Wednesday 08 April 2020 02:22 PM IST : By സ്വന്തം ലേഖകൻ

‘ഒരാൾ തേങ്ങ ചിരകുന്നു, അതിൽ നിന്ന് കയ്യിട്ടു വാരി തിന്നാൻ മറ്റേയാൾ...’! വൈറൽ ആയി മഞ്ജുവിന്റെ അമ്മയുടെ കുറിപ്പുകൾ

manju-warrier

വൈറലായി മഞ്ജു വാരിയരുടെ അമ്മ ഗിരിജ മാധവൻ എഴുതിയ കുറിപ്പുകൾ. മഞ്ജുവിനെക്കുറിച്ചും സഹോദരൻ മധു വാരിയരെക്കുറിച്ചുമാണ് അമ്മയുടെ കുറിപ്പുകൾ. ‘ഒരുപാട് വർഷങ്ങൾക്കു ശേഷം അമ്മ എഴുത്തിലേക്ക് തിരിച്ചു പോകുന്നു’ എന്ന കുറിപ്പോടെ മഞ്ജുവാണ് കുറിപ്പുകൾ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.

‘ഇവിടെ എല്ലാവരും തിരക്കിലാണ്. കഥയെഴുത്തും സിനിമാചർച്ചകളുമായി തിരക്കുള്ള ഒരാൾ. അഭിനയവും നൃത്തവും ഒക്കെയായി തിരക്കായി മാസത്തിൽ ഒന്നോ രണ്ടോ ദിവസമെങ്കിലും വീണു കിട്ടുന്ന ഒഴിവിൽ വിശ്രമിക്കാനെത്തുന്ന മറ്റൊരാൾ. ഇവർ രണ്ടു പേരും ഇൗ വീട്ടിൽ ഇപ്പോൾ എന്നെക്കാൾ തിരക്കായി.’

‘ഒാടി നടക്കുന്നു. ഒരാളുടെ കയ്യിൽ ചൂല്, മറ്റേയാളുടെ കയ്യിൽ നിലം തുടയ്ക്കുന്ന മോപ്പ്. കുറച്ചു കഴിയുമ്പോൾ ഒരാൾ ചിരവപ്പുറത്ത്. തേങ്ങ തുരുതുരെ ചിരകി ഇലയിൽ വീഴുന്നു. അതിൽ നിന്ന് കയ്യിട്ടു വാരി തിന്നാൻ മറ്റേയാൾ. എന്താ കഥ. എനിക്ക് ചിരിയാണ് വരുന്നത്.’ കുറിപ്പ് ആരംഭിക്കുന്നത് ഇങ്ങനെയാണ്.

പിന്നീട് മരുമകളായ അനുവിനെക്കുറിച്ചും പേരക്കുട്ടിയെക്കുറിച്ചുമൊക്കെ ഗിരിജ പറയുന്നുണ്ട്. വീട്ടിൽ എല്ലാവരും ഇങ്ങനെ ഒന്നിച്ചു വരുന്നത് വർഷങ്ങൾക്കു ശേഷമാണെന്നും ഇതൊക്കെ കാണാൻ മാധേട്ടൻ കൂടി ഉണ്ടായിരുന്നെങ്കിലെന്നും കുറിപ്പിൽ ഗിരിജ പരാമർശിക്കുന്നു. ഇവിടെ ഞങ്ങളെല്ലാവരും തിരക്കിലാണ്. അങ്ങനെ ഒരു കൊറോണക്കാലം എന്നു പറഞ്ഞ് അവസാനിക്കുന്ന കുറിപ്പിന് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.