Saturday 23 October 2021 09:06 AM IST : By സ്വന്തം ലേഖകൻ

‘ഇതെല്ലാം വെറും വാഗ്ദാനങ്ങളായി ഒടുങ്ങുകയേ ഉള്ളു’: കുടുംബത്തെ സഹായിക്കും എന്നത് വെറും വാക്ക്: തുറന്നെഴുതി മായ പനച്ചൂരാൻ

anil-panachooran

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മരണം അപ്രതീക്ഷിതമായിരുന്നു. അകാലത്തിലുള്ള അദ്ദേഹത്തിന്റെ വിയോഗം പ്രിയപ്പെട്ടവരെയെന്ന പോലെ ആസ്വാദകരെയും നൊമ്പരത്തിലാഴ്ത്തി. എന്നാലിപ്പോൾ, കവിയുടെ മരണ ശേഷം കുടുംബത്തെ സഹായിക്കും എന്ന് രാഷ്ട്രീയ–സംസ്കാരിക പ്രവർത്തകർ പറഞ്ഞെത് വെറും വാക്കായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഭാര്യ മായ പനച്ചൂരാൻ.

ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മായ ഇക്കാര്യം തുറന്നെഴുതിയത്.

മായയുടെ കുറിപ്പ് വായിക്കാം:

നമസ്തേ,

അനിചേട്ടനെയും എന്നേയും സ്നേഹിക്കുന്ന, ഇപ്പോഴും അനിൽ പനച്ചൂരാനെ ഓർമിക്കുന്ന ധാരാളം പേർ പലപ്പോഴും വിളിച്ചു തിരക്കാറുണ്ട്, 'ജോലി വല്ലതുമായോ ' എന്ന്. അത്തരം കോളുകൾ ഒന്നും തന്നെ ഞാൻ ഇപ്പോൾ attend ചെയ്യാറില്ല. കാരണം നല്ല വാർത്തകൾ ഒന്നും തന്നെ എനിക്കവരോടു പറയാനില്ല!.

ആ ഒരു സമയത്ത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കന്മാർ ഈ വീട്ടിൽ കയറിയിറങ്ങിയതും പലതരത്തിലുള്ള വാഗ്ദാനങ്ങൾ നൽകിയതും പല മാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞതാണ്. അത്തരം വാർത്തകൾ ഒന്നും തന്നെ ഞാനായിട്ട് പൊതുവേദികളിൽ പരസ്യപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും കായംകുളം MLA ശ്രീമതി. പ്രതിഭ ഉൾപ്പടെയുള്ള പ്രമുഖർ കവിയുടെ കുടുംബത്തിന് ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് പല വേദികളിലും പ്രസംഗിച്ചത് (ശ്രീമതി പ്രതിഭ അനുശോചന യോഗങ്ങളിൽ പൊട്ടികരഞ്ഞതും) എന്റെ ശ്രദ്ധയിലും പെട്ടിരുന്നു.

അനിൽ പനച്ചൂരാനെ സ്നേഹിക്കുന്ന, ഞങ്ങളുടെ ദൗർഭാഗ്യങ്ങളിൽ വേദനിക്കുന്ന ആയിരക്കണക്കിനാളുകൾ ഉണ്ടെന്നറിയാം. അവരോട് എന്തു പറയണം എന്നറിയില്ലായിരുന്നു...(എന്റെ ജോലിയുമായി ബന്ധപ്പെട്ട വാർത്തകളുടെ സത്യാവസ്ഥ പറഞ്ഞുപറഞ്ഞു ഞാൻ തന്നെ മടുത്തിരുന്നു ) ഇപ്പോൾ ഒരു മറുപടിയായി. അത് ഇവിടെ സമർപ്പിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയിൽ ഞങ്ങളെ ഓർക്കണമെന്ന് അപേക്ഷിക്കുന്നു. ഒപ്പം ഒരു വാക്ക് കൂടി... ദുരന്തമുഖങ്ങളിൽ തലകാണിക്കാൻ രാഷ്ട്രീയക്കാർ എത്തുന്ന വാർത്തകൾ നമ്മൾ നിരന്തരം കാണാറുണ്ട്; വാഗ്ദാനങ്ങൾ നൽകുന്നത് പത്രമാധ്യമങ്ങളിൽ കൂടി അറിയാറുണ്ട്. ഇതെല്ലാം വെറും വാഗ്ദാനങ്ങളായി ഒടുങ്ങുകയേ ഉള്ളു. അതുകൊണ്ട് ദയവു ചെയ്ത് ഇത്തരം വാർത്തകൾ വിശ്വസിക്കരുത്.

മായ പനച്ചൂരാൻ.