Thursday 25 July 2019 01:00 PM IST : By സ്വന്തം ലേഖകൻ

‘മലയാളത്തിൽ നിന്ന് മഞ്ജു വാരിയർ എന്റെ സിനിമയിൽ ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു’; 'മിഷൻ മംഗൾ' സംവിധായകൻ പറയുന്നു

manju-mission-mangal667

മലയാളത്തിൽ നിന്ന് നടി മഞ്ജു വാരിയർ തന്റെ സിനിമയിൽ ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നതായി 'മിഷൻ മംഗൾ' സംവിധായകൻ ജഗൻ ശക്തിയുടെ വെളിപ്പെടുത്തൽ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജഗൻ ശക്തിയുടെ തുറന്നുപറച്ചിൽ. ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘മിഷൻ മംഗൾ’. അക്ഷയ് കുമാർ നായകനാകുന്ന ചിത്രത്തിൽ തപ്സി പന്നു, വിദ്യാ ബാലൻ, സോനാക്ഷി സിൻഹ, നിത്യാ മേനോൻ, കൃതി കുൽഹാരി, ശർമൻ ജോഷി തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

“ഞാൻ ഈ സ്ക്രിപ്റ്റ് എഴുതിയപ്പോൾ രാജ്യത്തെ മുഴുവൻ പ്രതിനിധാനം ചെയ്യണമെന്ന് ആഗ്രഹിച്ചു. എനിക്ക് മലയാളത്തിൽ നിന്നു മഞ്ജു വാരിയർ എന്റെ സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. തമിഴിൽ നിന്നു സുഹാസിനി, കന്നഡയിൽ നിന്നു അനു പ്രഭാകർ ഇവരെ കൂടാതെ ഒരു പ്രമുഖ ബംഗാളി അഭിനേത്രിയും സിനിമയിലുണ്ടാകണമെന്ന് ഞാനാഗ്രഹിച്ചു. ഹിന്ദിയിൽ നിന്നു ശ്രീദേവിയായിരുന്നു എന്റെ മനസ്സിൽ. ‘ഇംഗ്ലിഷ് വിംഗ്ലിഷി’ൽ ഗൗരി ഷിൻഡയുടെ അസിസ്റ്റന്റ് ആയി ജോലി ചെയ്തതിനാൽ എനിക്ക് അവരെ പരിചയമുണ്ടായിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ അത് സാധിച്ചില്ല.

mission-mangal009

അക്ഷയ് കുമാർ സാർ പ്രൊജക്റ്റിന് ആദ്യം സമ്മതം പറഞ്ഞപ്പോൾ കാസ്റ്റിങ് ഏകദേശം ഓക്കെയായി. ബോളിവുഡ് താരങ്ങളെ സമീപിച്ചപ്പോൾ അവർ എല്ലാവരും സമ്മതിക്കുകയും ചെയ്തു. കഥ കേട്ടപ്പോൾ വിദ്യാ ബാലൻ സമ്മതിച്ചു. പിന്നീട് സോനാക്ഷിയും  താപ്സിയുമൊക്കെ സമ്മതം മൂളി. നിത്യ മോനോനെ കുറിച്ച് പറയുകയാണെങ്കിൽ ഒരു ദക്ഷിണേന്ത്യക്കാരനെന്ന നിലയിൽ നിത്യയുടെ പ്രകടനം എന്നെ അദ്‌ഭുതപ്പെടുത്തിയിട്ടുണ്ട്. സിനിമയിലെ സൗത്ത് ഇന്ത്യൻ കഥാപാത്രത്തിന് എന്റെ മനസ്സിൽ തെളിഞ്ഞ മുഖം നിത്യയുടേതായിരുന്നു.’’- ജഗൻ പറയുന്നു.

ഒരേസമയം നിരവധി ജോലികളിൽ മികവു പുലർത്തുന്ന ഐഎസ്ആർഒയിലെ വനിതകൾക്കുള്ള ആദരം കൂടിയാണ് സിനിമയെന്നും ജഗൻ പറയുന്നു. ശാസ്ത്രജ്ഞരുടെ വേഷത്തിലാണ് വിദ്യാ ബാലനും താപ്സിയും നിത്യ മേനോനും സോനാക്ഷിയും കീർത്തി കുൽഹാരിയുമെല്ലാം സിനിമയിൽ എത്തുന്നത്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോയും കേപ് ഓഫ് ഗുഡ് ഫിലിംസും സംയുക്തമായി ചേർന്നാണ് ‘മിഷൻ മംഗൾ’ നിർമ്മിക്കുന്നത്. ഓഗസ്റ്റ് 15 ന് ചിത്രം തിയറ്ററുകളിൽ എത്തും.

Tags:
  • Bollywood
  • Movie News
  • Movies