Monday 22 April 2019 09:18 AM IST : By സ്വന്തം ലേഖകൻ

‘സംവിധാനം – മോഹൻലാൽ’! വന്‍ ബജറ്റിൽ, ത്രീഡി വിസ്മയത്തിൽ താരത്തിന്റെ ആദ്യ സംവിധാന സംരംഭം

lal-new

ആരാധകരെയും സിനിമാ പ്രേമികളെയും ത്രസിപ്പിക്കുന്ന പ്രഖ്യാപനമായിരുന്നു അത്. മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ സംവിധായകന്റെ തൊപ്പിയണിയുന്നു. താരം തന്നെയാണ് തന്റെ ബ്ലോഗ് കുറിപ്പിലൂടെ ഈ വിശേഷം പ്രേക്ഷകരുമായി പങ്കു വച്ചത്.

‘ഇതുവരെ ചെയ്യാത്ത ചില കാര്യങ്ങൾ ചെയ്യാൻ കൊതിക്കുന്ന ഒരു മനസാണ് എന്റേത്... അതേ, ഞാനൊരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു’.– മോഹൻലാൽ ബ്ലോഗിൽ കുറിച്ചു.

‘ബറോസ്’ എന്ന പേരിൽ ഒരു ത്രീഡി ചിത്രമായിരിക്കും താരത്തിന്റെ ആദ്യ സംവിധാന സംരംഭം. വമ്പൻ ബജറ്റിലാണ് ചിത്രമൊരുങ്ങുക.

‘ഇത്രയും കാലം ക്യാമറയ്ക്ക് മുന്നിൽ പകർന്നാടിയ ഞാൻ ക്യാമറയ്ക്ക് പിന്നിലേക്ക് നീങ്ങുന്നു. ‘ബറോസ്’ എന്നാണ് ഞാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാം. കഥയുടെ മാന്ത്രിക പരവതാനിയിലേറി യാത്ര ചെയ്യാം. ഗോവയിലായിരിക്കും സിനിമയുടെ ചിത്രീകരണം. അതിനുള്ള സ്ഥലങ്ങളെല്ലാം കണ്ടുകഴിഞ്ഞു’. – താരം ബ്ലോഗിൽ കുറിച്ചു.

വാസ്കോ ഡ ഗാമയുടെ നിധി ശേഖരത്തിന്റെ കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുകയത്രേ. പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലായിരിക്കും ചിത്രം ഒരുങ്ങുക.

ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകന്‍ ജിജോയുടെ കഥയില്‍ നിന്നുമാണ് ബറോസിലേക്ക് എത്തിയതെന്നും താരം പറയുന്നു. മോഹന്‍ലാല്‍ തന്നെയാകും ചിത്രത്തിലെ നായകൻ. പ്രമുഖ ബാനറായ നവോദയയും ചിത്രത്തിന്റെ നിർമാണ പങ്കാളികളാകും.

പ്രമുഖ താരങ്ങൾ മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തിക്കഴിഞ്ഞു.