിമകളെയോ പ്രൊമോട്ട് ചെയ്തിട്ടില്ല. ആ നിലപാടില്‍ ഒരു മാറ്റം ഇനി ഉണ്ടാവുകയുമില്ല. ഇത് കെട്ടിച്ചമച്ച വാര്‍ത്തയാണ്.”

റോഡ് മൂവിയാണ് ‘കാർവാൻ’. ഒരു റോഡ്‌ യാത്രക്കിടെ പരിചയപ്പെടുന്ന മൂന്ന് വ്യക്തികളുടെ വ്യത്യസ്തമായ ജീവിതമാണ് സിനിമയുടെ പ്രമേയം. ഹുസൈന്‍ ദലാല്‍, അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന കര്‍വാന്‍ നിര്‍മ്മിക്കുന്നത് റോണി സ്‌ക്രൂവാലയാണ്.

‘കാര്‍വാനി’ന് ശേഷമുള്ള ദുല്‍ഖറിന്റെ ബോളിവുഡ് പ്രൊജക്റ്റാണ് ‘ദി സോയാ ഫാക്ടര്‍’. അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുരാന സംവിധാനം ചെയ്യുന്ന ‘ദി സോയാ ഫാക്ടര്‍’ അടുത്ത ഏപ്രിലില്‍ തിയേറററുകളിലെത്തും. സോനം കപൂറാണ് നായിക.