Friday 06 March 2020 03:06 PM IST

പൊള്ളിവെന്ത വേദന ഒറ്റ മണിക്കൂറിൽ പിടിച്ചു നിർത്തും, പാടു പോലും അപ്രത്യക്ഷമാക്കും! ഹരിദാസിന് മമ്മൂട്ടി നൽകുന്ന അത്ഭുതമരുന്ന് ഇതാണ്

V.G. Nakul

Sub- Editor

m5

ശമ്പളക്കുടിശിക ചോദിച്ചതിന് മലേഷ്യയിൽ വച്ച് തൊഴിലുടമ ശാരീരികമായി പീഡിപ്പിച്ച ആലപ്പുഴ സ്വദേശി എസ്.ഹരിദാസിന് സഹായവുമായി നടൻ മമ്മൂട്ടി. ഹരിദാസ് കഴിഞ്ഞ ദിവസം നാട്ടിലെത്തി. മമ്മൂട്ടി ഡയറക്ടറായ പതഞ്ജലി ആയുർവേദ ചികിത്സാകേന്ദ്രമാണ് ഹരിദാസന്റെ ചികിത്സ ഏറ്റെടുത്തിരിക്കുന്നത്. ഹരിദാസിനെ തൊഴിലുടമ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് ശരീരത്തിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. ഹരിദാസിന്റെ ചികിത്സയും യാത്രാച്ചെലവും പതഞ്ജലി ഏറ്റെടുക്കും. പതഞ്ജലി നേരിട്ട് ഹരിദാസിന്റെ കുടുംബത്തെ ചികിത്സയുടെ കാര്യങ്ങൾ അറിയിച്ചു.

m 4

മമ്മൂട്ടി ഡയറക്ടറായ പതഞ്ജലി ആയുർവേദ ചികിത്സാകേന്ദ്രത്തിൽ പ്രധാനമായും പൊള്ളലിന്റെ മരുന്നുകളാണ് ലഭിക്കുക. ഈ അത്ഭുത മരുന്നുകളെക്കുറിച്ച് മുമ്പ് വനിത ഓൺലൈൻ പ്രസിദ്ധീകരിച്ച പ്രത്യേക ഫീച്ചൻ വായിക്കാം:

പൊള്ളിവെന്ത വേദന ഒറ്റ മണിക്കൂറിൽ പിടിച്ചു നിർത്തും, പാടു പോലും അപ്രത്യക്ഷമാക്കും! അത്ഭുത മരുന്നിന്റെ കൂട്ട് പകർന്നു നൽകിയത് സന്യാസി

വിളക്കു കത്തിക്കുന്നതിനിടെ അമ്മയുടെ നേര്യതിൽ കത്തിപ്പിടിച്ച തീയണയ്ക്കാൻ ശ്രമിച്ചതായിരുന്നു മാധ്യമ പ്രവർത്തകനായ രാജീവ് ശിവശങ്കരൻ. അതിനിടെ അദ്ദേഹത്തിന്റെ വലതു കൈയിലെ വിരലുകൾ പൊള്ളി വെന്തിരുന്നു. പ്രാണൻ നീറുന്ന വേദനയോടെ ആശുപത്രിയിൽ ഏഴു ദിവസം. മാംസം വെന്ത വേദനയിൽ നിമിഷങ്ങൾ എണ്ണി നീക്കുന്നതിനിടെയാണ് പ്രിയ സുഹൃത്ത് അത് എത്തിച്ചത്, ‘അഗ്നിഹരി’യെന്ന അത്ഭുത മരുന്ന്.

അത്രയും ദിവസം വെന്തു നീറിയ കൈ ഒരു മണിക്കൂറിനുള്ളിൽ ‘കൂൾ’. സ്വിച്ചിട്ട പോലെ വേദന പിടിച്ചു കെട്ടിയ ആ മരുന്നിനെ അദ്ദേഹം വിളിച്ചു, ‘മാജിക് മെഡിസിൻ’. ഫെയ്സ്ബുക്കിലെ ആ അനുഭവക്കുറിപ്പിൽ കണ്ട മരുന്നിനായുള്ള അന്വേഷണം ചെന്നു നിന്നത് അത്ഭുതങ്ങളുടെ കലവറയിൽ. പാലക്കാട് ജില്ലയിൽ കൂടല്ലൂരിനടുത്ത് മലമക്കാവിലെ ആയുർവേദ ചികിത്സാലയത്തിലിരുന്ന് ജ്യോതിഷ് കുമാർ ‘വനിത ഓൺലൈനോട്’ പങ്കുവച്ചത് പുരാണ കഥകളെ വെല്ലുന്ന രഹസ്യങ്ങൾ. പാരമ്പര്യവും ആയുർവേദവും സമം ചേർത്ത മരുന്നു കൂട്ടുകൾ ആശ്വസമേകുന്നത് അനേകം പേർക്ക്. മരുന്നിന്റെ അത്ഭുത സിദ്ധി തിരിച്ചറിഞ്ഞ് ജ്യോതിഷ് കുമാറിന്റെ കൈപിടിച്ചവരിൽ സാക്ഷാൽ എംടിയും മമ്മൂട്ടിയും അടക്കമുള്ളവരുണ്ട്.

തലമുറകൾ പകർന്നു കിട്ടിയ പാരമ്പര്യം

ഈ മരുന്ന് പണ്ടേയുള്ളതാണ്. ഇപ്പോഴാണ് കൂടുതൽ ആളുകൾ അറിഞ്ഞു തുടങ്ങിയതെന്നു മാത്രം. എന്റെ അച്ഛന്റെ അമ്മാവന്റെ കാലം മുതൽ ഞങ്ങൾ ഈ മരുന്ന് നൽകുന്നുണ്ട്. അച്ഛന്റെ അമ്മാവനായ കേളുണ്ണി നായർക്ക് ഒരു സന്യാസി വര്യൻ നിറഞ്ഞ മനസ്സോടെ, പൂർണ സന്തോഷത്തോടെയാണ് ‘അഗ്നിഹരി’യുൾപ്പടെയുള്ള മരുന്നുകളുടെ കൂട്ടിന്റെ രഹസ്യം പങ്കുവച്ചത്.

എം.ടി വാസുദേവൻ നായരുടെ ജൻമദേശമായ കൂടല്ലൂരിനടുത്ത് മലമക്കാവാണ് ഞങ്ങളുടെ നാട്. കേളുണ്ണി നായർ നാട്ടിലെ പ്രമാണിയായിരുന്നു. അദ്ദേഹം നാട്ടുകാരെ ചികിത്സിക്കുന്നതിനായാണ് ഈ മരുന്നുകളൊക്കെ ഉണ്ടാക്കിയിരുന്നത്. പൊള്ളലിന് ചികിത്സിക്കുന്നതിൽ അദ്ദേഹം മിടുക്കനായിരുന്നു.

അമ്മാവനാണ് എന്റെ അച്ഛൻ സി.പി പരമേശ്വരൻ നായർക്ക് ഇതിന്റെ കൂട്ട് പറഞ്ഞു കൊടുത്ത്. അച്ഛൻ അത് എനിക്കു പകർന്നു തന്നു. അച്ഛൻ കെ.എസ് വാര്യരുടെ ശിഷ്യനായിരുന്നു. അച്ഛനും ബാങ്ക് ഉദ്യോഗസ്ഥയായ അമ്മയ്ക്കും ഞാൻ ഒറ്റ മകനാണ്. പഠിച്ചത് എം.സി.എ ആണെങ്കിലും അച്ഛന്റെ കാല ശേഷം പാരമ്പര്യം നിലനിർത്തുന്നതിനായി ഈ മേഖലയിലേക്കു വരുകയായിരുന്നു. പിന്നീട് പതിയെപ്പതിയെ ഇതു തന്നെയായി കരിയർ.

ഏഴ് ദിവസമായി വെന്തു നീറിയ വിരലുകൾ മിനിട്ടുകൾ കൊണ്ട് തണുത്തു; ആശ്വാസമായത് അത്ഭുതമരുന്ന്

പതിറ്റാണ്ടുകളായി മേൻമയറിയിക്കുന്ന മരുന്ന്

m2

പതിറ്റാണ്ടുകളായി ഞങ്ങൾ ഈ മരുന്നുണ്ടാക്കുകയും ആവശ്യക്കാർക്ക് നൽകുകയും ചെയ്യുന്നുണ്ട്. പക്ഷേ, പരസ്യം കൊടുക്കാനോ മാർക്കറ്റ് ചെയ്യാനോ ശ്രമിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഒരു ഘട്ടം വരെ നാടിനപ്പുറത്തേക്ക് മരുന്നിന് വലിയ പ്രചാരമുണ്ടായിരുന്നില്ല. അതിന് മാറ്റം വന്നു തുടങ്ങിയത് എം.ടിയുടെ ഇടപെടലോടെയാണ്.

എം.ടിയുടെ ഇടപെടലും പതഞ്ജലിയുടെ തുടക്കവും

ചിത്രകലാധ്യാപകനും സംസ്കൃത പണ്ഡിതനുമായിരുന്ന അച്ഛന്‍ എം.ടിയുമായി നല്ല അടുപ്പത്തിലായിരുന്നു. എംടിയാണ് ഈ മരുന്നിന്റെ ഗുണം തിരിച്ചറിഞ്ഞ് പലർക്കും നിർദേശിച്ചതും ഇതിന് പ്രചാരം കൊടുക്കണമെന്ന് അച്ഛനെ നിർബന്ധിച്ചതുമൊക്കെ. അങ്ങനെ പത്രങ്ങളിലൊക്കെ വാർത്ത വരുകയും എം.ടിയുടെ നിർബന്ധത്തിൽ ‘പതഞ്ജലി’ എന്ന സ്ഥാപനം തുടങ്ങുകയും ചെയ്തു. ഏഴു വർഷം മുൻപ് അച്ഛൻ മരിക്കും വരെ അദ്ദേഹമായിരുന്നു സാരഥി.

വഴിമാറ്റി മമ്മൂട്ടി

m1

സംവിധായകൻ രഞ്ജിത്താണ് മമ്മൂട്ടിക്ക് എന്നെ പരിചയപ്പെടുത്തിയത്. അദ്ദേഹം ഷൂട്ടിനിടെയൊക്കെ പറ്റുന്ന പരുക്കുകൾക്ക് മരുന്ന് ഉപയോഗിച്ചതോടെ ഇതിന്റെ ഗുണം തിരിച്ചറിഞ്ഞു. അങ്ങനെ വലിയ താൽപര്യമായി. അദ്ദേഹത്തിന്റെ നിര്‍ബന്ധം കൊണ്ടാണ് ‘പതഞ്ജലി’ കമ്പനിയായി രജിസ്റ്റർ ചെയ്തത്. ഞാനും മമ്മൂക്കയും അദ്ദേഹത്തിന്റെ ഭാര്യയും എം.ടി സാറുമാണ് പതഞ്ജലിയുടെ ഉടമസ്ഥർ. കച്ചവടം എന്നതിനെക്കാൾ ഒരു സഹായം എന്ന നിലയിലാണ് മമ്മൂക്ക പതഞ്ജലിയെ വിഭാവനം ചെയ്തിരിക്കുന്നത്. ഇപ്പോൾ എറണാകുളത്തും കുറ്റിപ്പുറത്തും ഓഫീസുകളുണ്ട്. എറണാകുളത്ത് ഡോക്ടർ സുജയും കുറ്റിപ്പുറത്ത് ഡോ.കെ.പരമേശ്വരനും പതഞ്ജലിയോടൊപ്പം പ്രവർത്തിക്കുന്നു.

കടൽ കടന്ന കീർത്തി

‘അഗ്നിഹരി’യാണ് പ്രധാന മരുന്ന്. പുറ്റിങ്ങൽ വെടിക്കെട്ടപകടം ശിവകാശി പടക്കശാലയിലെ അപകടം തുടങ്ങിയിടത്തൊക്കെ ഈ മരുന്ന് ഞങ്ങൾ എത്തിച്ചിട്ടുണ്ട്. അതേ പോലെ അമേരിക്കയിലേക്കും അയക്കുന്നുണ്ട്. ഇപ്പോൾ കൂടുതൽ കസ്റ്റമേഴ്സ് ഉള്ളത് അമേരിക്കയിലാണ്. എവിടേക്കാണെങ്കിലും ആവശ്യക്കാർ ഓർഡർ ചെയ്യുന്നതനുസരിച്ച് കൊറിയറിൽ അയച്ചു കൊടുക്കുകയാണ് പതിവ്.

m3

പൊള്ളലേറ്റ പാടുകളുൾപ്പടെ മാറ്റാനുള്ള കഴിവ് ഈ മരുന്നിനുണ്ട്. പൊള്ളലേറ്റ് എത്ര കാലം കഴിഞ്ഞ് ഉപയോഗിച്ചാലും ഗുണമുണ്ടാകും. പൊള്ളി ഉടൻ തന്നെ മരുന്ന് ഉപയോഗിക്കുകയാണെങ്കിൽ പൊള്ളലേറ്റു എന്നു പോലും അറിയില്ല. ആസിഡ് വീണുള്ള പൊള്ളലിലും മറ്റും മാംസം കൂടി വേവുന്നതിനാൽ മരുന്ന് ഫലം കാണാൻ കുറച്ചു വൈകും. പൊള്ളലിനുള്ള അഗ്നിഹരി, അഗ്നിജിത്ത് എന്നീമരുന്നുകൾക്കൊപ്പം ഫെയ്സ് ക്രീം, ഹെയർ ഓയിൽ, സൊറിയാസിനുള്ള മരുന്ന് എന്നിങ്ങനെ മറ്റ് അംഗീകൃത മരുന്നുകളും പതഞ്ജലിക്കുണ്ട്. എല്ലം നൂറു ശതമാനം ആയുർവേദമാണ്. യാതൊരു പരസ്യങ്ങളുമില്ലാതെയാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. ആളുകൾ അറിഞ്ഞും അനുഭവസ്ഥരുടെ വാക്കു കേട്ടുമൊക്കെയാണ് എത്തുന്നത്. 90 ഗ്രാമിന് 500 രൂപയ്ക്കാണ് വിൽക്കുന്നത്.

ഇപ്പോൾ മറ്റൊരു സ്വപ്നമാണ് ഞങ്ങൾ താലോലിക്കുന്നത്. ഇന്ത്യൻ സൈന്യത്തിന് വർഷത്തിൽ ഒരിക്കലെങ്കിലും സൗജന്യമായി കുറച്ച് മരുന്ന് എത്തിച്ചു നൽകണം. മമ്മൂക്കയാണ് ഈ നിർദേശം മുന്നോട്ടു വച്ചത്.

മരുന്നിന്റെ ഗുണങ്ങൾ

മരുന്നിന്റെ ഗുണങ്ങളെ കുറിച്ച് ഫെയ്സ്ബുക്കിൽ എഴുതിയ അനുഭവക്കുറിപ്പിൽ രാജീവ് ശിവശങ്കർ വിശദീകരിക്കുന്നുണ്ട്.

‘അണുബാധ വന്ന് വ്രണം പഴുക്കുന്നതാണ് പൊള്ളൽ ചികിൽസയിലെ പ്രധാന വെല്ലുവിളി. വ്രണത്തിൽ ഉണ്ടായി പെരുകുകയും ഏറ്റവുംകൂടുതൽ വിഷം ജനിപ്പിക്കുകയും ചെയ്യുന്ന സ്യൂഡോമൊണസ് ബാക്ടീരിയകളെവരെ പൂർണമായും നശിപ്പിക്കാൻ അഗ്നിജിത്ത്,അഗ്നിഹരി എന്നീ മരുന്നുകൾക്കു കഴിയുന്നു എന്നാണു കണ്ടെത്തൽ. പൊള്ളലേറ്റു നശിക്കുന്ന മെലനോസൈറ്റുകളുടെയും കലകളുടെയും പുനരുജ്ജീവനത്തിന് സഹായകമായ എന്തോ ഒന്ന് ഈ ഔഷധത്തിലുണ്ടെന്ന് കേരള സർവകലാശാലയുടെ ബയോടെക്നോളജി വിഭാഗം ഗവേഷണത്തിലൂടെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പ്രമേഹം മൂലമുണ്ടാകുന്ന വ്രണങ്ങൾ കരിയിക്കാനും ഇദ്ദേഹത്തിന്റെ മരുന്നിനു കഴിയുന്നുണ്ടെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു’.– രാജീവ് കുറിക്കുന്നു.
ബുധനാഴ്ചകളിൽ എറണാകുളത്തും മറ്റുദിവസങ്ങളിൽ കുറ്റിപ്പുറത്തും ജ്യോതിഷ് കുമാർ അടങ്ങുന്ന സംഘം രോഗികളെ പരിശോധിക്കുന്നു.