Monday 13 August 2018 10:37 AM IST : By സ്വന്തം ലേഖകൻ

‘കൂളിംഗ് ഗ്ലാസ് കൊള്ളാം കേട്ടോ...’; മമ്മൂട്ടിയും പിള്ളേരും–കുട്ടനാടൻ ബ്ലോഗ് ട്രെയിലർ

mammootty

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഓണചിത്രം ‘ഒരു കുട്ടനാടൻ ബ്ലോഗ്’ ട്രെയിലർ പുറത്ത്. ചിത്രം മുഴുനീള എന്റർടെയ്നറാണെന്ന് ട്രെയിലറിൽ നിന്ന് വ്യക്തം. നീണ്ട ഇടവേളയ്ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്ന ഒരു ബ്ലോഗറുടെ കഥയാണ് കുട്ടനാടന്‍ ബ്ലോഗിന്റെ പശ്ചാത്തലം.

ഒരു ബ്ലോഗറുടെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മമ്മൂട്ടിയോടൊപ്പം അനു സിത്താരയും റായി ലക്ഷ്മിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ സഹസംവിധായകനായി യുവനടന്‍ ഉണ്ണി മുകുന്ദനുമുണ്ട്.

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കുട്ടനാടന്‍ ബ്ലോഗ്. ലാലു അലക്സ്, നെടുമുടി വേണു, ജൂഡ് ആന്റണി, സോഹൻസീനു ലാൽ, സഞ്ജു ശിവറാം എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. പ്രദീപാണ് ഛായാഗ്രഹണം. ശ്രീനാഥാണ് ഗാനങ്ങള്‍ ഒരുക്കിയത്. 

ബിജിപാലാണ് പശ്ചാത്തല സംഗീതം. അനന്തവിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.