Tuesday 11 December 2018 02:06 PM IST : By സ്വന്തം ലേഖകൻ

‘‘മമ്മൂട്ടി ചെയ്തൊരു റോൾ ലാലിനും ലാൽ ചെയ്തൊരു റോൾ മമ്മൂട്ടിക്കും ചെയ്യാൻ കഴിയില്ല’’ ; ഒടിയന്റെ തിരക്കഥാകൃത്ത് പറയുന്നു

odiyan-new

ഒടിയന്റെ അവതാരത്തിനായി ഇനി രണ്ടു ദിവസം കൂടി. മോഹൻലാലിനെ നായകനാക്കി വി.എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയന്റെ തിരക്കഥാകൃത്ത് ദേശീയ അവാർഡ് ജേതാവും മാധ്യമപ്രവർത്തകനുമായ ഹരികൃഷ്ണനാണ്. മമ്മൂട്ടിയെ നായകനാക്കി ഷാജി എൻ കരുൺ സംവിധാനം ചെയ്ത കുട്ടി സ്രാങ്കിനു തിരക്കഥയെഴുതിയാണ് അദ്ദേഹത്തിന്റെ സിനിമാ പ്രവേശം. മലയാളത്തിന്റെ രണ്ടു മഹാനടൻമാർക്കൊപ്പവും പ്രവർത്തിച്ച്, അവരുടെ അഭിനയം അടുത്തു നിന്നു കണ്ട ആൾ എന്ന നിലയിൽ ഹരികൃഷ്ണൻ ഇരുവരുടെയും അഭിനയ രീതികൾ തമ്മിലുള്ള വ്യതാസത്തെ പറ്റി പറയുന്നതിങ്ങനെ:

‘‘രണ്ടുപേരും വലിയ നടന്മാരാണ്, മമ്മൂട്ടി ചെയ്തൊരു റോൾ ലാലിനും ലാൽ ചെയ്തൊരു റോൾ മമ്മൂട്ടിക്കും ചെയ്യാൻ കഴിയില്ല. കുട്ടിസ്രാങ്ക് മമ്മൂട്ടിക്ക് മാത്രം ചെയ്യാൻ പറ്റുന്ന കഥാപാത്രമാണ്. അകാരത്തിലും അഭിനയത്തിലുമെല്ലാം ഒരു പൂർണ്ണതയുണ്ട് മമ്മൂട്ടിക്ക്. അതേസമയം, അതിസുന്ദരമായൊരു അഴിച്ചുവിടലാണ് ലാല്‍. അഭിനയത്തിലും ശരീരത്തിലും സൗഹൃദത്തിലുമൊക്കെ. തുറന്ന ആകാശം തേടുന്ന ഒരു പക്ഷി മോഹന്‍ലാലിലുണ്ട്. മമ്മൂട്ടിയില്‍ അങ്ങനെയൊരു തുറന്നുവിടലില്ല, ആന്തരികമായൊരു സഞ്ചാരമാണത്’’.– ഹരികൃഷണന്‍ പറയുന്നു.

ഒടിയൻ എഴുതാൻ തുടങ്ങിയപ്പോൾ മുതൽ മോഹൻലാലായിരുന്നു മനസ്സിലെന്നും ഏതു സമയത്തും ഏതു കഥാപാത്രത്തിലും മോഹൻലാൽ മാജിക്കലായ ഒരു പരകായ പ്രവേശന നടത്തുമെന്നും എന്നാൽ നായക സങ്കല്പങ്ങളുടെ പൂർത്തീകരണമാണ് മമ്മൂട്ടിയെന്നും അതിപ്പോൾ പൗരുഷമായാലും, ഗാഭീര്യമായാലും അങ്ങനെതന്നെയാണെന്നും അദ്ദേഹം പറയുന്നു.