Monday 25 July 2022 12:25 PM IST : By സ്വന്തം ലേഖകൻ

അജിത് ചിത്രവുമായി ക്ലാഷ്, ഡേറ്റില്ല; ‘കാപ്പ’യിൽ നിന്ന് പിന്മാറി മഞ്ജു വാരിയർ

raju.jpg.image.845.440

പൃഥ്വിരാജ്–  ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കാപ്പ’യിൽ നിന്നു പിന്മാറി മഞ്ജു വാരിയർ. അജിത് നായകനാകുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങും ‘കാപ്പ’ സിനിമയുടെ ചിത്രീകരണവും ഒരുമിച്ചു വന്നതിലാനാണ് ഈ തീരുമാനമെന്നാണ് വിവരം. അജിത്തിന്റെ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് മഞ്ജു വാരിയർ ഇപ്പോൾ. 

തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന, ജി.ആര്‍. ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‍പദമാക്കിയാണ് 'കാപ്പ' ഒരുങ്ങുന്നത്. ഇന്ദുഗോപന്റെതാണ് തിരക്കഥ. കൊട്ട മധു എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ പൂജ വെള്ളിയാഴ്ച നടന്നു. 60 ദിവസത്തെ ഡേറ്റാണ് പൃഥ്വിരാജ് നൽകിയിരിക്കുന്നത്. 

തിരുവനന്തപുരത്താണ് ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുന്നത്. അടുത്തയാഴ്ച മഞ്ജു വാരിയർ ചിത്രീകരണത്തിനു എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മഞ്ജു വാരിയർ പിന്മാറിയതോടെ ആ കഥാപാത്രത്തെ ആരാകും അവതരിപ്പിക്കുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. അന്ന ബെൻ, ഇന്ദ്രൻസ്, നന്ദു തുടങ്ങി അറുപതോളം അഭിനേതാക്കൾ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

Tags:
  • Movies