Friday 19 October 2018 10:24 AM IST : By സ്വന്തം ലേഖകൻ

കീർത്തിയുടെ പിറന്നാൾ ദിനത്തിൽ ആ സസ്പെൻസ് പൊളിഞ്ഞു; ആകാംക്ഷയേറ്റി കുഞ്ഞാലിമരക്കാർ

marakkar

കാത്തിരിന്റെ വേഗം കൂടുകയാണ്. തിരശീലയിൽ കുഞ്ഞാലിമരക്കാറായുള്ള മോഹൻലാലിന്റെ പരകായ പ്രവേശത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകലക്ഷങ്ങൾ. ചിത്രത്തിന്റെ പ്രാരംഭജോലികൾ അണിയറയിൽ പുരോഗമിക്കുമ്പോൾ ആകാംക്ഷയേറ്റുന്നൊരു വാർത്ത പങ്കുവച്ചിരിക്കുകയാണ് പ്രിയദർശന്റെ മകൾ കല്യാണി.

കീർത്തി സുരേഷിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്ന ആ വാർത്ത കല്യാണി പങ്കുവച്ചത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാറിൽ മോഹൻലാലിനൊപ്പം കീർത്തിയും കല്യാണിയും ഒന്നിക്കുന്നു എന്നതാണ് വാർത്ത. ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കുമെന്നും കല്യാണി വെളിപ്പെടുത്തി.

കല്യാണിയുടെ വാക്കുകൾ ഇങ്ങനെ:

ഈ കുസൃതിക്കുരുന്നുകൾ വലുതാവുമ്പോൾ നമ്മെപ്പോലെ രണ്ടുപേരാകുമെന്ന് നമ്മുടെ മാതാപിതാക്കൾ എപ്പോഴെങ്കിലും ചിന്തിച്ചിരിക്കുമോ? പിറന്നാൾ ആശംസകൾ കിറ്റി!! ഞാൻ നിന്നോടു പറഞ്ഞിട്ടുള്ളതുപോലെ തന്നെ, ഓരോ വർഷവും പുതിയ ഉയരങ്ങളിലെത്താൻ കഴിയുന്നത് മനോഹരമായ അനുഭവമാണ്. കഴിഞ്ഞ വർഷം അതിന്റെ കൊടുമുടിയിലായിരുന്നല്ലോ! ഈ വർഷം എങ്ങനെയാണ് നീ സ്വയം പുതിയ ഉയരങ്ങൾ കണ്ടെത്തുന്നതെന്ന് കാണാനുള്ള ആവേശത്തിലാണ് ഞാൻ. സണ്ടക്കോഴി 2നും സർക്കാരിനും ആശംസകൾ! നാം ഒരുമിച്ചുള്ള മരയ്ക്കാറിനായി ഡിസംബർ വരെ കാത്തരിക്കാൻ വയ്യ!

വമ്പൻ താരനിര അണിനിരക്കുന്ന പ്രിയദർശന്റെ മരക്കാറിനൊപ്പം കീർത്തിയുടെ പേര് ചേർത്തു വായിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. അതിനു സ്ഥിരീകരണമെന്നോണമാണ് കല്യാണിയുടെ വെളിപ്പെടുത്തൽ. അതേസമയം, തെലുങ്കിൽ അരങ്ങേറ്റം കുറിച്ച കല്യാണി പ്രിയദർശന്റെ ആദ്യ മലയാളചിത്രമാകും കുഞ്ഞാലി മരയ്ക്കാർ. ചിത്രത്തിൽ പ്രണവ് മോഹൻലാലും ഉണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.