Thursday 09 August 2018 10:43 AM IST : By സ്വന്തം ലേഖകൻ

‘ഞാനിവിടെയൊക്കെ തന്നെയുണ്ടാകും’; വിമർശകർക്കുള്ള മറുപടിയിലും ലാലേട്ടൻ സ്റ്റൈൽ–വിഡിയോ

lalz

തിരശ്ശീലയ്ക്കകത്താകട്ടെ പുറത്താകട്ടെ, അതിഭാവുകത്വങ്ങളില്ലാതെ രംഗപ്രവേശം ചെയ്യുന്നതാണ് ‘ലാലേട്ടൻ സ്റ്റൈൽ’. സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിനെ ചുറ്റിപ്പറ്റി ഉയർന്ന വിവാദങ്ങൾക്കുള്ള മറുപടിയിലും കണ്ടു ഇതേ ലാലേട്ടൻ രീതി. വിവാദങ്ങളോട് ഗർവ്വു കാണിക്കുകയോ മുഖം തിരിച്ചു നിൽക്കുകയോ ചെയ്യാതെ കാച്ചിക്കുറുക്കിയ സ്റ്റൈലൻ മറുപടി നൽകുകയാണ് മോഹൻലാൽ ചെയ്തത്.

ബഹിഷ്ക്കരണത്തിനായി മുറവിളി കൂട്ടിയവർക്ക് കുറിക്കു കൊള്ളുന്ന മറുപടി കൂടിയായി ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ മോഹൻലാലിന്റെ പ്രസംഗം. മുഖ്യാതിഥിയായല്ല, സഹപ്രവര്‍ത്തകരുടെ ഒത്തുചേരലിലേക്കാണ് താന്‍ വന്നിരിക്കുന്നത്. കാലത്തിന്റെ തിരശീല വീഴും വരെ ഇവിടെയൊക്കെ ഉണ്ടാകുമെന്നും നിറഞ്ഞ കയ്യടികള്‍ക്കിടെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. ചുരുക്കത്തിൽ രഞ്ജി പണിക്കർ സിനിമകളിലെ തീപ്പൊരി ഡയലോഗുകളെ അനുസ്മരിപ്പിക്കുന്നതായിരുന്നു മോഹൻലാലിന്റെ പ്രസംഗം

മോഹൻലാലിന്റെ പ്രസംഗത്തിന്റെ പൂർണരൂപം–

‘എല്ലാ സിനിമാ കലാകാരന്മാരെയും സംബന്ധിച്ച ധന്യമായ ചടങ്ങ് ആണിത്. ഞങ്ങളുടെ പ്രയത്നത്തിന് കിട്ടുന്ന പരമമായ ആദരം. അങ്ങനെ ആദരിക്കപ്പെട്ടവരാണ് എന്റെ മുന്നിൽ ഇരിക്കുന്നത്. എന്നെ ഈ ചടങ്ങിലേക്ക് ക്ഷണിക്കാൻ നിങ്ങൾ കാണിച്ച സൗമനസ്യത്തിന് ശിരസ്സ് നമിച്ച് നന്ദി പറയുന്നു.

ഏറ്റവും പ്രിയപ്പെട്ട എന്റെ മണ്ണിലാണ് ഈ പരിപാടി നടക്കുന്നത്. ഞാൻ പഠിച്ച് കളിച്ച് വളർന്ന തിരുവനന്തപുരം.രാജാവും പ്രജകളും ഒരുപോലെ സ്നേഹം പങ്കിട്ട് വളർന്ന എന്റെ നഗരം. എന്റെ ജീവിതത്തിലെ മനോഹര നിമിഷങ്ങളെല്ലാം ഈ നഗരത്തിലാണ് ചെലവഴിച്ചത്. അച്ഛന്റെയും അമ്മയുടെയും ജ്യേഷ്ഠന്റെയും എനിക്ക് എല്ലാം എല്ലാം ആയ സുഹൃത്തുക്കളുടെയും നഗരം.

എന്റെ അച്ഛൻ ഓഫീസ് ഫയൽ പിടിച്ച് ഒരായുഷ്കാലം നടന്നത് ഈ നഗരത്തിന്റെ വഴികളിലൂടെയാണ്. എന്റെ അമ്മ ആരോഗ്യകാലത്ത് ക്ഷേത്രത്തിൽ പോയിരുന്നത് ഈ നഗര വീഥികളിലൂടെയാണ്. ഒടുവിൽ എന്റെ അച്ഛനും ജ്യേഷ്ഠ സഹോദരനും ഞങ്ങളെ പിരിഞ്ഞ് പഞ്ചഭൂതങ്ങളിലേയ്ക്ക് ലയിച്ചതും ഈ ദേശത്ത് തന്നെ. എന്റെ വിവാഹം നടന്നതും എന്റെ മക്കൾക്ക് മലയാളത്തിന്റെ മൊഴിയും കാറ്റും വെയിലും മഴയും നൽകിയത് ഈ തിരുവനന്തപുരമാണ്.

ഒരുനാള്‍ അപ്രതീക്ഷിതമായി എന്റെ മുഖത്ത് ക്ലാപ് ബോർഡ് വെച്ചതും ഈ നഗരവീഥിയിൽ തന്നെ. അന്ന് തേച്ചതാണ് ഈ മുഖച്ച് ഛായം. 40 വർഷം നീണ്ട യാത്രയുടെ തുടക്കവും. എവിടെ വരെ എന്നുവരെ എന്നെനിക്കറിയില്ല. അതറിയാതെ യാത്ര ചെയ്യുന്നതാണ് യാത്രയുടെ ആനന്ദം. ഞാനിപ്പോഴും ആ ആനന്ദ യാത്രയിലാണ്.

ഏതൊരു കലാകാരനെയും സംബന്ധിച്ചും പുരസ്കാരങ്ങൾ പ്രചോദനങ്ങളാണ്. എനിക്കും അങ്ങനെ തന്നെ. സംസ്ഥാന–ദേശീയ പുരസ്കാരങ്ങളിൽ ഞാൻ അഭിനയിച്ച ചിത്രങ്ങളും ഉണ്ടാകാറുണ്ട്. ചിലതവണ അവ എന്നെ അനുഗ്രഹിച്ചു. പലതവണ വഴിമാറിയും പോയി. അവാർഡുകൾ ലഭിക്കാതെ ആകുമ്പോൾ അത് ലഭിച്ച ആളോട് ഇതുവരെ അസൂയ തോന്നിയിട്ടില്ല. മറിച്ച് എനിക്ക് അദ്ദേഹത്തോളം അഭിനയിക്കാൻ സാധിച്ചില്ലല്ലോ എന്നാണ് തോന്നാറ്. മറ്റുള്ളവർക്ക് ലഭിക്കുന്ന പുരസ്കാരം എനിക്ക് ആത്മവിമർശനങ്ങളാണ്.

ഇത്തവണ ഇന്ദ്രൻസിന് കിട്ടിയപ്പോഴും എനിക്ക് തോന്നിയത് അദ്ദേഹത്തോളം അഭിനയിച്ച് എത്താൻ സാധിച്ചില്ലല്ലോ എന്നാണ്. അത് പുരസ്‌കാരത്തിന് വേണ്ടിയുള്ള മോഹമല്ല. സാക്ഷാത്കാരത്തിന് വേണ്ടിയുള്ള അഭിനിവേശമായാണ് ഞാൻ കണക്കാക്കുന്നത്. കലാകാരന്മാർക്ക് അത് മനസ്സിലാകും എന്ന് വിശ്വസിക്കുന്നു.

ഇന്ദ്രന്‍സിന് എന്റെ എല്ലാ അഭിനന്ദനങ്ങളും. അദ്ദേഹത്തിന് ഇനിയും മികച്ച വേഷങ്ങള്‍ ലഭിക്കട്ടെ. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട പാര്‍വതിക്കും മറ്റു എല്ലാ പുരസ്‌കാര ജേതാക്കള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഒപ്പം ഞാന്‍ ഗുരുതുല്യരായി കണക്കാക്കുന്ന ശ്രീകുമാരന്‍ തമ്പി സാറിനും അര്‍ജുനന്‍ മാഷ്ിനും അഭിനന്ദനങ്ങൾ. സിനിമാമേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് ശക്തമായ നിലപാടും നടപടിയും എടുത്തുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിക്കും സാസ്‌കാരിക മന്ത്രിക്കും പ്രത്യേക അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുന്നു. കലാകാരന്മാർക്ക് കരുത്തും കരുതലും പരിഗണനയും നൽകുന്ന സർക്കാരിന്റെ പ്രത്യേക നടപടികൾക്ക് കലാകാരൻ എന്ന നിലയിൽ പ്രത്യേക നന്ദി അറിയിക്കുന്നു.

പ്രിയമുള്ളവരെ, നമ്മളെല്ലാവരും ഒരേ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. ഒരേ തരത്തിലുള്ള സന്തോഷങ്ങളും ആകുലതകളും പങ്കുവയ്ക്കുന്നവർ. ക്യാമറയ്ക്ക് മുന്നിലും അല്ലാതെയും മുഖാമുഖം നിൽക്കുന്നവർ. ഒരുകുടുംബം പോലെ പരസ്പരം ഇടപഴകുന്നവർ. അതുകൊണ്ട് തന്നെ ഇങ്ങോട്ട് വരുമ്പോൾ ഞാനൊരു മുഖ്യതിഥിയായി എനിക്ക് തോന്നിയിട്ടില്ല. ഷൂട്ടിങ് ഇല്ലാത്ത ഒരു ദിവസം ഉള്ള സന്തോഷകരമായ ഒരു ഒത്തു ചേരലിന് പോകും പോലെയാണ്, എനിക്ക്തോന്നിയിട്ടുള്ളത് .

നിങ്ങൾക്കിടയിലേക്ക് വരാൻ ,എനിക്ക് ആരുടേയും അനുവാദം വേണ്ട എന്നു ഞാൻ വിശ്വസിക്കുന്നു. കാരണം ഞാൻ കഴിഞ്ഞ 40 കൊല്ലത്തിലധികമായി നിങ്ങൾക്കിടയിലുള്ള ഒരാളാണ്. ഒരിക്കലും ഞാൻ നിങ്ങൾക്കിടയിൽ നിന്ന് ഒരു മേച്ചിൽപുറങ്ങൾ തേടി പോയിട്ടില്ല. ഒരിക്കലും നിങ്ങളെ വിട്ട് , സിനിമയെ വിട്ട് വേറൊരു സുരക്ഷിത ജീവിതം കൊതിച്ചിട്ടില്ല.

അതുകൊണ്ട് എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർ ആദരിക്കപ്പെടുന്നത് കാണുക എന്നത് എന്റെ അഭിമാനമാണ് എന്റെ കടമയാണ് എന്റെ അവകാശമാണ്. നിങ്ങളെ കൂടുതൽ സ്നേഹിക്കാനും നിങ്ങളോട് ആരോഗ്യകരമായി മത്സരിക്കാനും ഇത് എനിക്ക് പ്രേരകമാകും. അതിന് വേണ്ടിയാണ് ഞാൻ വന്നത്.

യാദൃചികമായി ക്യാമറയ്ക്ക് മുന്നിൽ വന്ന ഞാൻ ആ യാദൃചികതയുടെ പായ്ക്കപ്പലിൽ തന്നെ യാത്ര തുടരുന്നു. എത്ര നാൾ, ഏത് യാത്രയ്ക്കും ഒരവസാനമുണ്ട്. അത് നിശ്ചയിക്കേണ്ടത് കാലമാണ്, നമുക്ക് അഞ്ജാതമായ ശക്തിയാണ്. സിനിമയിൽ സമർപ്പിച്ച എന്റെ അരങ്ങിനും ഒരു തിരശ്ശീലയുണ്ട് ,
മറ്റാരേക്കാളും നന്നായി എനിക്കതറിയാം. ആ തിരശ്ശീല വീഴുന്നതുവരെ ഞാൻ ഇവിടെയൊക്കെ തന്നെയുണ്ടാകും. അതുവരെ നിങ്ങൾക്കിടയിൽ എനിക്കൊരു ഇരിപ്പിടം എപ്പോഴും ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു. വിളിക്കാതെ വന്നുകേറാനുള്ള അനുവാദം. എന്നെ കേട്ടതിൽ, ആദരണീയരായ മാന്യ ജനങ്ങൾക്കിടയിൽ ഒരു കസേര തന്നതിൽ നന്ദി. കാലം തീരുമാനിച്ചാൽ അരനിമിഷം പോലും അരങ്ങിൽ ഞാൻ ഉണ്ടാകില്ല.

ഒരു കവി എഴുതിയ പോലെ.. ‘മധുര സ്നേഹമുഖനാം ഒരു യാത്രികൻ വരും, വിളിക്കും, ഞാൻ പോകും വാതിൽ പൂട്ടാതെ അക്ഷണം..."