Tuesday 18 December 2018 12:00 PM IST : By സ്വന്തം ലേഖകൻ

'ഒരു പ്രോഡക്റ്റ് ഉണ്ടാക്കിയിട്ട് അത് മാര്‍ക്കറ്റ്‌ ചെയ്യാന്‍ പാടില്ല എന്നുപറയാന്‍ പാടില്ലല്ലോ!'; മറുപടിയുമായി മോഹന്‍ലാല്‍

mohanlal-odi9052

“ഒരു പ്രോഡക്റ്റ് ഉണ്ടാക്കിയിട്ട് അത് മാര്‍ക്കറ്റ്‌ ചെയ്യാന്‍ പാടില്ല എന്നുപറയാന്‍ പാടില്ലല്ലോ. തീര്‍ച്ചയായിട്ടും ഒരു സിനിമയെ നന്നായിട്ട് മാര്‍ക്കറ്റ്‌ ചെയ്യാന്‍ അറിഞ്ഞിരിക്കണം. ശ്രീകുമാർ മേനോൻ അതാണ് ചെയ്തത്. സിനിമ കണ്ട നൂറില്‍ തൊണ്ണൂറു പേര്‍ക്കും ‘ഒടിയന്‍’ ഇഷ്ടപ്പെട്ടു.”- ‘ഒടിയൻ’ സിനിമയെ സംബന്ധിച്ചുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് നടൻ മോഹന്‍ലാല്‍.

ഒരു സ്വകാര്യ ചാനൽ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഭാഗത്തുനിന്നു വന്ന വലിയ അവകാശവാദങ്ങള്‍ തിരിച്ചടിയായില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

“ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നതു കൊണ്ടാണല്ലോ ആ സിനിമ വളരെ സക്സസ്ഫുള്‍ ആയിട്ട് ഓടുന്നത്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും പുറത്തുമൊക്കെ സിനിമയ്ക്ക് വളരെ നല്ല പ്രതികരണമാണ് കിട്ടുന്നത്. ഒരുപാട് പേര്‍ ചിത്രം കണ്ടു. ഒരുപാട് പേര്‍ ആ ചിത്രത്തിന്റെ നന്മയെക്കുറിച്ച് എഴുതുകയും ചെയ്തു.”- മോഹന്‍ലാല്‍ പറയുന്നു.

പരസ്യ സംവിധായകനായ ശ്രീകുമാർ മേനോന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രമായിരുന്നു ‘ഒടിയൻ’. മുതിർന്ന മാധ്യമ പ്രവർത്തകൻ ഹരികൃഷ്ണനാണ് സിനിമയ്ക്ക് തിരക്കഥ രചിച്ചത്. മഞ്ജു വാരിയർ, പ്രകാശ് രാജ് തുടങ്ങിയവരാണ് മറ്റു പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.