Wednesday 21 October 2020 02:31 PM IST : By സ്വന്തം ലേഖകൻ

'ഇതാണെന്റെ ഐഡന്റിറ്റി, എന്നെ ഇങ്ങനെ കണ്ടാമതി'; മീശക്കാരിയെ പ്രേമിച്ച ചെക്കന്‍; വൈറലായി മീശ മീനാക്ഷിയുടെ കഥ

meesha-minaxi

മുഖത്തിനു കീഴെ പൊടിക്ക് കറുപ്പ് പൊടിഞ്ഞാല്‍ തകര്‍ന്നു വീഴും സ്ത്രീ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍. മീശ അത് ആണിനു പറഞ്ഞിട്ടുള്ളതാണ് എന്നാണ് വയ്പ്. അതിനിടയ്ക്ക് ഇതാ മീശയുള്ളൊരു പെണ്ണ്. അമ്പരക്കേണ്ട മീശയുള്ള പെണ്ണിന്റെ ഹൃദ്യമായ കഥ പറയുകയാണ് മീശ മീനാക്ഷി എന്ന ഹ്രസ്വ ചിത്രം. 

ദിവാകൃഷ്ണ വി.ജെയാണ് ഈ അടിപൊളി പ്രമേയം സംവിധാനം ചെയ്ത്  ആസ്വാദകര്‍ക്കു മുന്നിലേക്ക് വയ്ക്കുന്നത്. സംവിധായകന്‍ തന്നെ തിരക്കഥയുമൊരുക്കിയിരിക്കുന്ന മീശ മീനാക്ഷിയുടെ കഥ ഒരു പ്രത്യേക കാരണത്താല്‍ അനിയന്ത്രിതമായി മീശ വളരുന്ന ഒരു പെണ്‍കുട്ടിയുടെയും അവളെ ഇഷ്ട്ടപെടുന്ന സഹപാഠിയുടെയും ജീവിതത്തെ ചുറ്റിപ്പറ്റിയാണ് സഞ്ചരിക്കുന്നത്. പ്രശാന്ത് മോഹന്‍ , മൃണാളിനി സൂസന്‍ ജോര്‍ജ് , അലോന ജോണ്‍സന്‍ , ജിബിന്‍ ജി നായര്‍ , ആനന്ദ് മന്മഥന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. പ്രശസ്ത ഗാനരചയിതാവ് വിനായക് ശശികുമാര്‍ വരികളെഴുതിയ പാട്ടുകള്‍ക്ക് പ്രശാന്ത് മോഹന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. എം. ജി ശ്രീകുമാര്‍ , ഹരിശങ്കര്‍ , എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. എം.ജി ശ്രീകുമാര്‍ പാടിയ 'അടി പൂക്കുറ്റി' എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ വലിയ ചര്‍ച്ചയായിരുന്നു.

അഭിജിത്ത് കൃഷ്ണകുമാര്‍, കൃഷ്ണദത്ത് നമ്പൂതിരി എന്നിവരാണ് മീശ മീനാക്ഷിയ്ക്ക് ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.കൈലാഷ് എസ് ഭവന്‍ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നു.ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമാകുന്ന 'അര്‍ച്ചന 31 നോട്ട് ഔട്ട്' എന്ന സിനിമ സംവിധാനം ചെയ്യുന്ന അഖില്‍ അനില്‍കുമാറാണ് മീശ മീനാക്ഷിയുടെ സൗണ്ട് ഡിസൈനിങ് നിര്‍വ്വഹിച്ചിരിക്കുന്നത്. 

പി ഫാക്ടേഴ്‌സ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഒരുങ്ങിയ ഹ്രസ്വചിത്രം പൗര്‍ണമി രാജശേഖരനാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ വലിയ സ്വീകാര്യതയാണ് ഹ്രസ്വ ചിത്രത്തിന് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.