Friday 27 September 2019 03:48 PM IST

‘മനോഹരം’ അതിമനോഹരം! അരവിന്ദനും തണ്ണീർമത്തനും ശേഷം വിനീത് ശ്രീനിവാസൻ ‘നൈസായി’ ഹാട്രിക് അടിച്ചു: റിവ്യൂ

V.G. Nakul

Sub- Editor

manoharam

കാൻവാസിൽ പുരട്ടുന്ന ഛായക്കൂട്ടുകളിൽ ൈദവത്തിന്റെ കയ്യൊപ്പ് പതിപ്പിച്ചവരുണ്ട്. പക്ഷേ ജീവിതത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ ചോദ്യചിഹ്നങ്ങളായി മുന്നിലെത്തുമ്പോൾ പലപ്പോഴും അവർ പതറിപ്പോകും. തെരഞ്ഞെടുക്കേണ്ടത് കലയോ ജീവിതമോ എന്ന ചോദ്യത്തിനുള്ള ഉത്തരം അറിയാതെ അവരിൽ പലരും വീണുപോകാറാണ് പതിവ്. അതിജീവിക്കുന്ന ചിലരാകട്ടെ അത്രമേൽ പൊള്ളുന്ന വഴികളിലൂടെ കാലങ്ങളോളം ഉഴറി നടന്നിട്ടുണ്ടാകും. മനുവും വ്യത്യസ്തനായിരുന്നില്ല.

ചിത്രകാരൻ എന്ന നിലയിൽ ഒരു ഭാവി സ്വപ്നം കണ്ട്, കൃത്യമായ സ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാന്‍ സാധിക്കാതിരുന്ന അവന് വിധി ഒരുക്കിവച്ചത് വെള്ളപൂശിയ ചുവരുകളായിരുന്നു. അവിടെ കുറിച്ചും വരച്ചും അവൻ അതിജീവനത്തിന്റെ പാത തെരഞ്ഞെടുത്തു. എന്നാൽ കാലത്തിന്റെ വേഗപ്പോക്കിൽ ഫ്ളക്സ് ബോർഡുകളും ഡിജിറ്റൽ അച്ചടിയുമൊക്കെ കളം പിടിച്ച്, ബാനറെഴുത്തും ചുവരെഴുത്തുകളുമൊക്കെ പഴങ്കഥയായിത്തുടങ്ങുന്നതോടെയാണ് അവൻ സ്വന്തമായി ഒരു ഫ്ളക്സ് പ്രിന്റിങ് യൂണിറ്റ് എന്ന ആശയത്തിനു പിന്നാലെ കൂടുന്നത്. അത് അവനെക്കൊണ്ടെത്തിക്കുന്നതോ വലിയ വലിയ കുരുക്കുകളിലേക്കും. അതോടെ അവന്റെ ജീവിതം കീഴ്മേൽ മറിയുന്നു. അതിനിടെ മനുവിന്റെ ജീവിതത്തിലേക്കു കടന്നു വരുന്ന കുറച്ചു മനുഷ്യരും അവര്‍ അവന്റെ ജീവിതത്തിൽ സൃഷ്ടിക്കുന്ന വഴിത്തിരിവുകളുമൊക്കെ ചേരുമ്പോൾ അക്ഷരാർഥത്തിൽ ‘മനോഹര’മായ രണ്ടര മണിക്കൂറാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്.

വിനീത് ശ്രീനിവാസനെ നായകനാക്കി അൻവർ സാദിഖ് സംവിധാനം ചെയ്ത ‘മനോഹരം’ നല്ല സിനിമകൾ ഇഷ്ടപ്പെടുന്ന എല്ലാത്തരം പ്രേക്ഷകരെയും തൃപ്തരാക്കും എന്നുറപ്പ്. ഒറ്റവാക്കിൽ പറഞ്ഞാൽ അതിമനോഹരമായ ഒരു ഫീൽ ഗുഡ് എന്റർടെയ്നർ. മനു എന്ന മനോഹരന്റെ കഥയാണ് ‘മനോഹരം’. മനുവിന്റെ ജീവിതവും പ്രതീക്ഷകളും പ്രതിസന്ധികളും പ്രണയവും സൗഹൃദവും അതിജീവനവുമൊക്കെച്ചേർന്ന ഒരു കുഞ്ഞു സിനിമ. അരവന്ദന്റെ അതിഥികൾക്കും തണ്ണീർമത്തൻ ദിനങ്ങൾക്കും ശേഷം ഹാട്രിക് വിജയത്തിലേക്ക് വിനീത് ശ്രീനിവാസനെ ‘മനോഹരം’ കൈപിടിച്ചു നടത്തും, ഉറപ്പ്.

m-1

ഒരു സ്കൂൾ യുവജനോൽസവ വേദിയിലെ ചിത്രരചനാ മത്സരത്തില്‍ തുടങ്ങി, മനുവിന്റെ കല്യാണം മുടങ്ങുന്നതിന്റെ സംഘർഷ നിമിഷങ്ങളിലൂടെ ആദ്യ പത്ത് മിനിട്ടിനുള്ളിൽ ട്രാക്കിലെത്തുന്ന ചിത്രം അവിടം തൊട്ടങ്ങോട്ട് ഒരു നിമിഷം പോലും രസച്ചരടു പൊട്ടാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. കഥാ ഗതിയിലെ കുഞ്ഞു കുഞ്ഞു സംഭവങ്ങളിലൂടെ വികസിക്കുന്ന തിരക്കഥ, സിറ്റുവേഷൻ കോമഡികളെ കാര്യമായി ഉപയോഗിച്ചു തന്നെയാണ് പിന്നീട് മുന്നോട്ടു പോകുന്നത്.

പുതുമയുള്ളതാണ് കഥാ പശ്ചാത്തലം. കഥയെ കൃത്യമായി കൂട്ടിയിണക്കി, അതിനെ ദൃശ്യമികവോടെ പാകപ്പെടുത്താൻ പാലക്കാടിന്റെ ഗ്രാമീണ ഭംഗിയും പ്രാദേശികതയും കാര്യമായി ഉപയോഗിച്ചിട്ടുമുണ്ട്. നായികാ – നായകൻമാരുടെ പ്രണയവും കഥയുടെ പ്രധാന വഴിത്തിരിവുമുൾപ്പടെ, ചെറിയ അശ്രദ്ധ കൊണ്ടു പോലും പാളിപ്പോയേക്കാവുന്ന പല സ്വീക്കൻസുകളിലും സംവിധാനത്തിലെയും തിരക്കഥയിലെയും കയ്യൊതുക്കം സിനിമയെ സുരക്ഷിതമാക്കുന്നു.

തികച്ചും ഗ്രാമീണമാണ് ‘മനോഹര’ത്തിന്റെ കഥയും പശ്ചാത്തലവും. ഒരു ഗ്രാമത്തിന്റെ ചുറ്റുപാടിനപ്പുറത്തേക്കു കൊണ്ടു പോയാൽ ഇത്രമേൽ വിശ്വാസ്യതയോടെ ഈ കഥ അവതരിപ്പിച്ചു ഫലിപ്പിക്കാനായെന്നും വരില്ല. അവിടെയും തിരക്കഥാകൃത്തു കൂടിയായ സംവിധായകന്റെ പ്രതിഭ കാണാം. സാധാരണക്കാരാണ് ചിത്രത്തിലെ ഭൂരിപക്ഷം കഥാപാത്രങ്ങളും. എപ്പോഴും പൊസിറ്റീവ് ആകുന്നതിനെക്കുറിച്ച് പറയുമെങ്കിലും നായകനായ മനു പലപ്പോഴും ആത്മവിശ്വാസമുള്ള ആളല്ല. അതിന്റെതായ എല്ലാ അബദ്ധങ്ങളും അവൻ ജീവിതത്തിൽ തുടർച്ചയായി നേരിടുന്നുമുണ്ട്. അമ്മയുടെയും സുഹൃത്തുക്കളുടെയും പിന്തുണയും പ്രേരണയുമാണ് മിക്കപ്പോഴും അവന്റെ ശക്തി.

മനു എന്ന മനോഹരൻ പൂർണമായും വിനീത് ശ്രീനിവാസനിൽ സുരക്ഷിതമാണ്. വിനീതിന്റെ പ്രകടനത്തിലെ കൃത്യത മനുവിനെ ഗംഭീരമാക്കുന്നു. മനുവിന്റെ പ്രണയത്തിലും സൗഹൃദത്തിലും ഈ സ്വാഭാവികത നിലനിർത്തുന്നതിനും വൈകാരികമായ രംഗങ്ങളിൽ പ്രേക്ഷകന്റെ മനസ്സിൽ തൊടാനും വിനീതിനാകുന്നു. നായികയായ ശ്രീജയായി അപർണാ ദാസ്, മനുവിന്റെ സുഹൃത്തുക്കളായി ഇന്ദ്രൻസ്, ബേസിൽ ജോസഫ്, അമ്മയായി ശ്രീലക്ഷ്മി എന്നിവരും തങ്ങളുടെ കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തുന്നുണ്ട്.

പാലക്കാടൻ ഗ്രാമീണതയുടെ തനിമ ചോരാത്ത ഫ്രെയിമുകളും മനോഹരമായ ദൃശ്യങ്ങളും നിറഞ്ഞ ജെബിന്‍ ജേക്കബിന്റെ ഛായാഗ്രഹണം ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റാണ്. നിഥിന്‍ രാജിന്റെ എഡിറ്റിങ്ങും, സഞ്ജീവ് ടിയുടെ സംഗീതവും എടുത്തു പറയണം. ചുരുക്കത്തിൽ, എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന, ആദ്യാവസാനം യാതൊരു മുഷിച്ചിലുമില്ലാതെ കണ്ടു തീർക്കാവുന്ന, 100 ശതമാനം ഫാമിലി – ഫീൽ ഗുഡ് എന്റർടെയ്നറാണ് ‘മനോഹരം’.