Thursday 09 April 2020 04:24 PM IST : By സ്വന്തം ലേഖകൻ

നിങ്ങള്‍ക്കു വേണ്ടി ഞങ്ങളും...ഹൃദയം തൊട്ട് ലാലേട്ടന്‍! ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാനസിക പിന്തുണ നല്‍കി വിഡിയോ കോണ്‍ഫറന്‍സ്

shailaga

14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് വേണ്ടി മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കൊപ്പം വിഡിയോ കോണ്‍ഫറന്‍സില്‍ എത്തി.


ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിശ്ചിത ദിവസം സേവനമനുഷ്ഠിച്ച ശേഷം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റിതര ജീവനക്കാര്‍ തുടങ്ങി എല്ലാവരേയും രോഗം പകരാതിരിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തില്‍ താമസിപ്പിക്കേണ്ടതുണ്ട്. ഇത്തരക്കാര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കം. ചെന്നൈയിലെ വീട്ടില്‍ നിന്നാണ് താരം വിഡിയോയില്‍ എത്തിയത്.


എല്ലാ ജില്ലകളിലുമുള്ള കോവിഡ് ആശുപത്രികളിലെ പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെയുള്ള 250 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ അതത് ആശുപത്രികളില്‍ നിന്നും വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

ഇതിന്റെ വിശേഷങ്ങള്‍ ആരോഗ്യമന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട്.

കുറിപ്പ് വായിക്കാം:

ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിശ്ചിത ദിവസം സേവനമനുഷ്ഠിച്ച ശേഷം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റിതര ജീവനക്കാര്‍ തുടങ്ങി എല്ലാവരേയും രോഗം പകരാതിരിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തില്‍ താമസിപ്പിക്കേണ്ടതുണ്ട്. ഇത്തരക്കാര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് വേണ്ടി മോഹന്‍ലാലും വീഡിയോ കോണ്‍ഫറന്‍സ് വഴി ഒത്തുകൂടി. എല്ലാ ജില്ലകളിലുമുള്ള കോവിഡ് ആശുപത്രികളിലെ പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെയുള്ള 250 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ അതത് ആശുപത്രികളില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

എല്ലാ ആശുപത്രികളിലേയും എല്ലാ വിഭാഗം ജിവനക്കാരും മോഹന്‍ലാലിനോട് നേരിട്ട് സംവദിച്ചു. പലരും തങ്ങള്‍ മോഹന്‍ലാലിന്റെ കട്ട ഫാന്‍ ആണെന്നും വെളിപ്പെടുത്തി. ഇതിനിടെ ഒരു പരിചയം പുതുക്കലുമുണ്ടായി. മോഹന്‍ലാലിനോടൊപ്പം മോഡല്‍ സ്‌കൂളില്‍ പഠിച്ചയാളാണ് താനെന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോയി പറഞ്ഞപ്പോള്‍ മോഹന്‍ലാലിനും അത്ഭുതമായി. കലാകാരനായ എറണാകുളം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായ ഡോ. തോമസ് മാത്യുവിനെ പ്രത്യേകം പരിചയപ്പെടുത്തുകയും ചെയ്തു. അങ്ങനെ എല്ലാ ഔപചാരിതകളും മാറ്റിവച്ച് കളിയും കാര്യവുമായി മോഹന്‍ലാല്‍ ഒരു മണിക്കൂറോളം ചെലവഴിച്ചു.