Wednesday 22 July 2020 02:04 PM IST

‘ഇനി സീരിയലിലേക്ക് ഇല്ല എന്നു തീരുമാനിച്ചു, തിരികെ വിളിച്ചത് ഏട്ടന്റെ അമ്മ’! കാത്തിരുന്ന് കാത്തിരുന്ന് മനീഷയ്ക്ക് ചിങ്ങത്തിൽ താലികെട്ട്

V.G. Nakul

Sub- Editor

maneesha-5

മനീഷ ജയസിങ് എന്ന പേരു കേട്ടപ്പോൾ തോന്നിയ കൗതുകം സംസാരിച്ചു തുടങ്ങിയപ്പോൾ അതിശയമായി. നല്ല ഒഴുക്കോടെ മലയാളം പറയുന്ന ഈ സുന്ദരിക്കൊച്ചിന്റെ പേരിനൊപ്പം ‘സിങ്’ എങ്ങനെ വന്നു ? ചോദിച്ചപ്പോള്‍ ചെറു ചിരിയോടെ മനീഷ പറഞ്ഞു–

‘‘എന്റെ അച്ഛന്റെ പേര് ജയ്ബന്ദ് സിങ് എന്നാണ്. അച്ഛൻ പഞ്ചാബിയാണ്. അമ്മ ലത മലയാളിയും’’.

അച്ഛന്റെയും അമ്മയുടെയും ‘മലയാളി–പഞ്ചാബി പ്രണയകഥ’യുടെ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങിയപ്പോഴേക്കും മനീഷ ബാക്കി പറഞ്ഞു–

‘‘അച്ഛന്റെയും അമ്മയുടെയും അറേഞ്ച് മാര്യേജ് ആയിരുന്നു. അച്ഛന്റെ അമ്മ മലയാളിയാണ്. കണ്ണൂരാണ് നാട്. അങ്ങനെ വന്ന ആലോചനയാണ്...’’.

മനീഷയെ മലയാളികൾ അറിയും. മലയാളം മിനിസ്ക്രീൻ രംഗത്തെ പുതിയ താരസാന്നിധ്യമാണ് ഈ പാതി മലയാളി പാതി പഞ്ചാബി പെൺകുട്ടി.

m3

‘മഴവിൽ മനോരമ’യിലെ സൂപ്പർഹിറ്റ് പരമ്പര ‘ജീവിത നൗക’യിൽ മേഘ്ന റെഡ്ഡി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ മനീഷ ഇപ്പോൾ വിവാഹ ജീവിതത്തിലേക്കു കടക്കുവാനൊരുങ്ങുകയാണ്. ശിവദിത്ത് ആണ് മനീഷയുടെ ജീവിതപ്പാതിയാകുക. മെയ് 24 ന് തീരുമാനിച്ച വിവാഹം ലോക്ക് ഡൗൺ കാരണം നീട്ടി വച്ചിരിക്കുകയാണ്. ചിങ്ങത്തിൽ പുതുക്കിയ തീയതിയിൽ വിവാഹം നടക്കും എന്ന് മനീഷ പറയുന്നു.

തന്റെ അഭിനയ– വിവാഹ വിശേഷങ്ങളെക്കുറിച്ച് മനീഷ ‘വനിത ഓൺലൈനി’ൽ മനസ്സ് തുറക്കുന്നു.

maneesha-4

ഞാൻ മലയാളിയാണേ...

എനിക്കു നന്നായി മലയാളം അറിയാം. ഞാൻ ശരിക്കും ഒരു തിരുവനന്തപുത്തുകാരിയാണ്. അമ്മയുടെ നാടായ തിരുവനന്തപുരത്താണ് ഞാൻ ജനിച്ചു വളർന്നത്. അച്ഛൻ ജോലിയുടെ ഭാഗമായി ഏറെക്കാലം ഇവിടെയായിരുന്നു. ഇപ്പോൾ മുംബൈയിലാണ്. അമ്മ ലത. അനിയത്തി രവീണ. അനിയൻ രാഹുല്‍.

ആഗ്രഹിച്ച് നേടിയത്

ഞാൻ വളരെ ആഗ്രഹിച്ചാണ് ഈ മേഖലയിലേക്കു വന്നത്. ചെറുപ്പം മുതൽ ഒപ്പം കൂടിയ താൽപര്യമാണ്. ന‍ൃത്തം പഠിച്ചിരുന്നു. ഒരുപാട് ശ്രമിച്ചാണ് അവസരങ്ങൾ കിട്ടിയത്. കൂടുതലും നേരിട്ടത് അവഗണനകളായിരുന്നു. പക്ഷേ തോറ്റ് പിൻമാറാൻ ഞാൻ തയാറായിരുന്നില്ല.

maneesha-2

തുടക്കം സിനിമയിൽ

ഞാൻ ആദ്യം അഭിനയിച്ചത് സിനിമയിലാണ്. ‘ചാലക്കുടിക്കാരൻ ചങ്ങാതി’ യിൽ 4നായികമാരിൽ ഒരാളായിരുന്നു. ‘പൗർണമി തിങ്കൾ’ ആണ് ആദ്യത്തെ സീരിയൽ. അതിൽ പൗർണമി എന്ന കഥാപാത്രമായിരുന്നു. ‘ചാലക്കുടിക്കാരൻ ചങ്ങാതി’ കണ്ടാണ് ‘പൗർണമിത്തിങ്കളി’ലേക്ക് വിളിച്ചത്.

പക്ഷേ, കുറച്ചു കഴിഞ്ഞപ്പോൾ അവർ കാസ്റ്റിങ് പെട്ടെന്നു ചെയ്ഞ്ച് ചെയ്തു. എന്നോട് പോലും പറഞ്ഞില്ല. ഒരു സൂചന പോലും തരാതെ ഞാനുൾപ്പടെ മൂന്നോ നാലോ ആർട്ടിസ്റ്റുകളെ മാറ്റി. അതിന്റെ വിഷമത്തിലിരിക്കെയാണ് എന്റെ ശിവദിത്തേട്ടന്റെ അമ്മ വഴി ‘ജീവിത നൗക’യിൽ ചാൻസ് കിട്ടിയത്. അമ്മ ആക്ടിങ് കോ ഓഡിനേറ്ററാണ്. നിർമല രാജേന്ദ്രൻ എന്നാണ് പേര്. ഇനി ഞാൻ സീരിയൽ ചെയ്യുന്നില്ല സിനിമയിൽ ശ്രദ്ധിക്കാം എന്നു തീരുമാനിച്ചിരുന്നതാണെങ്കിലും ‘മോള് ചെയ്തു നോക്കൂ’ എന്ന് അമ്മ പറഞ്ഞപ്പോൾ നോ പറഞ്ഞില്ല. മാത്രമല്ല, ‘ചാലക്കുടിക്കാരൻ ചങ്ങാതി’ കഴിഞ്ഞ് സിനിമയിൽ നിന്ന് നല്ല അവസരങ്ങളും പിന്നീട് വന്നില്ല. അപ്പോഴേക്കും ഞാനും ശിവദിത്ത് ചേട്ടനും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു. ‘ജീവിത നൗക’യിൽ മേഘ്ന റെഡ്ഡി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

maneesha-1

ഇനി ചിങ്ങത്തിൽ താലികെട്ട്

എന്റെയും ശിവദിത്ത് ചേട്ടന്റെയും അറേഞ്ച് മാര്യേജ് ആണ്. പല ആലോചനകളുടെയും കൂട്ടത്തിലാണ് ശിവദിത്ത് ചേട്ടന്റെ പ്രപ്പോസലും വന്നത്. വിവാഹം തീരുമാനിച്ച ശേഷമാണ് ഞാൻ ‘പൗർണമിത്തിങ്കളി’ൽ അഭിനയിച്ച് തുടങ്ങിയത്. ശിവദിത്ത് ചേട്ടൻ ബ്രഹ്മോസിലാണ് ജോലി ചെയ്യുന്നത്.

നിശ്ചയം കഴിഞ്ഞിട്ട് ഒന്നര വർഷം കഴിഞ്ഞു. കഴിഞ്ഞ മേയ് 24 നാണ് വിവാഹം തീരുമാനിച്ചിരുന്നത്. ലോക്ക് ഡൗൺ കാരണം വിവാഹം മാറ്റി വയ്ക്കുകയായിരുന്നു. ഇനി ചിങ്ങത്തിൽ നടത്താം എന്നു പ്ലാൻ ചെയ്യുന്നു. വിവാഹം കഴിഞ്ഞ് അഭിനയിക്കുമോ എന്നൊക്കെ അതിനു ശേഷം പറയാം. എല്ലാം ദൈവത്തിന്റെ തീരുമാനം. ഏട്ടന്റെ അച്ഛനും സീരിയൽ മേഖലയിലാണ്. രാജേന്ദ്രന്‍ എന്നാണ് പേര്.