Monday 10 September 2018 09:51 AM IST : By സ്വന്തം ലേഖകൻ

‘മോനേ ഇതെന്റെ റെയ്ബൻ ഗ്ലാസ്, അതിൽ തൊട്ട് കളി വേണ്ട’; സ്ഫടികം–2വിന് കലിപ്പൻ മറുപടിയുമായി ഭദ്രൻ

bhadran

മലയാളത്തിൽ മോഹൻലാൽ എന്ന സൂപ്പർസ്റ്റാറിന്റെ ഭാഗധേയം അടയാളപ്പെടുത്തിയ ചിത്രമായിരുന്നു ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം. കാലങ്ങൾക്കിപ്പുറവും ആരാധകർ ആവേശപൂർവ്വം ഓർത്തെടുക്കുന്ന ചിത്രം.

മോഹൻലാലും തിലകനും മത്സരിച്ചു നടിച്ച ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത ആരാധകർ അൽപ്പം ‘കലിപ്പോടെയാണ്’ ഏറ്റെടുത്തത്. ആട് തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥ പറയുന്ന ചിത്രം ബിജു ജെ കട്ടക്കൽ ഒരുക്കുന്നു എന്നതായിരുന്നു വാർത്ത. കേട്ടപാതി കേൾക്കാത്ത പാതി മോഹൻലാല്‍ ആരാധകർ ചിത്രത്തിന്റെ അണിയറക്കാർക്കെതിരെ തിരിഞ്ഞു. മോഹൻലാലിന്റെ കരിയര്‍ ബെസ്റ്റായ ചിത്രത്തിന് രണ്ടാം ഭാഗം എടുത്തു നശിപ്പിക്കുമോ എന്നതായിരുന്നു പലരുടേയും ഭയം.

ഇപ്പോഴിതാ ഇപ്പോഴിതാ സ്ഫടികമൊരുക്കിയ സംവിധായകൻ ഭദ്രനും കലിപ്പൻ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. 'സ്ഫടികം ഒന്നേയുള്ള. അതു സംഭവിച്ചു കഴിഞ്ഞു. മോനേ...ഇത് എന്റെ റെയ്ബാൻ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാൽ' എന്ന പഞ്ച് ഡയലോഗോടെയാണ് ഭദ്രൻ മറുപടിക്കുറിപ്പ് എഴുതിയിരിക്കുന്നത്.

മലയാളത്തിലെ യുവ സൂപ്പർ താരം നായകനാകുന്ന ചിത്രം 'യുവേർസ് ലൗ വിംഗ് ലി' എന്ന ചിത്രത്തിന് ശേഷം ബിജു ജെ കട്ടക്കൽ ആണ് സ്ഫടികം 2 തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ആട് തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥയാണ് പുതിയ ചിത്രത്തിലൂടെ പറയുന്നത്.

അതെ സമയം ചിത്രത്തിൽ ബോളിവുഡ് താരം സണ്ണി ലിയോൺ ഒരു പ്രധാന വേഷത്തിൽ എത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൽ സിൽക്ക് സ്മിത അവതരിപ്പിച്ച ലൈല എന്ന കഥാപാത്രത്തിന്റെ മകളായാണ് താരം ചിത്രത്തിലെത്തുന്നത്. ബിജു ജെ കട്ടക്കൽ പ്രൊഡക്ഷൻസ് ഹോളിവുഡ് കമ്പനിയായ മൊമന്റം പിക്ച്ചർസുമായി ചേർന്ന് റ്റിന്റു അന്ന കട്ടക്കൽ ആണ് ചിത്രം നിർമിക്കുന്നത്.

എന്നാൽ ഇതിനെതിരെ മോഹൻലാൽ ആരാധകർ കടുത്ത വിമർശനവുമായിട്ടാണ് എത്തിയിരിക്കുന്നത്.  മോഹൻലാൽ അനശ്വരമാക്കിയ പഴയെ ആട് തോമയെ രണ്ടാം ഭാഗം എടുത്ത് നശിപ്പിക്കല്ലേയെന്ന് പറഞ്ഞാണ് ആരാധകർ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് കീഴെ കമന്റുകളുമായി രംഗത്ത് വന്നിട്ടുള്ളത്.