ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മാർക്കോ’യുടെ ടീസർ വൈറൽ. ഒരു പാൻ ഇന്ത്യൻ സിനിമയെ അനുസ്മരിപ്പിക്കുന്ന മേക്കിങ് ക്വാളിറ്റിയാണ് ടീസറിന്റെ ഹൈലൈറ്റ്. തകർപ്പൻ ആക്ഷൻ രംഗങ്ങളും വയലൻസുമാണ് ടീസറിലുള്ളത്.
ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രത്തിൽ ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ. ക്രിസ്മസ് റിലീസായാണ് ചിത്രം തിയറ്ററുകളിൽ എത്തുക.സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്‌ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.
സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്നു. ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്.