Wednesday 21 August 2019 10:24 AM IST : By സ്വന്തം ലേഖകൻ

അതിരു കടക്കുന്ന ആരാധന! രാത്രിയില്‍ മോഹൻലാലിന്റെ കാറിനെ പിന്തുടർന്നു, ആവർത്തിക്കരുതെന്ന് താരം: വിഡിയോ

lal-new

ആരാധന അതിരു കടന്നാൽ അപകടമാണ്. കടുത്ത ആരാധന പലപ്പോഴും താരങ്ങളെപ്പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിലേക്ക് പരിധി വിടാറുമുണ്ട്. അത്തരം ആരാധനാ ഭ്രാന്തിന്റെ കുഴപ്പങ്ങളാണ് കഴിഞ്ഞ ദിവസം രാത്രി മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിനും നേരിടേണ്ടി വന്നത്.

ആരാധകരുടെ പ്രിയപ്പെട്ട ലാലേട്ടനാണ് മോഹൻലാൽ. രാജ്യത്തെമ്പാടും അദ്ദേഹത്തെ ആരാധിക്കുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട്. തന്റെ ആരാധകരെ ബുദ്ധിമുട്ടിക്കാതെ, എല്ലാവരോടും സ്നേഹത്തോടെയും താൽപര്യത്തോടെയും ഇടപഴകാൻ അദ്ദേഹം എക്കാലവും ശ്രദ്ധ പുലർത്തുന്നു.

എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹം പോലും അസ്വസ്ഥനാകുന്ന തരം ബുദ്ധിമുട്ടിലേക്കാണ് ആരാധകര്‍ താരത്തെ കൊണ്ടെത്തിച്ചത്. ഇതിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

ഒരു ചടങ്ങിൽ പങ്കെടുക്കാൻ ഇന്നലെ അദ്ദേഹം തിരുവല്ലയിൽ എത്തിയിരുന്നു. പരിപാടിയ്ക്ക് ശേഷം ഇവിടെ നിന്നും മടങ്ങിയ പോയ മോഹന്‍ലാലിന്റെ കാറിന് പിന്നാലെ ഒരു കൂട്ടം ആരാധകർ പിന്തുടർന്നു. പിന്നാലെ വരുന്ന സംഘത്തെ കണ്ട് മോഹൻലാൽ കാർ നിർത്തി. കാര്യം തിരക്കിയപ്പോൾ ഒപ്പം നിന്ന് ഫോട്ടോയെടുക്കണമെന്ന് ആരാധകർ. ആവശ്യത്തിന് മുന്നിൽ മോഹൻലാൽ വഴങ്ങി. ഇതോടെ ആളുകളും കൂടി. പിന്നീട് പൊലീസ് സ്ഥലത്തെത്തി അദ്ദേഹത്തെ തിരികെ കാറിലെത്തിച്ചു. കാറിൽ കയറുമ്പോൾ ഇനി തന്റെ വാഹനത്തിന് പിന്നാലെ പിന്തുടർന്ന് അപകടം വരുത്തി വയ്ക്കരുതെന്നും ആരാധകരോട് ലാൽ അഭ്യർഥിച്ചു.