Monday 14 January 2019 02:46 PM IST

ഒന്നര വർഷം ഫോണിലൂടെ പ്രണയിച്ചു, നേരിൽ കണ്ടപ്പോൾ... സീരിയലിനെ വെല്ലും മനീഷ് കൃഷ്ണയുടെ ജീവിത കഥ

V.G. Nakul

Sub- Editor

m-1

14 വർഷം. 60 സീരിയലുകൾ. കാമുകനായും വില്ലനായും സഹനായകനായും ഒന്നിനൊന്നു വേറിട്ട കഥാപാത്രങ്ങൾ. സീരിയൽ രംഗത്തെ തിരിച്ചറിയപ്പെടുന്ന മുഖങ്ങളിൽ പ്രമുഖൻ. എന്നിട്ടും മനീഷ് കൃഷ്ണ പറയുന്നു, ജീവിതം നന്നായി മുന്നോട്ടു കൊണ്ടുപോകമണെങ്കിൽ ഒരു ജോലി വേണം. സീരിയൽ കൊണ്ടു മാത്രം ജീവിക്കാൻ പറ്റുമെന്നു തോന്നുന്നില്ല. ഞെട്ടേണ്ട, കാര്യങ്ങൾ തന്റേടത്തോടു കൂടി തുറന്നു പറയുന്ന അപൂർവം പേരിൽ ഒരാളാണ് ഈ നടൻ. ഒട്ടും ആഗ്രഹിക്കാതെ ക്യാമറയ്ക്കു മുന്നിൽ എത്തി തിളങ്ങുന്ന വിജയം നേടിയ ഈ കലാകാരൻ ‘വനിത ഓൺലൈൻ’ വായനക്കാരുമായി പങ്കുവയ്ക്കുകയാണ്, സീരിയലിലെ കഥകളേക്കാൾ അവിശ്വസനീയമായി തോന്നാവുന്ന ജീവിതാനുഭവങ്ങൾ.

m-3

‘‘ഭ്രമണമാണ് പുതിയ സീരിയൽ. ശരത് എന്ന നേവി ഓഫീസറുടെ കഥാപാത്രം. നല്ല പ്രതികരണങ്ങളാണ് കിട്ടുന്നത്. കുടുംബങ്ങൾക്കൊക്കെ നന്നായി ഇഷ്ടപ്പെട്ടു. ഭാര്യ മറ്റൊരു ബന്ധത്തിൽ ഗർഭിണിയായിട്ടും അത് സ്വന്തം കുട്ടിയാണെന്നു കരുതി സ്നേഹിക്കുന്നയാളാണ് ശരത്. അത്തരത്തിൽ സഹതാപം കിട്ടുന്ന, ഇഷ്ടം നേടുന്ന ഒരു കഥാപാത്രം’’.

കഥാപാത്രത്തിന്റെ പ്രണയത്തെക്കുറിച്ച് പറയുന്നതിനിടെ മനീഷ് ഒരു നിമിഷം നിശബ്ദനായി. ഏതോ ചിന്തയിലേക്കിറങ്ങിയെന്ന മട്ടിൽ അൽപ്പ സമയത്തെ നിശബ്ദത. നിർബന്ധിച്ചപ്പോൾ മറവിയിലുപേക്ഷിച്ച ഒരു ‘തേപ്പിന്റെ’ കഥയാണ് താരം പറഞ്ഞു തുടങ്ങിയത്, ‘‘ഇത് സീരിയലല്ല, അതിനെ വെല്ലുന്ന അനുഭവം’’ എന്ന മുഖവുരയോടെ...

m-6

‘‘ഏകദേശം എട്ടു വർഷം മുൻപാണ്. വിദേശത്തു നിന്ന് എനിക്കൊരു കോൾ വന്നു. ഒരു പെൺകുട്ടിയാണ് വിളിച്ചത്. ഞാനഭിനയിച്ച സീരിയലുകളൊക്കെ കാണാറുണ്ടെന്നും എന്നെ ഇഷ്ടമാണെന്നും പറഞ്ഞു. പരിയചം സൗഹൃദമായും പ്രണയമായും വളർന്നത് പെട്ടെന്നാണ്. ഫോൺ വഴിയുള്ള ബന്ധമാണ്. ഫോട്ടോ മാത്രമാണ് കണ്ടിട്ടുള്ളത്. പക്ഷേ ഞാൻ വളരെ സിൻസിയറായിരുന്നു. വീട്ടിലും സുഹൃത്തുക്കളോടുമൊക്കെ പറഞ്ഞു. പല തവണ നാട്ടിലേക്കു വരാൻ പറഞ്ഞെങ്കിലും അവർ വന്നില്ല. അപ്പോഴും ഞാൻ സംശയിച്ചില്ല. ഒന്നര വർഷം കടന്നു പോയി. ഒടുവിൽ അവർ നാട്ടിലെത്തി, എന്നെ കാണാൻ വന്നു. ഞെട്ടിപ്പോയി! മറ്റൊരാൾ. അത്രകാലം അവർ പറഞ്ഞതൊന്നും സത്യമായിരുന്നില്ല. മറ്റാരുടെയോ ഫോട്ടോ ഉപയോഗിച്ചുള്ള ചതിയായിരുന്നു എല്ലാം. ഞാൻ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന തിരിച്ചറിവ് വലിയ ഷോക്കായി. മാനസികമായി തളർന്നു. കുടുംബത്തിലടക്കം എല്ലാവരുടെയും അവസ്ഥ അതായിരുന്നു. എങ്കിലും എന്നെ അതിൽ നിന്നു മാനസികമായി രക്ഷപ്പെടുത്താൻ എല്ലാവരും ഒപ്പം നിന്നു. സുഹൃത്തുക്കളുടെ പിന്തുണ എടുത്തു പറയണം. അക്കാലത്ത്, വ്യക്തിപരമായ പ്രയാസങ്ങൾ കരിയറിനെ ബാധിക്കാതിരിക്കാനൻ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു... ഒക്കെയും കഴിഞ്ഞ കാര്യങ്ങളാണ്. ഇപ്പോൾ അത്തരം മോശം അനുഭവങ്ങളൊന്നും എന്നെ ബാധിക്കുന്നേയില്ല...’’

m-5

കലാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് മനീഷിന്റെ വരവ്. അച്ഛൻ എൻ.രാധാകൃഷ്ണൻ എന്ന രാധാകൃഷ്ണൻ കൂത്തുപറമ്പ് നടനാണ്. ജനപ്രിയ പരമ്പരയായ ‘മുൻഷി’യിലെ ഹാജ്യാര് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് അദ്ദേഹം. അച്ഛന്റെ അനിയനാണ് പ്രശസ്ത സംഗീത സംവിധായകൻ രമേഷ് നാരായണൻ. അച്ഛന്റെയും ചെറിയച്ഛന്റെയും സ്വാധീനം പല രീതിയിൽ മനീഷിന്റെ അഭിനയ ജീവിതത്തിന് പ്രേരണയായിട്ടുണ്ട്.

ഗ്രാഫിക് ഡിസൈനർ നടനായ കഥ

കണ്ണൂരിലെ കൂത്തുപറമ്പാണ് എന്റെ നാട്. 2002–03 ലൊക്കെയാണ് ഗ്രാഫിക് ഡിസൈനിങ് പഠിക്കാൻ തിരുവനന്തപുരത്തെത്തിയത്. പഠനം കഴിഞ്ഞ് പട്ടത്തെ ഒരു സ്റ്റുഡിയോയിൽ ജോലിക്കു കയറി. ആയിടയ്ക്കാണ് അച്ഛന്റെ സുഹൃത്ത് വഴി ഒരു ഷോർട്ട് ഫിലിമിൽ അവസരം ലഭിച്ചത്. നാട്ടിലും സ്കൂളിലുമൊക്കെ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും നടനാകണമെന്ന് വലിയ താത്പര്യമൊന്നുമുണ്ടായിരുന്നില്ല.

m-2

തുടക്കം മൗനത്തിൽ

ഷോർട്ട് ഫിലിമിൽ അഭിനയിച്ചു കഴിഞ്ഞ് വീണ്ടും ജോലിയിൽ തന്നെ ശ്രദ്ധിക്കുന്നിതിനിടെയാണ് സംഗീത സംവിധായകനായ വിശ്വജിത്ത് പറഞ്ഞിട്ട് ‘മൗനം’ എന്ന സീരിയലിൽ അവസരം കിട്ടുന്നത്. ഇളയച്ഛന്റെ ശിഷ്യനാണ് വിശ്വജിത്ത്. വിശ്വജിത്തായിരുന്നു അതിന്റെ സംഗീത സംവിധായകൻ. പ്രവീണയായിരുന്നു നായിക. നായികയുടെ അനിയന്റെ കഥാപാത്രത്തിനായി ഒരു നടനെ വേണമെന്നു പറഞ്ഞപ്പോൾ വിശ്വജിത്ത് എന്റെ പേര് നിർദേശിച്ചു. അങ്ങനെ സംവിധായകനെ പോയി കണ്ടു. അവിടെ പ്രവീണയും തിരക്കഥാകൃത്തുമൊക്കെയുണ്ടായിരുന്നു. കുറച്ച് ചിത്രങ്ങളൊക്കെയെടുത്തു. വൈകുന്നേരമായപ്പോൾ ഓകെ പറഞ്ഞു. അതിൽ ത്രൂ ഔട്ട് ക്യാരക്ടറായിരുന്നു. അതിനു ശേഷം ജി.എസ് വിജയൻ സംവിധാനം ചെയ്ത് ‘ഓഹരി’ തുടങ്ങി പല സീരിയലുകളിലും ചെറുതും വലുതുമായ ഒട്ടേറം കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ട ആദ്യ വേഷം ‘വീണ്ടും ജ്വാലയായ്’ യിലെ ശ്യാമാണ്.

വലിയ ടീമായിരുന്നു ആ സീരിയലിന്റെത്. നല്ല കഥാപാത്രമായിരുന്നു ശ്യാം. അതു ഹിറ്റായി. എല്ലാവരും പെട്ടെന്നു തിരിച്ചറിഞ്ഞു തുടങ്ങി. ആദ്യമൊക്കെ പോസിറ്റീവായിരുന്ന, ക്ലൈമാക്സിൽ വില്ലനായ കഥാപാത്രമാണ് ശ്യാം. പിന്നീടു വന്ന ‘ഹരിചന്ദനം’, ‘പാരിജാതം’ തുടങ്ങി മിക്ക സീരിയലുകളിലും ജനപ്രിയ കഥാപാത്രങ്ങളായിരുന്നു. അതിനിടെ സിനിമയിലും മുഖം കാട്ടി.

ഇതുകൊണ്ടു ജീവിക്കാനാകില്ല

അഭിനയ രംഗത്തെത്തിയിട്ടിപ്പോൾ 14 വർഷം കഴിഞ്ഞു. അറുപതോളം സീരിയലുകളിലും അഭിനയിച്ചു. അതിനിടെയും പല കഥാപാത്രങ്ങളും അവസാന നിമിഷം കൈയിൽ നിന്നു പോയിട്ടുണ്ട്. അതിലൊന്നും സങ്കടമില്ല. പക്ഷേ, ഇപ്പോഴും സീരിയൽ അഭിനയം കൊണ്ടു മാത്രം ജീവിക്കാനാകുമെന്ന ആത്മവിശ്വാസമില്ല. മറ്റെന്തെങ്കിലും ജോലി കൂടി കണ്ടെത്തിയാലേ മുന്നോട്ടു പോകാനാകൂ എന്ന അവസ്ഥയാണ് പലപ്പോഴും. അതിനു ശ്രമിക്കുന്നുണ്ട്. അതേ പോലെ സീരിയലിൽ അവസരം കിട്ടുകയെന്നതും അത്ര എളുപ്പമല്ല. പരിചയവും സൗഹൃദവുമൊക്കെ പ്രധാന ഘടകങ്ങളാണ്. അതൊന്നുമില്ലാതെ ഒറ്റയ്ക്കൊരാൾ തുഴഞ്ഞു പോകുന്നതിന് പരിമിതിയുണ്ട്.

m-4

ജിമ്മിലേക്കോ..വയ്യ....

നടൻ വിനീത് കുമാറുമായുള്ള മുഖസാദൃശ്യത്തെക്കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്. സന്തോഷം. മുൻപ് ജിമ്മിൽ പോയിരുന്നു. രാവിലെ എഴുന്നേറ്റു പോകാനുള്ള മടി കാരണം നിർത്തി. കാര്യമായ വർക്കൗട്ടും ഡയറ്റിങ്ങുമൊന്നുമില്ല. ഭാര്യ ഷിജിനയും മകൻ ആഗ്നേയ് കൃഷ്ണയുമാണ് മനീഷിന്റെ കരുത്ത്. അച്ഛനൊപ്പം അമ്മ വനജയും അനിയൻ പ്രസീദ് കൃഷ്ണയും പിന്തുണയുമായി ഒപ്പമുണ്ട്.