Monday 10 September 2018 04:30 PM IST : By സ്വന്തം ലേഖകൻ

‘38 വയതിനിലേ’; മലയാളത്തിന്റെ മുഖശ്രീക്ക് പിറന്നാൾ മധുരം

manju-1

മലയാളിക്ക് സ്വന്തം വീട്ടിലെ ആളാണ് മഞ്ജുവാരിയർ. സിനിമയുടെ മായിക ലോകത്ത് നിന്നിറങ്ങി, കേരളീയരുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന പ്രതിഭ, മലയാള സിനിമയുടെ മുഖശ്രീ... ഇന്ന്, 38–ാം പിറന്നാളിന്റെ നിറവിൽ നിൽക്കുമ്പോൾ മഞ്ജുവിന്റെ എത്രയെത്ര കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളുമാണ് ഓർമ്മയുടെ തിരശ്ശീലയിൽ മിന്നിമായുന്നത്...

മലയാളം കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാൾ എന്ന വിശേഷണത്തോടെ വിജയത്തിന്റെ പടികൾ വേഗത്തിൽ ഓടിക്കയറുന്നതിനിടെ, വിവാഹിതയായി സിനിമ വിട്ട മഞ്ജുവിന്റെ രണ്ടാം വരവ് പ്രേക്ഷകർ ആഘോഷമാക്കിയത് ‘ലേഡി സൂപ്പർസ്റ്റാർ’ എന്ന അംഗീകാരം നൽകിയാണ്. രണ്ടാം വരവിലാകട്ടെ വേദനിക്കുന്നവരുടെ കണ്ണീരൊപ്പി, കാരുണ്യത്തിന്റെ സാന്ത്വനവുമായി ജനകീയമായ മറ്റൊരു മുഖവും അവർ സ്വന്തമാക്കി. ഈ പിറന്നാൾ ദിനത്തിൽ, രൂപ ദയാബ്ജി തയാറാക്കി ‘വനിത’യിൽ പ്രസിദ്ധീകരിച്ച, കേരളത്തിലെ പല ജില്ലകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട വീട്ടമ്മമാരുടെ മഞ്ജു വാരിയരുമായുള്ള സ്നേഹ സല്ലാപം വീണ്ടും വായിക്കാം:

manju-2

സ്വപ്നം പോലെയായിരുന്നു മഞ്ജുവിനൊപ്പമുള്ള ആ ദിവസം. ‘ആമി’യുടെ കൊൽക്കത്തയിലെ ലൊക്കേഷനിൽ നിന്ന് രാത്രി വൈകിയെത്തിയതിന്റെ അലട്ടലൊന്നുമില്ലാതെയാണ് മഞ്ജു അവിടേക്കെത്തിയത്. പ്രത്യേക അഭ്യർഥനയെ തുടർന്ന് ഇപ്പോഴത്തെ പ്രശ്നങ്ങളെ ഒഴിവാക്കി കൗതുകവും അത്ഭുതവും നിറച്ച് വീട്ടമ്മമാർ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഹൃദയം കൊണ്ടുതന്നെ മഞ്ജു മറുപടി പറഞ്ഞു.

∙ കൊൽക്കത്ത യാത്രയുടെ വിശേഷങ്ങൾ എന്തൊക്കെ ?

ഒരു വയസ്സിൽ താഴെ പ്രായമുള്ളപ്പോൾ ഞാൻ കൊൽക്കത്തയിൽ പോയിട്ടുണ്ടത്രേ. അമ്മയുടെ ചേച്ചിയും കുടുംബവും 40 വർഷത്തോളം അവിടെയായിരുന്നു. ഓർമ വച്ച ശേഷം കൊൽക്കത്തയിൽ പോകുന്നത് ‘ആമി’യുടെ ഷൂട്ടിങ്ങിനു വേണ്ടിയാണ്. അപ്പോഴേക്കും വല്യമ്മയും കുടുംബവും ചെന്നൈയിലേക്ക് താമസം മാറി. എല്ലാവർക്കും ഇഷ്ടം തോന്നുന്ന നഗരമാണ് കൊൽക്കത്ത. ആ പേരിന്റെ സൗന്ദര്യവും, കുട്ടിക്കാലം മുതൽ കേട്ടു പരിചയിച്ച ടാഗോറും, മദർ തെരേസയുടെ പ്രവർത്തനങ്ങളും ഒക്കെയാകാം കാരണം. സാംസ്കാരികമായി വളരെയധികം പെരുമയുള്ള നഗരമാണത്. കെട്ടിടങ്ങളും തെരുവുകളും പഴമയുടെ ആഢ്യത്തത്തോടെ ഇപ്പോഴും നിലനിർത്തുന്നു. അന്നാട്ടുകാരെ കണ്ടാലും കലാകാരന്മാരാണെന്നു തോന്നും. ഉരുട്ടിയുരുട്ടിയുള്ള ബംഗാളി ഭാഷ കേൾക്കാൻ നല്ല സുഖമാണ്.

ആറുദിവസമാണ് അവിടെ തങ്ങിയത്. പഴയ തരത്തിലുള്ള ഒരു വീട്ടിലായിരുന്നു ഷൂട്ടിങ്. ‘ആമി’യുടെ ഛായാഗ്രാഹകൻ മധു നീലകണ്ഠനും നടൻ മുരളി ഗോപിയും ഞാനും കൂടി അവിടത്തെ പലതരം ഭക്ഷണങ്ങൾ കണ്ടെത്തി കഴിക്കാൻ പോകുമായിരുന്നു. രസഗുള കഴിച്ചു, ട്രാമിൽ ഷൂട്ട് ചെയ്തു, അമ്മയ്ക്ക് ഇഷ്ടപ്പെടുന്ന തരം സാരികളും വാങ്ങി. ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട നഗരമാണ് കൊൽക്കത്ത എന്ന് നേരിട്ടു ബോധ്യമായി.

∙ കഥാപാത്രത്തിനു വേണ്ടി തയാറെടുക്കാറുണ്ടോ ?

നന്നായി തയാറെടുത്ത് സ്വയം നന്നാക്കുന്ന ആളുകളാണ് ഭൂരിപക്ഷവും. പക്ഷേ, ഒരുപാട് തയാറെടുക്കാത്ത ആളാണ് ഞാൻ. ആഗ്രഹമുണ്ടാകുമെങ്കിലും നടക്കാറില്ല, അതാണ് നല്ലതെന്നു തോന്നിയിട്ടുമുണ്ട്. എന്നോടു ചില സംവിധായകർ പറഞ്ഞിട്ടുണ്ട് തയാറെടുപ്പില്ലാതെ ചെയ്യുമ്പോഴാണ് നാച്ചുറലാകുന്നത് എന്ന്. ഇതൊക്കെയാണെങ്കിലും കഥാപാത്രത്തെ കുറിച്ച് നന്നായി മനസ്സിലാക്കിയിട്ടേ സീനിനു വരൂ. കഥ കേൾക്കുമ്പോൾ ഒരു കാര്യമാണ് നോക്കാറ്, ആ സിനിമ തിയറ്ററിൽ പോയി കാണാൻ തോന്നുന്നുണ്ടോ എന്ന്. ചിലർ സംവിധായകനെയാകും നോക്കുക, ചിലർ കഥ നോക്കും, ചിലർ നിർമാണ കമ്പനി, ചിലർ നായകനെയോ നായികയെയോ. ഒരു ഘടകം മാത്രം നന്നായി എന്നതുകൊണ്ട് സിനിമ വിജയിക്കണമെന്നില്ല. കൃത്യമായ ഫോർമുല ഇക്കാര്യത്തിൽ പറയാനാകില്ല. അങ്ങനെയായാൽ എല്ലാ സിനിമയും വിജയിക്കണ്ടേ.

ഏതു കഥാപാത്രം ചെയ്യുമ്പോഴും ഉള്ളിന്റെയുള്ളിൽ നിന്ന് പരിശ്രത്തിന്റെ നൂറുശതമാനവും പുറത്തെടുക്കാറുണ്ട്. അത്രമാത്രം ഡെഡിക്കേറ്റ് ചെയ്യാറുമുണ്ട്. അതുകൊണ്ടുതന്നെ എല്ലാ കഥാപാത്രങ്ങളും ഹൃദയത്തോടു ചേർന്നു നിൽക്കുന്നവയാണ്. ഒടുവിൽ റിലീസായ ‘സൈറാബാനു’വും ഇപ്പോൾ അഭിനയിച്ച ആമിയും സുജാതയുമെല്ലാം അങ്ങനെ തന്നെ. സീൻ എടുക്കുന്നതിനു മുമ്പല്ല, നല്ലൊരു പെർഫോമൻസ് ചെയ്താലാണ് ഉറക്കമില്ലാത്ത രാത്രിയുണ്ടാകുന്നത്. സന്തോഷം കൊണ്ടു മനസ്സു നിറഞ്ഞിരിക്കുന്നതാണ് അതിനു കാരണം.

∙ ‘ഉദാഹരണം സുജാത’യുടെ ഷൂട്ടിങ് മുമ്പൊരു കാലത്ത് കുപ്രസിദ്ധമായിരുന്ന തിരുവനന്തപുരത്തെ ചെങ്കൽചൂള കോളനിയിലായിരുന്നല്ലോ. അവിടെവച്ച് മനസ്സിനെ സ്പർശിച്ച അനുഭവങ്ങളുണ്ടായോ ?

ആദ്യമായാണ് ചെങ്കൽചൂളയിലേക്ക് പോകുന്നത്. വളരെ സ്നേഹത്തോടെയാണ് ഷൂട്ടിങ് ടീമിനെ അവർ സ്വീകരിച്ചത്. ആവശ്യമുള്ളതെല്ലാം എത്തിക്കാൻ മത്സരിച്ചു. ഒരു വീടിന്റെ മുകളിലത്തെ നിലയിൽ സെറ്റിട്ടാണ് ഷൂട്ട് ചെയ്യുന്നത്. താഴെ താമസിക്കുന്ന അമ്മൂമ്മ എല്ലാ ദിവസവും കാത്തിരിക്കും. മുണ്ടും ബ്ലൗസുമാണ് അവരുടെ പതിവുവേഷം. തോർത്തു കൂടി ഉണ്ടെങ്കിൽ എന്തോ വിശേഷമുണ്ടെന്നു തീർച്ച. എന്നും ഷൂട്ടിങ്ങിനു ചെല്ലുമ്പോൾ ‘രാവിലെ എന്താ കഴിച്ചത്’ എന്നൊക്കെ ചോദിച്ച് കവിളിൽ ഉമ്മതരും. തിരിച്ചുപോകുമ്പോഴും ഉമ്മ തന്നാണു വിടുന്നത്. ‘രാത്രി കഴിക്കാൻ കഞ്ഞി ഉണ്ടാക്കിതരട്ടേ’ എന്നു മിക്ക ദിവസവും ചോദിക്കും. ഷൂട്ടിങ് തീർന്ന ദിവസം അമ്മൂമ്മയ്ക്ക് ഒരു മുണ്ട് വാങ്ങി കൊടുത്തു, കുറേ നേരം ആ വീട്ടിൽ ചെന്നിരുന്നു. ആ പ്രദേശത്തുള്ളവർ ഫോട്ടോയെടുക്കാൻ വന്നപ്പോഴെല്ലാം അമ്മൂമ്മ കൈയിൽ വിടാതെ പിടിച്ചിരുന്നു. ഇനിയും അമ്മൂമ്മയെ കാണാൻ പോണമെന്നു മോഹമുണ്ട്. അത്ര നിഷ്കളങ്കമായിരുന്നു ആ സ്നേഹം.

മറക്കാനാകാത്ത മറ്റൊരു അനുഭവവും അവിടെ വച്ചുണ്ടായി. ഷൂട്ടിങ്ങിനിടെ വധഭീഷണി ഉണ്ടായി, അക്രമമുണ്ടായി എന്നൊക്കെ വാർത്ത വന്നു. അത്രമാത്രം ഷൂട്ടിങ്ങിനോടു സഹകരിച്ചവരെ കുറിച്ചുവന്ന മോശം വാർത്തയ്ക്ക് വിശദീകരണം നൽകണമെന്നു ഞങ്ങൾ തീരുമാനിച്ചു. പത്രക്കുറിപ്പ് പുറത്തിറക്കിയതിന്റെ പിറ്റേ ദിവസം സെറ്റിലെത്തുമ്പോൾ നാസിക് ധോൽ ഒക്കെ കൊട്ടി വലിയ മേളത്തോടെയാണ് അവർ സ്വീകരിച്ചത്. ആ കോളനിയിലെ സ്ത്രീകളും കുട്ടികളുമടക്കമുള്ള മുഴുവൻ പേരും എത്തി നന്ദി പറഞ്ഞു. അവരുടെ സ്നേഹം കണ്ട് കണ്ണുനിറഞ്ഞുപോയി.

∙ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച സ്ത്രീകൾ ?

എല്ലാവരെയും പോലെ തന്നെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച സ്ത്രീ അമ്മയാണ്. മറ്റുള്ളവരെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വാധീനിച്ചിട്ടുണ്ടെങ്കിലും പേരെടുത്തു പറയുമ്പോൾ ചിലർക്ക് വിഷമമാകും. ജീവിതത്തെ സ്വാധീനിച്ച എല്ലാ സ്ത്രീകളെയും ഈ നിമിഷം ഓർക്കുന്നു.

manju-5

∙ ഗ്ലാമർ ഒട്ടുമില്ലാത്ത റോളുകളിൽ അഭിനയിക്കാനും മഞ്ജു റെഡിയാണ്, കന്മദവും ഉദാഹരണം സുജാതയും പോലുള്ളവ. അഭിനയം പാഷനായത് എങ്ങനെയാണ് ?

ഗ്ലാമർ ഉള്ള വേഷങ്ങൾ ചേരാത്തതു കൊണ്ടാകും അത്. ഭയങ്കര ഗ്ലാമറസ് ആയ ദിവാ റോളുകളൊന്നും എന്നെ തേടി വന്നിട്ടില്ല. ചേരാത്ത വേഷങ്ങൾ ഏതാണ് എന്നു തിരിച്ചറിയുന്നതാണല്ലോ വിജയം. പരിമിതികളെ കുറിച്ച് കൃത്യമായ ബോധ്യമുണ്ട്.

ഡീഗ്ലാമറൈസ്ഡ് എന്നത് അത്ര തെറ്റൊന്നുമല്ല. ചിലപ്പോൾ കഥാപാത്രം അത് ആവശ്യപ്പെടും. പല വീടുകളിൽ വീട്ടുജോലി ചെയ്യുന്ന, ചെരിപ്പുകമ്പനിയിലും പേപ്പർ ബാഗ് നിർമാണ കേന്ദ്രത്തിലും നെയ്ത്തുശാലയിലും ജോലിചെയ്ത്, അലഞ്ഞുനടന്ന് ജീവനോപാധി കണ്ടെത്തുന്ന സുജാതയ്ക്ക് സ്കിന്നിന്റെ കാര്യം നോക്കാൻ എവിടെ നേരം. കൊല്ലപ്പണി ചെയ്യുന്ന, തീയും കരിയുമേറ്റു ജീവിക്കുന്ന ‘കന്മദ’ത്തിലെ കൊല്ലത്തിക്കും അത്ര സൗന്ദര്യം മതിയാകും. ആളുകൾക്ക് തോന്നുന്ന സ്നേഹമല്ലേ വലുത്. അതുകൊണ്ടാണ് കഥാപാത്രങ്ങൾക്കും സൗന്ദര്യമുണ്ടാകുന്നത്.

∙ ‘കന്മദ’ത്തിലെ കഥാപാത്രം ബോൾഡായി നിന്നിട്ടും പുരുഷനു മുന്നിൽ പെട്ടെന്നു ഒതുങ്ങിപ്പോകുന്നു. അത്ര പെട്ടെന്നു മയപ്പെടുത്താനാകുമോ പെണ്ണിനെ ?

അങ്ങനെ സങ്കൽപിച്ചതും എഴുതിയതും ലോഹിതദാസ് സാറാണ്. ആ സമയത്തൊന്നും ഇങ്ങനെ ചിന്തിക്കാനുള്ള അറിവ് എനിക്കില്ല, ഇപ്പോഴുമില്ല. ലാലേട്ടന്റെ കഥാപാത്രം കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്ന സീനിലാണ് ആ കീഴടങ്ങൽ പ്രകടമാകുന്നത്. ആ നിമിഷത്തിനു ഒരു സൗന്ദര്യമുണ്ട്. അങ്ങനെ കാണാനാണ് എനിക്ക് ഇഷ്ടവും.

∙ നാഗർകോവിലിൽ ജനിച്ചു, കണ്ണൂരിൽ പഠിച്ചു, പുള്ളിൽ ജീവിച്ചു. ആ കാലത്ത് കണ്ട സ്വപ്നങ്ങളുടെ അതിര് എവിടെയായിരുന്നു ?

ഞാൻ കണ്ണൂരുകാരി ആണെന്നാണ് ഇപ്പോഴും പലരുടെയും ധാരണ. പുള്ളിലാണ് അച്ഛന്റെ തറവാടെങ്കിലും നാഗർകോവിലിൽ വച്ചാണ് ഞാൻ ജനിച്ചത്. അച്ഛനു കണ്ണൂരിൽ ജോലിയായിരുന്ന സമയത്ത് ആറാം ക്ലാസുമുതൽ പതിനൊന്നാം ക്ലാസുവരെ ചൊവ്വ ഹൈസ്കൂളിലും ചിന്മയ വിദ്യാലയയിലും പഠിച്ചു. ചിന്മയയിലെ കുട്ടിയായാണ് യുവജനോത്സവങ്ങളിൽ പങ്കെടുക്കുന്നത്. അതായിരുന്നു മേൽവിലാസം. നൃത്തം പഠിപ്പിച്ചിരുന്ന കൃഷ്ണൻ മാഷ് പയ്യന്നൂരുകാരനാണ്. മാടായിക്കാവിലെ പതിവുകാരിയായിരുന്നു ഞാൻ. ഏഴുവർഷം കണ്ണൂരിൽ താമസിച്ചു. സംസ്ഥാന സ്കൂൾ കലാതിലകമായ ശേഷം സിനിമയിലേക്ക് ക്ഷണം ലഭിക്കുന്നതും ആദ്യസിനിമയിൽ അഭിനയിക്കുന്നതുമെല്ലാം ആ കാലത്താണ്. ഈയിടെയും കണ്ണൂരിൽ നൃത്തപരിപാടി നടത്തി. ഇപ്പോഴും വളരെയധികം സുഹൃത്തുക്കളുണ്ട് കണ്ണൂരിൽ, ബന്ധുക്കളുമുണ്ട്. സിനിമയിൽ അഭിനയിച്ച കാലത്ത്, കണ്ണൂരിൽ നിന്ന് അച്ഛന്റെ ജോലി വിട്ട ശേഷമാണ് ഞങ്ങൾ പുള്ളിലേക്ക് തിരികെ വരുന്നത്.

അന്നും ഇന്നും സ്വപ്നങ്ങൾ എനിക്കില്ലായിരുന്നു. ആദ്യത്തെ സിനിമയിൽ അഭിനയിക്കുമ്പോഴും സിനിമാനടിയാകണമെന്ന് സ്വപ്നം കണ്ടിട്ടില്ല. ഒന്നിനു പിറകേ ഒന്നായി എല്ലാം സംഭവിച്ചു. ആദ്യം കുറേ അഭിനയിച്ചു, ഇടവേളയ്ക്കു ശേഷം വീണ്ടും അഭിനയിച്ചു. ഒന്നും സ്വപ്നങ്ങളിലോ ചിന്തകളിലോ ഇല്ലായിരുന്നു. നാളെ ഇത്ര സിനിമകളിൽ അഭിനയിക്കണം എന്നും സ്വപ്നം കാണുന്നില്ല. ജീവിതത്തിന്റെ ഒഴുക്കിനനുസരിച്ച് നീന്തിയിട്ടേയുള്ളൂ, ഇനിയും അങ്ങനെ തന്നെ. അതാണ് സുഖം. സ്വപ്നകഥാപാത്രവും ഇല്ല. ജോലിയോടു നീതി പുലർത്തണമെന്നേ സ്വപ്നം കാണാറുള്ളൂ.

∙ കണ്ണൂരിൽ നിന്ന് ഒരുപാടു രാഷ്ട്രീയക്കാർ കേരളത്തിലുണ്ട്. മഞ്ജു രാഷ്ട്രീയത്തിലിറങ്ങുമോ ?

രാഷ്ട്രീയത്തിലിറങ്ങാൻ താത്പര്യം മാത്രമല്ല, അറിവുമില്ല. അതുകൊണ്ടു തന്നെ എന്നെങ്കിലും രാഷ്ട്രീയത്തിലിറങ്ങുമെന്ന വിദൂരസ്വപ്നം പോലും എനിക്കില്ല. ഇടയ്ക്കെപ്പോഴോ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്ന തരത്തിൽ വാർത്തകൾ വന്നു. അതിലൊന്നും യാതൊരു സത്യവുമില്ലായിരുന്നു. രാഷ്ട്രീയത്തെ കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ മിക്കപ്പോഴും കൺഫ്യൂഷൻ ഉണ്ടാകാറുണ്ട്. എല്ലാ പാർട്ടിയിലുള്ളവരുമായും എനിക്കു ബന്ധമുണ്ട്. അവരോടെല്ലാം ബഹുമാനമേയുള്ളൂ.

∙ മാധവിക്കുട്ടിയെ വായിക്കുമ്പോൾ മനസ്സിലാകും പിടിതരാത്ത വ്യക്തിത്വമാണ് അവരെന്ന്. ‘ആമി’ക്കു വേണ്ടി തയാറെടുക്കുമ്പോൾ മഞ്ജുവിന് അങ്ങനെ തോന്നിയോ ?

വളരെ വർഷങ്ങൾക്കു മുമ്പ് ഒരു ദിവസം ഞാൻ മാധവിക്കുട്ടി അമ്മയോടൊപ്പം ചെലവഴിച്ചിട്ടുണ്ട്. വളരെ സൗമ്യമായ സംസാരരീതിയും ഒരുപാടു സ്നേഹമുണ്ടെന്നു മനസ്സിലാക്കി തരുന്ന പെരുമാറ്റവുമാണ് അന്നെന്നെ ആകർഷിച്ചത്. പിന്നീട് ഞാൻ നാലപ്പാട്ട് പോയത് മാധവിക്കുട്ടി അമ്മയായാണ്. എല്ലാ കഥകളും വായിച്ചിട്ടില്ല. അമ്മയുടെ കുടുംബത്തെയും സഹോദരങ്ങളെയും മക്കളെയുമൊക്കെ കാണാനും സംസാരിക്കാനും അവസരമുണ്ടായി. സഹോദരി സുലോചനാന്റിയുമായാണ് കൂടുതൽ സംസാരിച്ചത്. അങ്ങനെ അമ്മയെ കൂടുതലറിഞ്ഞപ്പോൾ ആർക്കും അധികം പിടി തരാത്ത, ഡ്രീമി ആയ വ്യക്തിത്വമാണ് എന്നു തോന്നി. പല കഥകളിലും സങ്കൽപം ചേർത്തിട്ടുണ്ടോ എന്നു തോന്നും. മാധവിക്കുട്ടിയമ്മയുടെ ആരാധകരാണ് എന്ന് ശക്തമായി പറയുന്നവരിൽ അധികവും സ്ത്രീകളാണ്. സ്ത്രീകൾ പറയാൻ മടിച്ച പല കാര്യങ്ങളും ഇത്ര ഭംഗിയോടെ അമ്മ പറഞ്ഞതുകൊണ്ടാകും.

കമൽ സാർ എഴുതിയ ആമിയുടെ സ്ക്രിപ്റ്റ് ഒറ്റയിരിപ്പിലാണ് വായിച്ചത്. അമ്മയുടെ ജീവിതത്തിലെ പല സന്ദർഭങ്ങളും ഏറ്റവും സൗന്ദര്യത്തോടെയാണ് അതിൽ എഴുതിയിരിക്കുന്നത്. ആ കഥാപാത്രമായി ജീവിച്ചു എന്നു പറയാനാണ് ആഗ്രഹം. പക്ഷേ, ജീവിതത്തിലേതുപോലെ പല സീനിലും പിടിതരാത്ത കഥാപാത്രമായിരുന്നു മാധവിക്കുട്ടി അമ്മ.

∙ വിവാദങ്ങളെ തുടർന്ന് വിദ്യാബാലൻ ഉപേക്ഷിച്ച വേഷം സ്വീകരിക്കാൻ പേടി തോന്നിയില്ലേ ?

പൂർണമായും വിശ്വാസമർപ്പിച്ചത് കമൽ സാറിലാണ്. ‘ഈ പുഴയും കടന്നും’ ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തു’മൊക്കെ മലയാളികൾ എന്നും ഓർത്തിരിക്കുന്ന സിനിമകളാണ്. ഇത്രയും വലിയൊരു കഥാപാത്രം എന്നെയേൽപിക്കാൻ വിളിച്ചപ്പോൾ ഒന്നുമാത്രമേ പറഞ്ഞുള്ളൂ, ‘‘എന്നെക്കൊണ്ട് ചെയ്യിക്കാൻ സാധിക്കും എന്നു സാറിന് വിശ്വാസമുണ്ടെങ്കിൽ നൂറുശതമാനം കൂടെ നിൽക്കാം. അതാണ് എന്റെ ബലം.’’

മാധവിക്കുട്ടിയായി വരുമ്പോൾ എന്താകുമെന്ന സംശയം ഉണ്ടായിരുന്നു. ഷൂട്ടിങ് കഴിയാറായപ്പോഴേക്കും പല സീനിലും എനിക്കു മാധവിക്കുട്ടിയമ്മയുടെ ഛായയുണ്ടെന്നു പലരും പറഞ്ഞു. മേക്കപ്പ് ചെയ്ത പട്ടണം റഷീദിക്കയ്ക്കും കോസ്റ്റ്യൂമും റിസർച്ചുമൊക്കെ ചെയ്തവർക്കുമാണ് അതിന്റെ ക്രെഡിറ്റ്.

manju-3

∙ ജീവിതത്തിലെ വഴിത്തിരിവ് എന്തായിരുന്നു ?

ഒരു ഒഴുക്കിലങ്ങനെ പോകുന്നു എന്നല്ലാതെ ജീവിതത്തിലെ വലിത്തിരിവുകളെ കുറിച്ച് ആലോചിക്കാറേയില്ല. ജീവിതം മാറിമറിയുന്നതു പോലും ആ ഒഴുക്കിലാണ്. അതങ്ങനെ പോകുന്നു എന്നുമാത്രം.

∙ ഭക്ഷണപ്രിയയാണെന്നു കേട്ടിട്ടുണ്ട്. പാചകം ചെയ്യുമോ ?

ഭക്ഷണം നന്നായി അസ്വദിച്ചു കഴിക്കുന്ന ആളാണ്. അത്യാവശ്യം വന്നാൽ പാചകം ചെയ്യുമെന്നു മാത്രം. വിദേശികൾ നമ്മുടെ നാട്ടിൽ വന്നു പുട്ടും കടലയും അപ്പവും മുട്ടക്കറിയുമൊക്കെ കഴിക്കുന്നത് കണ്ടിട്ടില്ലേ. അതുപോലെ ഏത് നാട്ടിൽ ചെന്നാലും തനതായ വിഭവങ്ങൾ രുചിച്ചുനോക്കാൻ ഞാനും ശ്രമിക്കാറുണ്ട്. വിദേശയാത്രകളിൽ മിക്കവാറും ഇങ്ങനെ കുറേ സമയം ചെലവാക്കും. കൊൽക്കത്തയിലെ ചെറിയ ഹോട്ടലുകൾ തേടിപ്പിടിച്ചു പോയി കഴിച്ച ചോറിന്റെയും കറികളുടെയും രസഗുളയുടെയുമൊക്കെ രുചിയാണ് ഇപ്പോൾ നാവിൽ തങ്ങിനിൽക്കുന്നത്. അടുത്ത യാത്രയിൽ മറ്റൊരു വിഭവം രുചിക്കുമ്പോൾ അതു മാറിമറിയും.

ഡയറ്റിങ്ങൊന്നുമില്ല, ഡാൻസ് ചെയ്യുന്നതാണ് ആകെയുള്ള വ്യായാമം. അതും പതിവായിട്ടില്ല. പ്രോഗ്രാം വരുമ്പോൾ മാത്രമാണ് പ്രാക്ടീസ്.

manju-1

∙ കാവാലത്തിന്റെ സംസ്കൃതനാടകത്തിൽ അഭിനയിച്ചു. ഇനിയും അത്തരം പരീക്ഷണങ്ങൾ ?

കാവാലം സാറിന്റെ ‘ശാകുന്തളം’ ചെയ്തത് കഴിഞ്ഞ വർഷമാണ്. അതു വീണ്ടുമൊരു സ്റ്റേജിൽ അവതരിപ്പിക്കാനുള്ള ഭാഗ്യം പക്ഷേ, ഉണ്ടായില്ല. കാവാലം സാറിന്റെ പേരിൽ രൂപീകരിച്ച ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശാകുന്തളവും കൂടുതൽ നാടകങ്ങളും ചെയ്യാനുള്ള ആലോചനയുണ്ട്. ഈ വർഷം തന്നെ നടക്കുമെന്നാണ് വിശ്വാസം.

∙ മഞ്ജുവിന്റെ സ്വഭാവവുമായി അടുപ്പമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടോ ?

എല്ലാ കഥാപാത്രങ്ങളിലും നമ്മുടെ സ്വഭാവത്തിന്റെ കുറച്ചെന്തെങ്കിലുമൊക്കെ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് എടുത്തുപറയാൻ ബുദ്ധിമുട്ടാണ്. ഇപ്പോൾ മനസ്സിലുള്ളത് ആമിയും സുജാതയുമാണ്. നമ്മുടെ ബുദ്ധിമുട്ടുകൾ ആരെയും അറിയിക്കാതെ, മറ്റുള്ളവർക്ക് സഹായം ചെയ്യുന്നയാളാണ് സുജാത. ആ സ്വഭാവം കുറച്ചൊക്കെ എനിക്കുമുണ്ട്.

പക്വതയും ജീവിതാനുഭവങ്ങളുമുള്ള എത്രയോ പേരുണ്ട് നാട്ടിൽ. പലർക്കും തോന്നും ഞാനും അങ്ങനെയാണെന്ന്. സിനിമകളിൽ കാണുന്ന ഞാൻ ശരിക്കുമുള്ള ഞാനല്ലല്ലോ. അതൊക്കെ സംവിധായകരുടെ ക്രെഡിറ്റിൽ പോകുന്ന കാര്യങ്ങളല്ലേ. ‘ഹൗ ഓൾഡ് ആർ യൂ’ കണ്ടിട്ടൊക്കെ പലരും ഉപദേശം ചോദിച്ചു വന്നിട്ടുണ്ട്. സംവിധായകൻ റോഷൻ ആൻഡ്രൂസും തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയുമാണ് ആ മുഖം തന്നത്. അങ്ങനെയാകാൻ കഴിഞ്ഞതു നിമിത്തം മാത്രം.

∙ സേവനപ്രവർത്തനങ്ങൾക്കിടെ മനസ്സിനെ സ്പർശിച്ച അനുഭവങ്ങൾ ?

സേവനപ്രവർത്തനം എന്ന ലേബലിൽ ഒന്നും ചെയ്യാറില്ല, ആകുന്ന പോലെ എന്തെങ്കിലുമൊക്കെ ചെയ്യുന്നു എന്നല്ലാതെ അതൊന്നും അത്ര വലുതല്ല എന്നാണ് തോന്നാറ്. ഡാൻസ് പഠിപ്പിക്കാനായാണ് ആദ്യം കുറച്ചുകുട്ടികളെ തിരഞ്ഞെടുത്തത്. അവരുടെ ആവശ്യങ്ങൾ മനസ്സിലായപ്പോൾ ചെയ്യാവുന്ന സഹായങ്ങളൊക്ക െചയ്യാമെന്നു തോന്നി. അതിപ്പോൾ ഈ തരത്തിലെത്തി എന്നുമാത്രം.

കുറച്ചുകാലം മുമ്പ് വീടില്ലാത്ത ഒരു കുട്ടിക്ക് വീടു പണിതുകൊടുക്കാം എന്നു വാക്കുകൊടുത്തപ്പോൾ കരഞ്ഞുകൊണ്ട് അവളെന്നെ കെട്ടിപ്പിടിച്ചു. ഉള്ളുകൊണ്ടു നമ്മളും തേങ്ങിപ്പോകുന്ന നിമിഷമാണത്. പല ബുദ്ധിമുട്ടുകളുണ്ടായിട്ടും അതൊന്നുമറിയിക്കാതെ വളർത്തിയ അച്ഛനമ്മമാരെ ഓർത്തുപോയി. എനിക്കു ചെറുപ്പത്തിൽ വാടകവീടുണ്ടായിരുന്നു. പക്ഷേ, ഇപ്പോഴും അടച്ചുറപ്പുള്ള വീടില്ലാത്ത എത്രയോ പേരുണ്ട് നമ്മുടെ നാട്ടിൽ. അച്ഛനമ്മമാരുടെ അസുഖം കാരണം പഠിത്തവും മറ്റും നിന്നുപോയ കുട്ടികളില്ലേ. തീവണ്ടിയിൽ താമസിച്ചിരുന്ന ഒരു കുടുംബത്തിനു സഹായം നൽകിയ നിമിഷവും മറക്കാനാകില്ല. വിഷമം പറഞ്ഞാൽ പെട്ടെന്നു മനസ്സിലാകുന്ന ആളാണ് ഞാൻ എന്നൊരു തോന്നൽ പലർക്കുമുണ്ട്. വ്യക്തിപരമായ വിഷമങ്ങളൊക്കെ വന്നുപറയുന്നവരുണ്ട്. എല്ലാവരെയും പറ്റുന്നതു പോലെ സഹായിക്കും. കാരണം അവരെല്ലാം ഒരു കൈത്താങ്ങ് ആഗ്രഹിക്കുന്നുണ്ട്.

∙ ഒരുപാടു കൂട്ടുകാരുണ്ടോ മഞ്ജുവിന് ? സൗഹൃദങ്ങൾ പോസിറ്റിവ് എനർജി എത്രത്തോളമാണ് ?

ശക്തമായ ഒരുപാട് സൗഹൃദങ്ങൾ എന്റെ ജീവിതത്തിലുണ്ട്. സുഹൃത്തിനൊപ്പമിരിക്കുമ്പോൾ, ഒരു സ്വകാര്യം പങ്കുവയ്ക്കുമ്പോൾ ലഭിക്കുന്ന ശക്തി വലുതല്ലേ. ചോദ്യത്തിൽ തന്നെയുണ്ട് ഉത്തരം. എനിക്കുള്ളതിനെക്കാൾ കൂടുതൽ സുഹൃത്തുക്കളുള്ളവരാകാം നിങ്ങളൊക്കെ. അതുകൊണ്ട് ആ എനർജിയെ കുറിച്ച് കൂടുതൽ പറഞ്ഞുതരേണ്ട കാര്യമില്ല.

എല്ലാ സുഹൃത്തുക്കളെയും എപ്പോഴും കാണാനും സംസാരിക്കാനും തിരക്കുകൾ കാരണം കഴിയണമെന്നില്ല. പക്ഷേ, ഫോണും വാട്ട്സ്ആപ്പുമുള്ളപ്പോൾ അതു പ്രശ്നമേയല്ലല്ലോ. ആത്മാർഥമായ സൗഹൃദങ്ങൾക്ക് എന്നും സംസാരിക്കണമെന്നോ കറക്ടായി അപ്ഡേറ്റ് ചെയ്യണമെന്നോ നിർബന്ധമില്ല. എത്ര കാലത്തിനു ശേഷം സംസാരിച്ചാലും ഹൃദയബന്ധം സൂക്ഷിക്കുന്ന സുഹൃത്തുക്കളാണ് എനിക്കുള്ളത്.

∙ സമയമില്ല എന്നതാണ് മിക്ക വീട്ടമ്മമാരുടെയും പരാതി. എങ്ങനെയാണ് ഇത് മാനേജ് ചെയ്യുന്നത് ?

തിരക്കുള്ളപ്പോൾ അതിന്റെ തത്രപ്പാടുകളിലാകും ഞാൻ, തിരക്കില്ലാത്തപ്പോൾ വെറുതേയിരിക്കും. കൃത്യമായി മാനേജ് ചെയ്താൽ സമയക്കുറവ് ഉണ്ടാകില്ല എന്നാണ് തോന്നുന്നത്. പല കാര്യങ്ങൾ ഒരുമിച്ച് ചെയ്യേണ്ടിവരുമ്പോൾ കാര്യങ്ങൾ കൃത്യമായി പ്ലാൻ ചെയ്യാറുണ്ട്. തിരക്കുള്ളതും നല്ലതാണ്, തിരക്കില്ലാത്തതും നല്ലതാണ്.

∙ ‘മോഹൻലാൽ’ എന്ന സിനിമയിൽ ലാലേട്ടന്റെ ഫാനായി അഭിനയിക്കുന്നു. മുമ്പ് ലാലേട്ടനോടൊപ്പം അഭിനയിച്ചപ്പോഴുള്ള മറക്കാനാകാത്ത ഓർമകളുണ്ടോ ?

ലാലേട്ടനോടൊപ്പം അഭിനയിച്ച ഓരോ നിമിഷവും മനസ്സിൽ കാത്തുവയ്ക്കാവുന്നതാണ്. നമ്മളൊക്കെ കണ്ടുപഠിക്കേണ്ട ഒരു വ്യക്തിയാണ് ലാലേട്ടൻ. മറ്റുള്ളവരോടു പെരുമാറുന്നതു മുതൽ അഭിനയിക്കുന്നതു വരെ നമുക്കു പഠിക്കാം. ‘ആറാം തമ്പുരാനി’ൽ അഭിനയിക്കുന്ന സമയം. വളരെ കാഷ്വലായാണ് ഓരോ സീനും ലാലേട്ടൻ ചെയ്യുന്നത്. പുതിയ ആളായതുകൊണ്ട് എന്നോടൊപ്പം അഭിനയിക്കാനുള്ള മടിയാണോ ലാലേട്ടന് എന്നു ഞാൻ ആലോചിച്ചു. ലാലേട്ടന്റെ പല കഥാപാത്രങ്ങളും മനസ്സിലുള്ളതു കൊണ്ട് ഓരോ ഷോട്ടിലും മാജിക് പ്രതീക്ഷിച്ചാണ് ഞാൻ നിൽക്കുന്നത്. പക്ഷേ, ഒന്നുമുണ്ടായില്ല. എന്നോടുള്ള അതൃപ്തി തന്നെയാകുമെന്ന് ഞാനുറപ്പിച്ചു.

പിന്നീട് ആ സീൻ ഡബ് ചെയ്യാൻ ചെന്നപ്പോഴാണ് ഞെട്ടിപ്പോയത്. അമ്പലത്തിൽ വച്ച് കണ്ടുമുട്ടുന്ന സീൻ തിയറ്ററിലെ വലിയ സ്ക്രീനിൽ കണ്ടു. തൊട്ടടുത്ത് നിന്നിട്ടും ഞാൻ കാണാത്ത എത്രയെത്ര സൂക്ഷ്മഭാവങ്ങളാണ് ലാലേട്ടന്റെ മുഖത്ത് വിരിഞ്ഞത്. അതായിരുന്നു ശരിക്കും ലാൽ മാജിക്. ‘കന്മദ’ത്തിനു ശേഷം ‘സമ്മർ ഇൻ ബത്‌ലഹേമി’ലേക്ക് ചെല്ലുമ്പോൾ തീരുമാനിച്ചിരുന്നു, ലാലേട്ടൻ അഭിനയിക്കുന്നത് എവിടെയാണെന്നു കണ്ടുപിടിക്കും. പക്ഷേ, നമുക്കൊരിക്കലും അതു കണ്ടുപിടിക്കാൻ പറ്റില്ല. അതാണ് മാജിക്. ‘ഗോഡ്സ് ചോസൺ സൺ’ എന്നാണ് ലാലേട്ടനെ ഞാൻ ബഹുമാനത്തോടെ വിളിക്കുന്നത്. സംസാരിക്കുന്നതും എഴുതുന്നതും അഭിനയിക്കുന്നതുമെല്ലാം കാണുമ്പോൾ അതു ശരിയാണെന്നു മനസ്സിലാകും.

∙ സിനിമ വിജയിപ്പിക്കാൻ മഞ്ജുവിന് നായകനെ ആവശ്യമില്ല. എങ്കിലും കൗതുകം കൊണ്ട് ചോദിക്കുകയാണ്, മഞ്ജുവും മമ്മൂട്ടിയും ഒന്നിക്കുന്ന ഒരു സിനിമ എപ്പോഴാണ് ഉണ്ടാകുക ?

ഫീമെയിൽ ഓറിയന്റഡ് എന്നുപറഞ്ഞാണ് എന്നെത്തേടി മിക്ക കഥകളും വരാറ്. അപ്പോഴും നല്ല ആക്ടർമാരുടെ കൂടെ ഇന്ററസ്റ്റിങ് കോമ്പിനേഷനിൽ അഭിനയിക്കാൻ എനിക്ക് വലിയ ആഗ്രഹമാണ്.

പണ്ടും മമ്മൂക്കയോടൊപ്പം അഭിനയിക്കാൻ വലിയ ആഗ്രഹമായിരുന്നു, അന്നത് നടന്നില്ല. തിരിച്ചുവന്ന ശേഷവും ഏറ്റവും ആഗ്രഹത്തോടെ കാത്തിരിക്കുകയാണ് മമ്മൂക്ക എന്ന മഹാനടന്റെയൊപ്പം ഒരു ഫ്രെയിമിൽ നിൽക്കാൻ. ആ ഭാഗ്യം ഒന്നുവേറെ തന്നെയാണ്. ഇത്ര നന്നായി സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന, ഹാൻസമായ മെഗാസ്റ്റാർ വേറെ ആരുണ്ട്. അങ്ങനെയൊരു സിനിമ ആരെങ്കിലും സൃഷ്ടിക്കട്ടെ, കൂടെ അഭിനയിക്കാനുള്ള അനുവാദം മമ്മൂക്ക തരട്ടെ. ജീവിതത്തിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭാഗ്യമാണത്.

∙ ഒഴുക്കോടെ മലയാളം സംസാരിക്കുന്ന മഞ്ജു മലയാളം നടിമാർക്കെല്ലാം ഉദാഹരണമാക്കാവുന്ന ആളാണ് ?

വളരെ ഒഴുക്കോടെ എനിക്ക് സംസാരിക്കാനാകുന്ന ഏകഭാഷ മലയാളമാണ്, അതുകൊണ്ടാണ് മലയാളത്തിൽ തന്നെ സംസാരിക്കുന്നത്. മറ്റുള്ള ഭാഷകളൊക്കെ ഒപ്പിക്കാമെന്നേയുള്ളൂ. കേട്ടും സംസാരിച്ചും ഏറ്റവുമറിയുന്ന ഭാഷയല്ലേ ഇത്.

∙ ഡ്രസുകളൊക്കെ ആരാണ് ഡിസൈൻ ചെയ്യുന്നത് ? ‘ഹൗ ഓൾഡ് ആർ യു’ സാരികൾ ഇപ്പോഴും കടകളിലുണ്ട് ?

സിനിമയ്ക്ക് അതാത് ക്രൂവിലെ കോസ്റ്റ്യൂം ഡിസൈനർമാരുണ്ടാകും. പ്രത്യേക ഇഷ്ടം ഒരു ഡ്രസിനോടുമില്ല, സാരിയും ചുരിദാറും കുർത്തയുമെല്ലാം ഇടും. ഈ ഡ്രസ് ഡിസൈൻ ചെയ്തത് പൂർണിമ ഇന്ദ്രജിത്താണ്. ഫംഗ്ഷനുകൾക്ക് വേണ്ടിയും പൂർണിമ ഡ്രസ് ചെയ്തുതരാറുണ്ട്. ‘ഹൗ ഓൾഡ് ആർ യൂ’വിലെ സാരികളുടെ ക്രെഡിറ്റ് സമീറ സനീഷിനാണ്. ‘ഉദാഹരണം സുജാത’യിലെ സാരികൾക്കായി ചെങ്കൽച്ചൂളയിലെ വീടുകളിലെ അലമാരകൾ തപ്പിയ ശേഷമാണ് സമീറ സാരി വാങ്ങിയതെന്നൊരു കഥയുമുണ്ട്.

∙ ഇനി പാട്ടു പാടുന്നത് എപ്പോഴാണ് ?

വളരെ കുറച്ചുകാലമേ പാട്ട് പഠിച്ചിട്ടുള്ളൂ. അമ്മയും ഞാനും ഒന്നിച്ചാണ് പഠിച്ചത്. കുറച്ചുകഴിഞ്ഞപ്പോൾ ഞാൻ നിർത്തി. ‘ചെമ്പഴുക്ക’യ്ക്കു ശേഷം കുറേ വർഷങ്ങൾ കഴിഞ്ഞാണ് ‘ജോ ആൻഡ് ദ് ബോയി’യിൽ പാടിയത്. ഈയിടെ മനോരമയുടെ ക്യാംപയിനായ കേരളാ കാനിനു വേണ്ടി രതീഷ് വേഗ മ്യൂസിക് ഡയറക്ട് ചെയ്ത ഒരു പാട്ട് പാടി. വീണ്ടും പാട്ടു പാടാൻ ആരും വിളിച്ചിട്ടില്ല.

∙ നെഗറ്റീവ് പബ്ലിസിറ്റി പ്രതീക്ഷിച്ച് മാധ്യമങ്ങൾ പുറത്തുവിടുന്ന വാർത്തകളെയും വിവാദങ്ങളെയും നേരിടാനുള്ള കരുത്ത് എവിടെനിന്നാണ് കിട്ടുന്നത് ?

ഇന്റർനെറ്റിൽ മഞ്ജു വാരിയർ എന്നു സെർച്ച് ചെയ്യുമ്പോൾ എന്തൊക്കെ വാർത്തകളാണ് വരാറ്, തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്നു, ഇപ്പോഴത്തെ സംഭവങ്ങൾ പലതിലും പങ്കുണ്ട്, മകൾക്കുവേണ്ടി കോടതിയിലേക്ക് പോകുന്നു... ഇത്തരം വാർത്തകളൊന്നും പ്രതികരണം അർഹിക്കുന്നില്ല. സത്യമറിയാവുന്ന നമ്മളെന്തിനാണ് പേടിക്കുന്നത്. ഇവയെ നേരിടാൻ വലിയ ടെക്നിക്കുകളൊന്നുമില്ല, പോസിറ്റീവായി ഇരിക്കുക എന്നുമാത്രം. പലരും പലതും പറയും.

ഇൻർനെറ്റിൽ വരുന്ന വിവാഹവാർത്തകളെയും ചിരിയോടെയാണ് നേരിടാറ്. അത്തരം വാർത്തകൾക്ക് അവ അർഹിക്കുന്ന പ്രാധാന്യം മാത്രം കൊടുത്താൽ മതി. പലയിടത്തും പലരും പറയുന്ന കാര്യങ്ങൾ കേട്ട് നിങ്ങൾ വിശ്വസിക്കരുത്. എന്തെങ്കിലും ഉണ്ടെങ്കിൽ നേരിട്ടോ എന്റെ ഫെയ്സ്ബുക് പേജിലൂടെയോ പറയുന്നതാണ് പതിവ്. നിങ്ങളുമായി നേരിട്ട് വിശേഷങ്ങൾ പങ്കുവയ്ക്കുന്നതാണ് എനിക്കിഷ്ടവും.

∙ ‘വിമെൻ ഇൻ സിനിമ കളക്ടീവി’ന്റെ ഭാവിപരിപാടികൾ ?

മലയാളസിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയാണ് ഈ സംഘടന. അവരുടെ ആശങ്കകളും പ്രശ്നങ്ങളും അവകാശങ്ങളും ചർച്ച ചെയ്യാൻ ഒരു പൊതുവേദി. എന്നുകരുതി ഇത് സിനിയിലെ പുരുഷന്മാർക്കെതിരേയുള്ള സംഘടിത നീക്കമല്ല. സർക്കാരിന്റെ പിന്തുണയോടെ പെൻഷൻ പദ്ധതികൾ ആവിഷ്കരിക്കാനും സിനിമാപഠനത്തിന് സ്കോളർഷിപ് നൽകുന്നതടക്കമുള്ള മറ്റു ക്ഷേമപദ്ധതികളും സംഘടനയുടെ ലക്ഷ്യങ്ങളിൽ വരും. പ്രാരംഭഘട്ടത്തിലുള്ള സംഘടനയുടെ ബൈലോയും മറ്റും തയാറായി വരുന്നതേയുള്ളൂ. പൂർണതോതിൽ പ്രവർത്തനമാരംഭിക്കുന്നതോടെ കൂടുതൽ അംഗങ്ങളെ ഇതിന്റെ ഭാഗമാക്കും.

∙ പുതിയ പ്രോജക്ടുകൾ ഏതൊക്കെയാണ് ?

ഉദാഹരണം സുജാതയും ആമിയും ഷൂട്ടിങ് തീർന്നു. മോഹൻലാൽ ഇനിയും കുറച്ചുകൂടി ചെയ്യാനുണ്ട്. ഒടിയൻ തുടങ്ങി. പല കഥകളും കേൾക്കുന്നുണ്ട്. നല്ല സിനിമകൾ വരട്ടെ.

∙ മാധവിക്കുട്ടിയുടെ നായികമാരെല്ലാം രാധമാരാണ്, കൃഷ്ണനാണ് അവരുടെ ഇഷ്ടദൈവം. മഞ്ജുവിന്റെ ഇഷ്ടദൈവം ആരാണ് ?

തീർച്ചയായും ഞാനൊരു ദൈവവിശ്വാസിയാണ്. ആ ഒരു ശക്തിയിൽ വലിയ വിശ്വാസമുണ്ട്. ഇഷ്ടദൈവം എന്നു പറയുന്നതിനെക്കാൾ നമ്മളെയൊക്കെ നേർവഴിക്കു നടത്തുന്ന ഒരു ശക്തിയുണ്ട് എന്നു പറയാനാണ് എനിക്കിഷ്ടം. ഇപ്പോൾ ഞാൻ താമസിക്കുന്ന വീട് ഒരു അമ്പലത്തിനോടു ചേർന്നാണ്, കാർത്യായനീ ദേവിയാണ് അവിടത്തെ പ്രതിഷ്ഠ. അതുകൊണ്ടുതന്നെ പ്രാർഥിക്കുമ്പോൾ മനസ്സിൽ വരുന്നത് ആ രൂപമാണ്. ഗുരുവായൂരപ്പനും കാർത്യായനീ ദേവിയുമൊക്കെ പ്രപഞ്ചശക്തിയുടെ ഓരോ ഭാവങ്ങളല്ലേ.

∙ ആമിയെപ്പോലെ മതം മാറാൻ മഞ്ജുവിന് തോന്നുന്നുണ്ടോ ?

മതം എന്നതിലുപരി, മനുഷ്യനിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. മതമോ ജാതിയോ നോക്കിയല്ല സൗഹൃദങ്ങൾ തിരഞ്ഞെടുക്കുന്നത്. എല്ലാ മതത്തിൽ പെട്ട സുഹൃത്തുക്കളും എനിക്കുണ്ട്. എല്ലാവരെയും ഒന്നുപോലെ കാണാനാണ് ഇഷ്ടം. അങ്ങനെയൊരു മാറ്റമൊന്നും എന്റെ ജീവിതത്തിൽ സംഭവിക്കുകയുമില്ല.