Saturday 16 February 2019 02:58 PM IST : By സ്വന്തം ലേഖകൻ

കാൻസർ രോഗിയായ വീട്ടമ്മയെ സഹായിക്കാൻ ‘ഗുലാൻ തട്ടുകട’! നൻമയുടെ കരം നീട്ടി മമ്മൂട്ടി ഫാൻസ്

gulan-new

ഫാൻസ് എന്നാൽ താരങ്ങളോടുള്ള ആരാധന മാത്രം കൊണ്ടു നടക്കുന്നവരല്ല, അവരുടെ പേരിൽ ചില നൻമകൾ കൂടി ചെയ്യുന്നവരാണെന്ന് പലയാവർത്തി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കാൻസർ രോഗിയായ വീട്ടമ്മയെ സഹായിക്കാൻ മമ്മൂട്ടി ഫാൻസ് നടത്തിയ ‘ഗുലാൻ തട്ടുകട’.

നാട്ടിലെ ഉത്സവനാളുകളിലാണ് മമ്മൂട്ടി ഫാൻസ് പാടിയോട്ടുചാൽ പ്രവർത്തകർ ഈ വേറിട്ട ആശയം നടപ്പാക്കിയത്. പയ്യന്നൂർ കാങ്കോൽ ഏറ്റുകുടുക്കയിലെ വാസന്തി എന്ന വീട്ടമ്മയെ സഹായിക്കുവാനാണ് പാടിച്ചാല്‍ അയ്യപ്പക്ഷേത്ര ഉത്സവ നാളില്‍ ആരാധകർ തട്ടുകട നടത്തിയത്. കഴിഞ്ഞ വർഷവും ഇതുപോലെ തന്നെ, അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയെ സഹായിക്കാൻ ഇവർ തട്ടുകട നടത്തി പണം കണ്ടെത്തിയിരുന്നു.

തട്ടുകടക്ക് പിന്തുണയുമായി നാട്ടുകാരും കൂടി. അവർ ഓംലറ്റ് അടിക്കുവാനുള്ള മുട്ടയും മറ്റു പച്ചക്കറികളും എത്തിച്ചെന്ന് സംഘാടകര്‍ പറയുന്നു. പാതിരാത്രി വരെ, ഭക്ഷണം പാകം ചെയ്യാൻ നാട്ടുകാരുടെ സ്വന്തം കരീമിക്കയും ചേര്‍ന്നതും വലിയ ആവേശമായി.