Monday 09 December 2019 05:05 PM IST

‘വണ്ണം കുറയ്ക്കാൻ പോയ ഗുണ്ടുമണി അത്‌ലറ്റ് ആയ കഥ’! മഞ്ജുവിന്റെ ജാനമ്മ ഇനി അച്ഛന്റെ വഴിയേ

V.G. Nakul

Sub- Editor

m1

ജീവിതത്തിൽ അമ്മ എന്ന റോളിനാണ് പ്രാധാന്യം. മറ്റെല്ലാം അതിനു ശേഷം മാത്രം എന്നാണ് മലയാളത്തിന്റെ പ്രിയ നടി മഞ്ജു പിള്ള പറയുന്നത്. മകൾ ജാനി എന്ന ദയ സുജിത് ആണ് മഞ്ജുവിന്റെ ലോകം. മോളുടെ വളർച്ചയുടെ ഓരോ ഘട്ടവും ഏറെ അടുത്ത് നിന്ന് കാണണം എന്ന് നിർബന്ധമുണ്ട് മഞ്ജുവിന്. മഞ്ജുവിന്റെയും ഛായാഗ്രഹകനും സംവിധായകനുമായ സുജിത് വാസുദേവിന്റെയും പൊന്നോമനക്കുട്ടിയായ ദയ പ്ലസ് ടു കഴിഞ്ഞ്, സ്വയം തിരഞ്ഞെടുത്ത സ്വപ്നത്തിനു പിന്നാലെ പറക്കാൻ ഒരുങ്ങുമ്പോൾ മഞ്ജുവിലെ അമ്മ മനസ്സ് തുറക്കുന്നു, ‘വനിത ഓൺലൈനി’ൽ.

ഒരു പേരിടീൽ കഥ

അവൾ എന്റെ കുടുംബത്തിലെ ആദ്യത്തെ കുട്ടിയാണ്. അപ്പോൾ, വ്യത്യസ്തമായ, മലയാളിത്തമുള്ള ഒരു പേര് വേണം എന്നു തോന്നി. അങ്ങനെയാണ് ജാനകി എന്ന് പേരിട്ടത്. വീട്ടിൽ ജാനി എന്ന് വിളിക്കാൻ തുടങ്ങി. പിന്നീട്, കുറച്ച് കൂടി അപൂർവമായ, കൗതുകമുള്ള ഒരു പേര് വേണം എന്നു തോന്നിയപ്പോഴാണ് ദയ എന്ന പേര് കണ്ടെത്തിയത്.

ജാനി എന്ന പേര് ജാന, ജാനു, ജാൻ, ജാനമ്മ എന്നൊക്കെ പല രീതിയിൽ വീട്ടിൽ വിളിക്കാറുണ്ട്. ഞാൻ ജാൻ എന്നും സുജിത് ജാനമ്മ എന്നും വിളിക്കും. മിക്കവരും ജാനി എന്നാണ് വിളിക്കുക. ആ വിളിയിൽ വലിയ വാൽസല്യമുണ്ട്.

എല്ലാം തുറന്നു പറയണം

ഞാനും സുജിത്തും അവൾക്ക് വലിയ സ്വാതന്ത്യം കൊടുത്തിട്ടുണ്ട്. സുജിത് കൂടുതൽ സമയവും വീട്ടിൽ ഇല്ലാത്തതിനാൽ എന്നോടാണ് അധികം സംസാരിക്കുക. എല്ലാം തുറന്നു പറയും. അത് ഞാൻ ചെറുപ്പത്തിലേ ശീലിപ്പിച്ചതാണ്. സ്കൂളിലെയും മറ്റും വിശേഷങ്ങൾ വീട്ടിൽ വന്ന് പറയണം, മൂന്നാമതൊരാൾ പറഞ്ഞ് ഞാൻ അറിയാൻ ഇടവരരുത് എന്നു പറഞ്ഞിട്ടുണ്ട്. മൂന്നാമതൊരാൾ പറയുമ്പോൾ, അവരുടെ രസക്കൂട്ടും കൂടി ചേർന്ന് അതിന്റെ അർത്ഥം ഒരുപാട് മാറും.

എന്തു സംഭവിച്ചാലും അത് നീ വീട്ടിൽ വന്നു പറഞ്ഞാൻ മാത്രമേ എനിക്ക് മറ്റുള്ളവരോട് ക്ലിയർ ചെയ്യാൻ പറ്റൂ, അവർ അത് പറയുമ്പോൾ അത് ഞാൻ അറിഞ്ഞു എന്ന് എനിക്ക്

തിരിച്ച് പറയണം എന്നു ഞാൻ പറഞ്ഞിട്ടുണ്ട്.

ഇപ്പോൾ, ഒരു ചെറുക്കൻ വന്ന് അവളോട് ഐ ലവ് യു എന്ന് പറഞ്ഞാലും അവൾക്ക് ഒരു ചെറുക്കനോട് ഇഷ്ടം തോന്നിയാലും വന്നു പറയും. എനിക്ക് കാണിച്ചും തരും. അവളുടെ പ്രായം അറിഞ്ഞ് ഇടപെടുന്ന ആളാണ് ഞാൻ.

m2

അമ്മയല്ല, സുഹൃത്ത്

വളരെ സ്ട്രിക്ട് ആയ ഒരു അമ്മയല്ല ഞാൻ. എന്നാൽ ഒരു പരിധി വരെ സ്ട്രിക്ട് ആണ്. അമ്മ – മകൾ എന്നതിനപ്പുറം നല്ല സൗഹൃദമാണ് ഞങ്ങൾക്കിടയിൽ. അത് ഞങ്ങളുടെ കമ്യൂണിക്കേഷൻ എളുപ്പമാക്കുന്നു. പുറത്തൊക്കെ വച്ച്, നല്ല പയ്യൻമാരെ കാണുമ്പോൾ, ‘അമ്മാ നോക്കമ്മാ, നല്ല ചെറുക്കൻ’ എന്നൊക്കെ അവൾ പറയും. ആ ഫ്രീഡം ഞാൻ കൊടുത്തിട്ടുണ്ട്. കുട്ടികളെ ഒരു പരിധിയിൽ കൂടുതൽ നിയന്ത്രിക്കരുത്. ആവശ്യമുള്ള സ്വാതന്ത്യം കൊടുക്കണം. അല്ലെങ്കിൽ, പുറത്തൊക്കെ പഠിക്കാൻ പോകുമ്പോൾ കിട്ടുന്ന പരിധിയില്ലാത്ത സ്വാതന്ത്യം അവര്‍ മിസ് യൂസ് ചെയ്യും. പെട്ടെന്ന് അത്രയും സ്വാതന്ത്യം കിട്ടുമ്പോൾ അവർക്ക് ഒരു അങ്കലാപ്പ് ആയിരിക്കും.

‘പഠിക്ക് പഠിക്ക് പഠിക്ക്’ എന്നു പറയില്ല

അവളുടെ കരിയർ സെലക്ഷനിലോ പഠനത്തിലോ ഞാൻ ഇടപെടാറില്ല. അവളുടെ ഇഷ്ടം പരിഗണിച്ചാണ് എന്ത് കോഴ്സ് പഠിക്കണം എന്നു പോലും തീരുമാനിക്കുക. എങ്കിലും പരീക്ഷ സമയത്തൊക്കെ ഞാൻ ഷൂട്ടിങ് ഒഴിവാക്കി വീട്ടിൽ ഇരിക്കും. കാരണം, അവളുടെ ഭാവിയാണ് വലുത്. കുട്ടിയുടെ നല്ലതിന് വേണ്ടി കഷ്ടപ്പെട്ടിട്ട്, കുട്ടിയെ കുട്ടിയുടെ പാട്ടിന് വിട്ടിട്ട് എന്താ കാര്യം. എങ്കിലും ‘പഠിക്ക് പഠിക്ക് പഠിക്ക്’ എന്ന് ഒരിക്കലും ഫോഴ്സ് ചെയ്തിട്ടില്ല. പക്ഷേ, ‘ഷൂട്ടിങ്ങിന് പോയാലും അമ്മ എന്നെ വിളിച്ച് പഠിക്ക് പഠിക്ക് എന്ന് പറയണേ, അല്ലെങ്കിൽ ഞാൻ ഒഴപ്പും’ എന്ന് അവൾ പറയും. ജീവിത്തിൽ അമ്മ എന്ന റോളിന് തന്നെയാണ് പ്രാധാന്യം. കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുമ്പോൾ കുടുംബം വിട്ട് കഷ്ടപ്പെടാൻ ഞാൻ തയാറല്ല.

അച്ഛന്റെ വഴിയേ

ഫാഷന്‍ കമ്യൂണിക്കേഷൻ ആൻഡ് സ്റ്റൈലിങ് അല്ലെങ്കിൽ ഫാഷൻ ഫോട്ടോഗ്രഫിയാണ് അവൾക്ക് ഇഷ്ടം. എന്റെ പാതയല്ല, സുജിത്തിന്റെ പാതയാണ് അവൾ തിരഞ്ഞെടുത്തിരിക്കുന്നത്. സ്കൂൾ തലത്തിൽ ഫോട്ടോഗ്രഫി മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. പ്ലസ് ടൂ കഴിഞ്ഞ് മുംബൈയിൽ ഫാഷന്‍ കമ്യൂണിക്കേഷൻ ആൻഡ് സ്റ്റൈലിങ് പഠിക്കാനുള്ള തയാറെടുപ്പിലാണ്. ബ്ലാംഗ്ലൂരിൽ പോയി പ്രവേശന പരീക്ഷ ഒക്കെ എഴുതി. ഗിറ്റാറും പഠിക്കുന്നുണ്ട്.

m3

വണ്ണം കുറച്ച് അത്‌ലറ്റായി

സ്കൂളിൽ പഠിക്കുമ്പോൾ അവൾ അത്‌ലറ്റിക്സിൽ സ്റ്റേറ്റ് ചാംപ്യനായിരുന്നു. എന്റെ സഹോദരൻ വിവേകും അത്‌ലറ്റിക്സിൽ നാഷനൽ ലെവലിൽ പങ്കെടുത്തിട്ടുള്ള ആളാണ്.

ഞങ്ങൾ തിരുവനന്തപുരത്ത് താമസിക്കുന്ന കാലത്ത്, വളരെ യാദൃശ്ചികമായാണ് അവൾ സ്പോർട്സിലേക്ക് വന്നത്. ചെറുപ്പത്തിൽ അവൾക്ക് നല്ല വണ്ണമുണ്ടായിരുന്നു. ഒരു ഗുണ്ടുമണി. എട്ടാം ക്ലാസിൽ ഒക്കെ ആയപ്പോൾ സൗന്ദര്യത്തെക്കുറിച്ച് ബോധം വന്ന് കക്ഷി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഓടാൻ പോയിത്തുടങ്ങി. വിവേകാണ് കൊണ്ടു പോകുക. അങ്ങനെ അവൻ പതിയെപ്പതിയെ ട്രെയിനിങ് കൊടുത്തു. പിന്നെ പ്രോഫഷനൽ കോച്ചുകളും പ്രാക്ടീസ് ചെയ്യിച്ചു. അതോടെ വണ്ണവും കുറഞ്ഞു, അത്‌ലറ്റും ആയി.

ആ സമയത്ത് ഋഷിരാജ് സിങ് സാറ് അവിടെ ഓടാൻ വരുമായിരുന്നു. അദ്ദേഹവും അവളെ ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഒരു ദിവസം കണ്ടില്ലെങ്കിൽ തിരക്കും. അവളോട് ഐ.പി.എസ് എടുക്കണം എന്ന് സാറ് എപ്പോഴും പറയുമായിരുന്നു. എറണാകുളത്തേക്ക് വന്നപ്പോൾ സ്പോർട്സ് പതിയെ വിട്ടു. പ്ലസ് ടൂ ആയപ്പോൾ സമയക്കുറവും ബാധിച്ചു.