Friday 20 November 2020 09:00 AM IST : By സ്വന്തം ലേഖകൻ

‘ഉപ്പും മുളകും’ ടീം ഇനി സിനിമയിലും ഒന്നിച്ച്! ലൊക്കേഷൻ ചിത്രം പങ്കുവച്ച് നിഷ സാരംഗ്

meppadiyan

ഉപ്പും മുളകും എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയരായ താരങ്ങളാണ് നിഷ സാരംഗും കോട്ടയം രമേശും മനോഹരി ജോയിയും. മൂവരും ഇപ്പോൾ സിനിമയിലും സജീവമാണ്. ഇപ്പോഴിതാ, മൂവരും ഒന്നിച്ച് ഒരു സിനിമയിലും എത്തുന്നു.

ഉണ്ണിമുകുന്ദൻ നായകനാകുന്ന ‘മേപ്പടിയാൻ’ എന്ന ചിത്രത്തിലാണ് മൂവരും ഒന്നിക്കുന്നത്. ഇതിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം നിഷ സാരംഗ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ സന്തത സഹചാരിയായ ഡ്രൈവർ കുമാരൻ എന്ന കഥാപാത്രത്തിലൂടെയാണ് കോട്ടയം രമേശ് താരമായത്. ആസിഫ് അലി ചിത്രം ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലെ അമ്മവേഷമാണ് അടുത്തിടെ മനോഹരി ജോയിക്ക് ഏറെ അഭിനന്ദനം നേടി കൊടുത്ത കഥാപാത്രം.

സീരിയലിനൊപ്പം നിരവധി ചിത്രങ്ങളിലും വേഷമിട്ട അഭിനേത്രിയാണ് നിഷ സാരംഗ്. ചന്ദ്രോത്സവം, പരുന്ത്, കരയിലേക്ക് ഒരു കടൽദൂരം, മൈ ബോസ്, മാറ്റിനി, ആമേൻ, ഒരു ഇന്ത്യൻ പ്രണയകഥ, ദൃശ്യം, ലഡു, ലോനപ്പന്റെ മാമോദീസ, കപ്പേള, തണ്ണീർമത്തൻ ദിനങ്ങൾ തുടങ്ങിയ ചിത്രങ്ങളിൽ നിഷ അഭിനയിച്ചിട്ടുണ്ട്.