Wednesday 13 February 2019 02:13 PM IST : By സ്വന്തം ലേഖകൻ

ഞാനും നിങ്ങളും കൂടിച്ചേരുന്ന നിമിഷം, അതിരുകളില്ലാത്ത സ്നേഹകാലം; ആറ്റുകാൽ ക്ഷേത്രമുറ്റത്ത് മമ്മൂട്ടി

mamootty

സ്നേഹം പരസ്പരം കൈമാറ്റം ചെയ്യുന്നവർക്കേ ദൈവ സന്നിധിയിൽ നിന്ന് പ്രതിഫലം ലഭിക്കുകയുള്ളുവെന്ന് ന‍ടൻ മമ്മൂട്ടി. സ്നേഹിച്ച് ജീവിക്കേണ്ട കാലമാണിതെന്നും മമ്മൂട്ടി പറഞ്ഞു. ആറ്റുകാൽ ക്ഷേത്രത്തിലെ കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മമ്മൂട്ടി. ആറ്റുകാലിലെത്തിയ മമ്മൂട്ടിക്ക് ഭക്തരും ആരാധകരും ചേര്‍ന്ന് വമ്പന്‍ സ്വീകരണമായിരുന്നു ഒരുക്കിയത്. മധുരരാജയുടെ ചിത്രീകരണം മാറ്റിവച്ചാണ് മമ്മൂട്ടി ചടങ്ങിലെത്തിയത്.

ആറ്റുകാൽ പൊങ്കാലയെക്കുറിച്ച് കേട്ടറിവേ തനിക്കുണ്ടായിരുന്നുള്ളുവെന്ന് മമ്മൂട്ടി ഉദ്ഘാടത്തിനു ശേഷം പറഞ്ഞു. ‘ടെലിവിഷൻ ചാനലുകളിൽ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ കാണാറുണ്ട്. ഇത്രയും വലിയ ജനസമൂഹത്തെ ഈ അടുത്തകാലത്തൊന്നും ഞാൻ അഭിസംബോധന ചെയ്തിട്ടില്ല. വളരെ സന്തോഷത്തോടുകൂടിയാണ് ഈ പരിപാടി ഉദ്ഘാടനം ചെയ്യാമെന്ന് ഏറ്റത്. കാരണം എന്റെ ചലച്ചിത്രജീവിതത്തിന്റെ ആരംഭകാലത്ത് ഈ റോഡുകളിലും വഴികളിലും ക്ഷേത്രനടകളിലുമൊക്കെ സിനിമ ഷൂട്ട് ചെയ്ത് നടന്നിട്ടുണ്ട്.’–മമ്മൂട്ടി പറഞ്ഞു.

തിരുവനന്തപുരത്ത് അധികം വരാറില്ല. 1981ൽ മുന്നേറ്റം എന്ന സിനിമ ഷൂട്ട് ചെയ്തത് ഇവിടെയാണ്. അന്ന് നിങ്ങളിൽ പലരും ജനിച്ചിട്ടുപോലും കാണില്ല. പല സ്ഥലങ്ങളും ഇന്ന് ഒരുപാട് മാറിപ്പോയിരിക്കുന്നു.

എന്നെ ഇവിടേക്ക് ക്ഷണിച്ചതിൽ ഒരുപാട് നന്ദി. മറ്റൊരു സന്തോഷം കൂടിയുണ്ട് എന്റെ ചിരകാല സുഹൃത്ത് ഡോ.രാജഗോപാലിനെ കാണാൻ സാധിച്ചു. ഒരുപക്ഷേ എന്നേക്കാൾ ആദരിക്കപ്പെടേണ്ട ഒരാളാണ് രാജഗോപാൽ.  സാന്ത്വന ചികിത്സാരംഗത്തെ പ്രമുഖനാണ് അദ്ദേഹം.

‘ഇതുപോലെ ഒരേയൊരു ലക്ഷ്യത്തിലേക്ക്  ആഗ്രഹത്തിലേക്ക് ഇത്രയും ആളുകൾ കൂടുകയും മനസ്സു നിറഞ്ഞ് ദേവിയെ അല്ലെങ്കിൽ ദൈവത്തിനോട് പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരു അവസരം എന്ന് പറയുമ്പോൾ, ഏത് ദൈവമാണ് നിങ്ങളെ അനുഗ്രഹിക്കാത്തത്.

എല്ലാം മറന്ന് പരസ്പരം സ്നേഹം മാത്രം പങ്കിടുന്ന മനോഹര നിമിഷങ്ങളാണിത്. ഞാനും നിങ്ങളും കൂടിച്ചേരുന്ന ഈ നിമിഷം ഒരുപാട് നല്ല സന്ദേശങ്ങൾ പരത്തട്ടേയെന്ന് ഞാനാഗ്രഹിക്കുന്നു. മനുഷ്യന്റെ പരസ്പര സ്നേഹത്തിന്റേയും പരസ്പര വിശ്വാസത്തിന്റേയും നിമിഷങ്ങളായി ഇതുമാറട്ടെ. ഒന്നിന്റേയും അതിർവരമ്പുകളില്ലാതെ മനുഷ്യൻ പരസ്പരം സ്നേഹിക്കുന്ന ഒരു നല്ല നാളുകൾ ഉണ്ടാകട്ടെ.

എല്ലാ കലകളുടെയും ഉറവിടം ക്ഷേത്രങ്ങളാണെന്ന് പറയാറുണ്ട്. ക്ഷേത്രകലകൾ എന്ന കലാവിഭാഗം പോലും നമുക്കുണ്ട്. ഈ ക്ഷേത്രമുറ്റത്താണ് പല കലാകാരന്മാരും ഉണ്ടായിട്ടുള്ളത്. അതുപോലെ തന്നെ ഈ ക്ഷേത്രത്തിന്റെ മുറ്റത്താണ് കലാകാരനെന്ന് ആഗ്രഹിക്കുന്ന ഞാനും നിൽക്കുന്നത്. കുറേ ദിവസങ്ങളോളം തയാറെടുത്തിട്ടാണ് ഞാൻ ഈ പരിപാടിയിലേക്ക് വന്നത്. ഇത്രയും ആളുകളെ അഭിമുഖീകരിച്ച് ഞാൻ എന്തുപറയുമെന്നായിരുന്നു ചിന്തിച്ചിരുന്നത്.

കഴിഞ്ഞ 38 വർഷങ്ങളായി പല രൂപത്തിലും പല ഭാവത്തിലും എന്നെ കാണുകയും സ്നേഹിക്കുകയും ചെയ്യുന്ന നിങ്ങളോട് എന്തുപറയാനാണ്. ഈ സ്നേഹം തന്നെയാണ് എനിക്കും തിരിച്ചുള്ളത്. പരസ്പം സ്നേഹിച്ച് ജീവിക്കുന്ന മനുഷ്യരാണ് ദീർഘകാലം ജീവിച്ചുപോകുന്നത്. നിങ്ങളുടെ എല്ലാ പ്രാർഥനകളും സഫലമാകട്ടെ.’ - മമ്മൂട്ടി പറഞ്ഞവസാനിപ്പിച്ചു.

വൻ കരഘോഷത്തോടെയാണ് മമ്മൂട്ടിയുടെ വാക്കുകളെ ജനങ്ങൾ സ്വീകരിച്ചത്. ജാതിമതഭേദമന്യേ നിരവധിയാളുകളാണ് അദ്ദേഹത്തെ കാണാനായി എത്തിയത്. ഡോ. എം.ആർ രാജഗോപാലിന് ആറ്റുകാൽ അമ്മ പുരസ്കാരം നൽകി ആദരിച്ചു.  ഇരുപതിനാണ് ആറ്റുകാൽ പൊങ്കാല.