Wednesday 12 September 2018 04:30 PM IST : By സ്വന്തം ലേഖകൻ

ഓട്സ് കഞ്ഞിയും പത്തു ബദാമും പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് ഓട്സ് പുട്ടും മീൻ കറിയും! മമ്മൂട്ടിയുടെ ഭക്ഷണ ശീലങ്ങൾ ഇതാണ്

mammootty-cover ചിത്രങ്ങൾ; ശ്യാം ബാബു

ഓട്സ് കഞ്ഞി, പപ്പായയുടെ കഷണങ്ങള്‍, മുട്ടയുടെ വെള്ള, തലേദിവസം വെള്ളത്തിലിട്ടുവച്ച് തൊലികളഞ്ഞ പത്ത് ബദാം... ഇത്രയും ഉണ്ടെങ്കിൽ മമ്മൂട്ടിയുടെ പ്രഭാത ഭക്ഷണം കുശാൽ.

ഓട്സ് കഞ്ഞി ഉണ്ടാക്കുന്നതിനുമുണ്ട് ചില ചിട്ടകൾ. വെള്ളം തിളപ്പിച്ചശേഷം ഓട്സിടണം. കഞ്ഞി കുറുകുമ്പോള്‍ ഇത്തിരി ഉപ്പിട്ട് വാങ്ങിവയ്ക്കണം. പറയുന്നത് മെഗാസ്റ്റാറിന്റെ പേഴ്‌സണൽ കുക്കായ ലെനീഷ്. വയസ്സ് 67 ആണെങ്കിലും പ്രായത്തെ പടിക്കു പുറത്തു നിർത്തുന്ന രഹസ്യങ്ങൾ ഒരു മാധ്യമത്തോടാണ് ലെനീഷ് പങ്കുവയ്ക്കുന്നത്.

ഭക്ഷണം വാരിവലിച്ചുകഴിക്കുന്ന കൂട്ടത്തിൽപ്പെട്ടയാളല്ല. മീനിനോടാണ് താല്പര്യം. എരിവും പുളിയും കുറച്ച് മസാലകൾ അധികം ചേർക്കാതെയുള്ള കറികളാണ് മമ്മൂക്കയുടെ ഇഷ്ടം. ഉച്ചയ്ക്ക് ചോറ് കഴിക്കില്ല. പകരം ഓട്സ് കൊണ്ടുള്ള അരക്കുറ്റി പുട്ട്. കറിയായി തേങ്ങചേർത്ത മീൻകറി നിർബന്ധം. പൊരിച്ചതൊന്നും കഴിക്കില്ല. കരിമീൻ, കണമ്പ്, തിരുത ഇവയിലേതെങ്കിലുമാണെങ്കിൽ നല്ലത്. പൊടിമീനോ കൊഴുവയോ തേങ്ങയരച്ച് കറിവച്ചാലും ഇഷ്ടമാണ്. ഒപ്പം അച്ചിങ്ങ മെഴുക്കുപുരട്ടിയത്, കുരുമുളകുപൊടി വിതറിയ പച്ചക്കറി സാലഡ്.

mammmookka-mid

രാത്രി ഗോതമ്പിന്റെയോ ഓട്‌സിന്റെയോ ദോശ. പരമാവധി മൂന്ന് ദോശ മാത്രമേ കഴിക്കു. ഒപ്പം തേങ്ങാപ്പാൽ ചേർത്ത് അധികം മസാലയിടാത്ത നാടൻ ചിക്കൻ കറി. അതില്ലെങ്കിൽ ചമ്മന്തിയായാലും മതി. ശേഷം മഷ്‌റൂം സൂപ്പ്. നാലു മണിക്ക് കാര്യമായി ഒന്നും കഴിക്കില്ല. ആക ദുശ്ശീലമെന്നു പറയാവുന്നത് ഇടയ്ക്കിടെയുള്ള കട്ടൻചായയാണ്.

തുറുപ്പ് ഗുലാൻ എന്ന ചിത്രം മുതൽ മമ്മൂട്ടിയുടെ ഒപ്പം ലെനീഷ് ഉണ്ട്. മമ്മൂട്ടിയുടെ ജന്മനാടായ ചെമ്പ് ഗ്രാമത്തിന് സമീപം തന്നെയാണ് ലെനീഷിന്റെയും സ്വദേശം. ഭക്ഷണത്തിന്റെ റിപ്പോർട്ട് ഉടൻ ലഭിക്കും. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഉടൻ തന്നെ മറുപടി നൽകും.

പ്രൊഫഷണൽ കോഴ്‌സ് കഴിഞ്ഞു നേരേ മമ്മൂട്ടിയുടെ അടുത്ത് എത്തുകയായിരുന്നു ലെനീഷ്. വലിയ ഹോട്ടലുകളിലൊന്നും നിന്നുള്ള പരിചയം ഉണ്ടായിരുന്നില്ല. തുറുപ്പ് ഗുലാന്റെ ഷൂട്ടിങ് എറണാകുളത്തായിരുന്നു. സാധാരണ എറണാകുളത്തോ ചെന്നൈയിലോ ആണ് ഷൂട്ടിങ്ങെങ്കിൽ മമ്മൂട്ടിക്ക് ഭക്ഷണംവീട്ടിൽനിന്നായിരിക്കും. മമ്മൂക്കയുടെ ഭാര്യയാണ് അദ്ദേഹത്തിന്റെ രുചികളെക്കുറിച്ചു പറഞ്ഞുതന്നതെന്നും ലെനീഷ് പറഞ്ഞു.

mammookka-1