Tuesday 08 January 2019 12:49 PM IST : By സ്വന്തം ലേഖകൻ

‘ആ ഭാവപ്രകടനം കണ്ട് ഡയലോഗ് പറയാൻ മറന്നു നിന്നു പോയി’; വൈറലായി കെ.പി.എ.സി ലളിതയുടെ വാക്കുകൾ

lalitha-new

അഭിനയ മികവിന്റെ പര്യായമാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. പതിറ്റാണ്ടുകളായി, നൂറു കണക്കിനു കഥാപാത്രങ്ങളിലൂടെ, താരം വരഞ്ഞിട്ട സ്വന്തം പ്രതിഭയുടെ ഫലമാണത്. മമ്മൂട്ടി അനശ്വരമാക്കിയ എത്രയെത്ര വേഷങ്ങൾ മലയാളി പേർത്തും പേർത്തും കാണുന്നു. അത്തരത്തിൽ തങ്ങളെ വിസ്മയിപ്പിച്ച പലതരം മമ്മൂട്ടി കഥാപാത്രങ്ങളെക്കുറിച്ച് പ്രശസ്തരുൾപ്പടെ പലരും പലപ്പോഴായി വാചാലരായിട്ടുമുണ്ട്. അത്തരത്തിൽ, മമ്മൂട്ടിയുടെ പ്രകടനം കണ്ട്, ഡയലോഗു പറയാൻ മറന്നു നിന്ന അവസരത്തെക്കുറിച്ച് മലയാളത്തിലെ എണ്ണം പറഞ്ഞ അഭിനേത്രികളിലൊരാളായ കെ.പി.എ.സി ലളിത പറഞ്ഞതാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

‘അമരം’ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് സംഭവം. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഒരു സുപ്രധാന കഥാപാത്രമായിരുന്നു ലളിതയ്ക്ക്.

‘‘അമരത്തിന്റെ ഷൂട്ടിങ്ങാണ്. സിനിമയിൽ എന്റെ മകനായി അഭിനയിച്ച അശോകന്റെ കഥാപാത്രത്തെ കാണാതാകുന്നു. അതോടെ മമ്മൂട്ടിയുടെ കഥാപാത്രം കടലിൽ വച്ച് അശോകന്റെ കഥാപാത്രത്തെ കൊന്നതാണെന്ന ആരോപണം ഉയരുന്നു. ഞാൻ മമ്മൂട്ടിയുടെ ഷർട്ടിൽ കുത്തിപ്പിടിച്ച്, ‘‘നീയെന്റെ മകനെ കൊന്നു കളഞ്ഞില്ലേ” എന്നു ചോദിക്കുന്ന രംഗമാണു ചിത്രീകരിക്കുന്നത്. ആ സമയം കഥാപാത്രത്തിന്റെ നിസ്സഹായതാവസ്ഥ മുഴുവൻ മമ്മൂട്ടിയുടെ മുഖത്തു നിഴലിച്ചു. ആ ഭാവപ്രകടനം കണ്ട ഞാൻ ഡയലോഗ് പോലും പറയാൻ മറന്നു നിന്നു പോയി”. – കെ.പി.എ.സി ലളിത പറഞ്ഞതിങ്ങനെ.

മമ്മൂട്ടി നായകനാകുന്ന തമിഴ് ചിത്രം ‘പേരൻപി’ന്റെയും തെലുങ്ക് ചിത്രം ‘യാത്ര’യുടെയും ട്രെയിലറുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. ഇരു ചിത്രങ്ങളിലും മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് ഹൈലൈറ്റ്.