Tuesday 22 January 2019 10:50 AM IST : By സ്വന്തം ലേഖകൻ

ഇനി ‘മിന്നൽ ടൊവിനോ’! ബേസിൽ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ എത്തി

minnal-new

ടൊവിനോ തോമസിനെ കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയ ചിത്രം ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘ഗോദ’യാണ്. ഒന്നിനു പിന്നാലെ ഒന്നെന്ന കണക്കിൽ വൻ വിജയങ്ങളുമായി ടൊവിനോ താരപദവിയിലേക്കുയരുമ്പോൾ, ‘ഗോദ’ ടീം വീണ്ടും കൈകോർക്കുന്നു. ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ നായകനാകുന്ന ‘മിന്നല്‍ മുരളി’ യുടെ ആദ്യ പോസ്റ്ററെത്തി. ടൊവിനോയുടെ ജന്മദിനമായ ഇന്നലെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ബേസില്‍ തന്നെയാണ് വിശേഷം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു സൂപ്പര്‍ ഹീറോ ചിത്രമായിരിക്കും മിന്നൽ മുരളി. മറ്റു വിവരങ്ങളൊന്നും സംവിധായകൻ വ്യക്തമാക്കിയിട്ടില്ല.

‘‘എല്ലാവർക്കും നമസ്ക്കാരം . കുഞ്ഞിരാമായണത്തിനും ഗോദയ്ക്കും ശേഷം പുതിയ ഒരു ചിത്രവുമായി ഞങ്ങൾ ഇതാ വീണ്ടുമെത്തുകയാണ്. ഒരു സൂപ്പർഹീറോ ചിത്രമാണ് ഇത്തവണ. ഇന്നത്തെ‘Birthday Boy’, പ്രിയ സുഹൃത്ത് ടൊവിനോ ആണ് ഞങ്ങടെ സൂപ്പർഹീറോ. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങിയ സിനിമകൾ നിർമ്മിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ ശ്രീമതി സോഫിയ പോൾ ആണ് ചിത്രം നിർമ്മിക്കുന്നത്. മറ്റ് കാസ്റ്റ് ആൻഡ് ക്രൂ വിവരങ്ങൾ വഴിയേ അറിയിക്കാം. അപ്പൊ, മിന്നൽ മുരളിയുടെ കളികൾ ഇവിടെ തുടങ്ങുന്നു. കൂടെയുണ്ടാവണം എല്ലാവരും’’.– പോസ്റ്റർ റിലീസ് ചെയ്ത് ബേസിൽ കുറിച്ചു.

സംവിധാനത്തിനൊപ്പം നടനെന്ന നിലയിലും ഇടമുറപ്പിച്ച ബേസിൽ, മുൻപ് മമ്മൂട്ടിയേയും ടൊവിനോയേയും നായകൻമാരാക്കി ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു. ഉണ്ണി.ആർ തിരക്കഥയെഴുതുന്ന ഈ ചിത്രം ഒരു ട്രാവൽ മൂവിയാണെന്ന് പറഞ്ഞു കേൾക്കുന്നു.