Wednesday 19 February 2020 05:36 PM IST : By സ്വന്തം ലേഖകൻ

മഞ്ജുവിനെ കെട്ടിപ്പിടിച്ച് മധുവാരിയർ; ചേട്ടന്റെ ചിത്രത്തിൽ നായികയായ നിമിഷം; ഹൃദ്യമായി ചിത്രങ്ങൾ

manju

വിജയം ആവർത്തിക്കാൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ലേഡി സൂപ്പർ സ്റ്റാർ വീണ്ടുമെത്തുകയാണ്. സഹോദരൻ മധു വാരിയർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രമായാണ് മഞ്ജുവെത്തുന്നത്. ‘ലളിതം സുന്ദരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബിജു മേനോനാണ് നായകൻ. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. വണ്ടിപ്പെരിയാറുള്ള മൗണ്ട് ബംഗ്ലാവിലാണ് ഷൂട്ടിങ്ങിന് തുടക്കം കുറിച്ചത്.

ചിത്രത്തിന്റെ നിർമ്മാതാവിന്റെ റോളിൽ കൂടി മഞ്ജു എത്തുന്നു എന്നതും ശ്രദ്ധേയമാണ്. മഞ്ജു വാരിയർ പ്രൊഡക്‌ഷൻസ് സെഞ്ച്വറിയുടെ സഹകരണത്തോടെയാണ് നിർമാണം. മഞ്ജു വാര്യർ നിർമിക്കുന്ന ആദ്യ കൊമേർസ്യൽ ചിത്രം കൂടിയാണ് ഇത്. പൂജയ്ക്കിടെ ഇരുവരും കെട്ടിപ്പിടിച്ച് സ്നേഹം പങ്കിടുന്ന ഫോട്ടോയും ശ്രദ്ധിക്കപ്പെടുകയാണ്.

ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്കു ശേഷം മഞ്ജു വാരിയറും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇവർ ഒന്നിച്ച കൃഷ്ണഗുഡിയിൽ പ്രണയകാലത്ത്, കുടമാറ്റം, പ്രണയവർണങ്ങൾ, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നിവ സൂപ്പർഹിറ്റുകളായിരുന്നു.

സംഗീതം ബിജിബാൽ. ഛായാഗ്രഹണം പി. സുകുമാർ. പ്രമോദ് മോഹൻ തിരക്കഥ. ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്യാംപസ് എന്ന ചിത്രത്തിലൂടെയാണ് മധു അഭിനയരംഗത്തേയ്ക്കു കടക്കുന്നത്. മായാ മോഹിനി, സ്വലേ എന്നീ സിനിമകളുടെ സഹനിർമാതാവ് കൂടിയാണ് മധു.