Friday 13 July 2018 12:01 PM IST : By സ്വന്തം ലേഖകൻ

‘അക്ഷരാഭ്യാസം ഇല്ലാത്തവർക്കു പോലും അതൊക്കെ മനസിലാകും സാർ’; മോഹൻലാലിനെതിരെ ജോയ് മാത്യു

mohanlal

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താര സംഘടനയായ ‘അമ്മയ്ക്കെതിരെ’ ഉയർന്ന ആരോപണങ്ങളെ പ്രതിരോധിക്കുന്നതായിരുന്നു പ്രസിഡന്റ് മോഹൻലാൽ നടത്തിയ വാർത്താ സമ്മേളനം. ദിലീപിന്റെ സംഘടനയിലേക്കുള്ള തിരിച്ചു വരവും നാല് നടിമാരുടെ രാജിയും ഉയർത്തിവിട്ട വിവാദങ്ങൾ അക്കമിട്ടു നിരത്തിയായിരുന്നു മോഹൻലാലിന്റെ വിശദീകരണം.

എന്നാൽ അവിടം കൊണ്ടൊന്നും വിവാദങ്ങൾ അവസാനിക്കുന്ന മട്ടല്ല. താരസംഘടനയെ ന്യായീകരിച്ചെത്തിയ മോഹൻലാലിന്റെ വാക്കുകൾക്കെതിരെ വിവിധ കോണുകളിൽ നിന്നും വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ മോഹൻലാലിന്റെ വാദങ്ങളെ ഖണ്ഡിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു.

ജനറൽ ബോഡിയുടെ അജണ്ടയിൽ ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയം ഉണ്ടായിരുന്നുവെന്ന മോഹൻലാലിന്റെ വാദം തെറ്റാണെന്ന് ജോയ് മാത്യു വ്യക്തമാക്കുന്നു. ‘പ്രസിഡന്റ് കഴിഞ്ഞ ജനറൽ ബോഡിയുടെ അജണ്ട ഒന്നുകൂടി വായിച്ച് നോക്കുവാൻ അപേക്ഷിക്കുന്നു. പ്രസ്തുത അജണ്ടയിൽ ദിലീപ് വിഷയത്തെക്കുറിച്ച് ഒരു നേരിയ പരാമർശം പോലും ഇല്ലെന്ന് എഴുത്തും വായനയും അറിയാത്തവർക്ക് പോലും മനസിലാകും’.– അങ്ങനെ പോകുന്നു ജോയ് മാത്യുവിന്റെ വിമർശനം.

അമ്മ’ അംഗങ്ങളുടെ ഇമെയിൽ ഗ്രൂപ്പില്‍ അയച്ച കത്തിലാണ് മോഹൻലാലിനെതിരെ ജോയ് മാത്യുവിന്റെ രൂക്ഷ വിമർശനം.

ജോയ് മാത്യുവിന്റെ കത്ത് വായിക്കാം–

ബഹുമാനപ്പെട്ട പ്രസിഡന്റ് ,കൂടെയുള്ള ജനറൽ സെക്രട്ടറി തുടങ്ങിയവരും സംഘടനയിലെ അംഗങ്ങളും അറിയുവാൻ, കഴിഞ്ഞദിവസം പ്രസിഡന്റ് ശ്രീ മോഹൻലാൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞത് കാണുവാനും പിന്നീട് കേൾക്കുവാനും ഇടവന്നു.

സംഘടനയെ പ്രതിനിധീകരിച്ച് പ്രസിഡന്റ്‌ മാധ്യമങ്ങളെ കാണുവാൻ കാണിച്ച താല്പര്യത്തിനും കഴിഞ്ഞ ജനറൽ ബോഡിയിൽ മാധ്യമങ്ങളെ അകറ്റി നിർത്തിയതിനും ക്ഷമചോദിച്ചതും അന്തസ്സായി. എന്നാൽ വാർത്താസമ്മേളനങ്ങളിൽ പറയുന്ന കാര്യങ്ങളിൽ അബദ്ധങ്ങൾ ,അതും ഗൗരവപ്പെട്ട വിഷയം അവതരിപ്പിക്കുമ്പോൾ സംഭവിച്ചു കൂടാത്തതാണ് എന്ന് ഓർമിപ്പിക്കുവാനാണ് ഈ എഴുത്ത്. 

സംഘടനയിലെ ഒരംഗം കൂടിയായ നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപ് എന്ന അംഗത്തെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച കാര്യം കഴിഞ്ഞ ജനറൽ ബോഡിൽ അവതരിപ്പിക്കേണ്ട അജണ്ടയിൽ ഉണ്ടായിരുന്നുവെന്നും അംഗങ്ങൾ ആരും അതേപറ്റി സംസാരിക്കാൻ തയാറായില്ല എന്നും പറയുന്നത് കേട്ടു . അത് തെറ്റല്ലേ സാർ ?

പ്രസിഡന്റ് കഴിഞ്ഞ ജനറൽ ബോഡിയുടെ അജണ്ട ഒന്നുകൂടി വായിച്ച് നോക്കുവാൻ അപേക്ഷിക്കുന്നു. പ്രസ്തുത അജണ്ടയിൽ (കാര്യപരിപാടി എന്നും പറയാം ) ദിലീപ് വിഷയത്തെക്കുറിച്ച് ഒരു നേരിയ പരാമർശം പോലും ഇല്ലെന്ന് എഴുത്തും വായനയും അറിയാത്തവർക്ക് പോലും മനസിലാകും. (എനിക്ക് പോലും മനസ്സിലായി!)

അങ്ങനെ വരുമ്പോൾ പ്രസിഡന്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞത് തെറ്റാണെന്നു വരുന്നു. (നുണ എന്ന് ഞാൻ പറയില്ല , കരുതിക്കൂട്ടി പറയുന്നതാണല്ലോ നുണ ). അതുകൊണ്ട് സംഘടനക്ക് കുഴപ്പമൊന്നുമില്ലായിരിക്കാം. പക്ഷെ പ്രസ്തുത വിഷയം അജണ്ടയിൽ ഉണ്ടായിട്ടും ഒരു അംഗം പോലും പ്രതികരിച്ചില്ല എന്ന് പറയുമ്പോൾ അത് സംഘടനയിലെ അംഗങ്ങൾ എല്ലാം ഒരു പോലെ ചിന്തിക്കുന്ന, പ്രതികരണ ശേഷിയില്ലാത്തവരാണ് എന്ന് കരുതരുത്  അത് പ്രതികരണശേഷി ഇനിയും മരിച്ചിട്ടില്ലാത്ത അംഗങ്ങളെ അപമാനിക്കലല്ലേ സാർ.

അജണ്ടയിൽ ഇല്ലാത്ത വിഷയം ഉണ്ടെന്ന് പ്രസിഡന്റ് പറഞ്ഞത് അറിയാതെ സംഭവിച്ചുപോയ ഒരു അബദ്ധം ആണെന്ന് ഞാൻ വിശ്വസിക്കാൻ ശ്രമിക്കട്ടെ. അടുത്ത വാർത്താസമ്മേളനത്തിലെങ്കിലും ഈ അബദ്ധം തിരുത്തണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു. മറുപടി അയയ്ക്കുക എന്നൊരു കീഴ്‌വഴക്കം നമ്മുടെ സംഘടനക്ക് ഇല്ലാത്തതുകൊണ്ട് ആ സങ്കൽപം കിഴുക്കാം തൂക്കായിത്തന്നെ നിൽക്കട്ടെ. 

ബഹുമാനം (ഒട്ടും കുറക്കാതെ)

ജോയ് മാത്യു, ഒരു ക്ലാസ്സ് ഫോർ അംഗം.