Thursday 10 January 2019 11:57 AM IST : By സ്വന്തം ലേഖകൻ

‘‘ഞാൻ ലോകമെമ്പാടും നൃത്തം ചെയ്തു നടക്കുന്നതിനാൽ എല്ലായ്പോഴും എത്തണമെന്നില്ല’’; ‘ശിഷ്യ’യുടെ കലാ വിദ്യാലയം ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി

mammootty-new

പൊതുവേദികളിൽ, തമാശ കലർത്തി രസകരമായി സംസാരിക്കുന്നയാളാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. താരത്തിന്റെ അത്തരത്തിലുള്ള ഒരു പുതിയ ആശംസാപ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടിയും നർത്തകിയുമായ കൃഷ്ണപ്രഭ കൊച്ചി പനമ്പള്ളി നഗറിൽ ആരംഭിച്ച ജൈനിക കലാ വിദ്യാലയത്തിന്റെ ഉദ്ഘാടനച്ചടങ്ങായിരുന്നു രംഗം.

‘‘കൃഷ്ണ പ്രഭ, ഞാൻ പഠിപ്പിച്ചതൊക്കെ ശിഷ്യരെ നന്നായി പഠിപ്പിക്കണം. എന്റെ ശിഷ്യ ഇങ്ങനെ ഒരു സ്കൂൾ തുടങ്ങുന്നതിൽ വളരെ സന്തോഷമുണ്ട്. ഞാൻ പിന്നെ ലോകത്തെമ്പാടും നൃത്തം ചെയ്ത് നടക്കുന്നതു കൊണ്ട് എല്ലായ്പോഴും എല്ലായിടത്തും എത്താൻ കഴിഞ്ഞോണം എന്നില്ല’’. താരം ഇതു പറഞ്ഞു തീർത്തതും പൊട്ടിച്ചിരിയുടെ തിരകളുയർന്നു.

‘‘സംഗതി കളിയാക്കാനാണ്. ഞാനാണ് നൃത്തം പഠിപ്പിച്ചത് എന്നൊക്കെ മമ്മൂക്ക പറഞ്ഞെങ്കിലും അഭിനയം മനസ്സിൽ കയറിയ കുഞ്ഞുപ്രായം മുതൽ മമ്മൂക്ക തന്നെയാണ് ഗുരു’’.– കൃഷ്ണ പ്രഭയുടെ മറുപടിയിങ്ങനെ. തിരക്കുകൾക്കിടയിലും ചടങ്ങിനെത്തിയ മമ്മൂക്കയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും കൃഷ്ണ പ്രഭ.

വിളിക്കാതിരുന്നിട്ടും ഇങ്ങോട്ട് വിളിച്ചു ചോദിച്ചാണ് താനെത്തിയതെന്നായിരുന്നു രമേഷ് പിഷാരടിയുടെ കമന്റ ്. അതാണ് ചടങ്ങിൽ എത്താൻ വൈകിയതെന്നും താരം.

‘‘കലാ രംഗത്തുള്ളവർ സ്വന്തമായി ഓരോ പ്രസ്ഥാനങ്ങൾ തുടങ്ങുന്നത് സന്തോഷമുള്ള കാര്യമാണ്. ധർമജന്‍ എന്തെങ്കിലും ഒരു ബിസിനസ് തുടങ്ങണമെന്ന് കുറെ ആയി പറയുന്നു. അങ്ങനെ മീൻ കച്ചവടം തുടങ്ങി. കൃഷ്ണപ്രഭ തുടങ്ങിയ പ്രസ്ഥാനം ലോകമെങ്ങും ബ്രാഞ്ചുകളുള്ള സ്ഥാപനമായി മാറട്ടെ’’.– പിഷാരടി ആശംസിച്ചു.

ചടങ്ങിൽ ഹൈബി ഈഡൻ എംഎൽഎ, സംഗീത സംവിധായകൻ അഫ്സൽ യൂസഫ്, സംവിധായകരായ അരുൺ ഗോപി, ആന്റണി സോണി, നടിമാരായ മിയ, അപർണ ബാലമുരളി, ആര്യ, ഷീലു ഏബ്രഹാം തുടങ്ങിയവരും പങ്കെടുത്തു.