Monday 10 September 2018 04:47 PM IST

മലയാള സിനിമയിൽ ‘ഇനി ചെറിയ കളികളില്ല’: അണിയറയിൽ കോടിക്കിലുക്കം

V.G. Nakul

Sub- Editor

Cinema111

ആറ് വർഷം മുൻപാണ്, കൃത്യമായി പറഞ്ഞാൽ 2012 ജനുവരി 26. ഒരു സൂപ്പർ താര ചിത്രത്തിന്റെ ചിലവ് പരമാവധി മൂന്നും നാലും കോടി മാത്രമായിരുന്ന, അതിനപ്പുറം അഞ്ചോ ആറോ കോടിയൊക്കെ ബിഗ് ബഡ്ജറ്റും ബ്രഹ്മാണ്ടവുമായി വാഴ്ത്തപ്പെട്ടിരുന്ന കാലത്താണ് അങ്ങനെയൊരു ‘സേഫ് സോണിന്’ പുറത്ത് നിന്ന്, മോഹൻലാലിനെ നായകനാക്കി 12 കോടി ചിലവിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കാസനോവ തിയേറ്ററുകളിലെത്തിയത്. കേട്ടവർ കേട്ടവർ അതിശയത്തോടെ പരസ്പരം ചോദിച്ചു:

‘‘മലയാളത്തിൽ ഇത് എങ്ങനെ ലാഭമാകാൻ ? ’’

അക്കാലത്ത് ആ ചോദ്യം ന്യായമായിരുന്നു. എന്നാൽ ഇപ്പോൾ അതല്ല അവസ്ഥ. വിപണി വലുതായി, ടിക്കറ്റ് തുക കൂടി, തിയേറ്ററിന് പുറത്തും സിനിമയ്ക്ക് പണം നേടാനുള്ള നിരവധി സാധ്യതകൾ തെളിഞ്ഞു. അതോടെ ആയിരം കോടി വരെ അനായാസം ചിലവഴിക്കാൻ തയാറുള്ള വൻകിട നിർമാതാക്കൾ മലയാളത്തിലേക്ക് വന്നു. ഇവിടുത്തെ പ്രതിഭകളെ ഒപ്പം ചേർത്ത് ഒടിയനും രണ്ടാമൂഴവും കാളിയനും മാമാങ്കവും കായംകുളം കൊച്ചുണ്ണിയും തുടങ്ങി വലിയ സിനിമകൾ പ്രഖ്യാപിച്ചു. ഇവയിൽ മിക്കതും ചരിത്ര–ഇതിഹാസ–വീര കഥകളുടെ ദ്യശ്യാഖ്യാനങ്ങളും അന്യ ഭാഷകളിലെ ഒന്നാം നിര സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യത്താൽ സമ്പന്നവുമാണെന്നത് ശ്രദ്ധേയം. അതേ, മലയാള സിനിമയും മാറുകയാണ്, ഇനി ചെറിയ കളികളില്ലെന്ന പ്രഖ്യാപനവുമായി.

ബിഫോർ ആൻഡ് ആഫ്റ്റർ ബാഹുബലി

പുതിയകാല ഇന്ത്യൻ സിനിമയെ, പ്രത്യേകിച്ചും തെന്നിന്ത്യൻ സിനിമയെ രണ്ടായി തിരിക്കാം; ബാഹുബലിക്ക് മുൻപും ശേഷവും. പുത്തൻ സാങ്കേതികവിദ്യയുടെ പരിധികളില്ലാത്ത സാധ്യതയും ആവശ്യാനുസരണം പണവും വേണ്ടും വിധം വിനിയോഗിക്കപ്പെട്ടപ്പോൾ ബാഹുബലി നിർമ്മാതാവിനെ വെട്ടിലാക്കുന്ന ‘കൈവിട്ട കളി’യായില്ല. ചരിത്രമെന്ന് തോന്നിപ്പിക്കുന്ന, സ്ഥിരം ചേരുവകൾ കലർത്തി പാകപ്പെടുത്തിയ, ഒരു സങ്കൽപ്പ ‘രാജാപാർട്ട്’ കഥയെന്ന് വിമർശകർ പരിഹസിക്കുമ്പോഴും ബഹുഭൂരിപക്ഷം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തി ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങൾ ഇന്ത്യൻ സിനിമയുടെ വിപണി സാധ്യതകളെ കൃത്യമായി പുനർനിർമിക്കുകയായിരുന്നു.

ബാഹുബലിയുടെ വരവോടെ ഇന്ത്യൻ സിനിമയെന്നാൽ ഹിന്ദി സിനിമയെന്ന ധാരണ ഒട്ടൊക്കെ പൊളിഞ്ഞു വീണു. ഇത് പ്രാദേശിക സിനിമകൾക്കും അവിടങ്ങളിലെ ‘വലിയ സ്വപ്നം കാണുന്നവർക്കും’ നൽകിയ ആത്മവിശ്വാസവും ചെറുതല്ല. വ്യക്തമായ ധാരണയോടെ പണം മുടക്കിയാൽ പണം വാരാം എന്ന തിയറി തമിഴ്, തെലുങ്ക്, മലയാളം ഇൻഡസ്ട്രികൾക്ക് നൽകിയത് പുതിയ ഉണർവായിരുന്നു. അതോടെ പ്രാദേശിക സിനിമയെന്ന ചെറിയ വൃത്തത്തിൽ നിന്ന് പുറത്തിറങ്ങി മലയാള സിനിമയും ഇന്ത്യൻ സിനിമയെന്ന വിശാലമായ കമ്പോളത്തിലേക്ക് നോക്കിത്തുടങ്ങി. വിദേശ രാജ്യങ്ങളിലുൾപ്പടെ എത്തിക്കാവുന്ന തരത്തിൽ പാൻ ഇന്ത്യൻ ആശയങ്ങളെ തിരഞ്ഞെടുക്കുവാനും അതിനെ സിനിമ ആവശ്യപ്പെടുന്ന മികവോടെ നിർമ്മിക്കാനുമുള്ള ശ്രമങ്ങളും തുടങ്ങി. അങ്ങനെ മലയാളത്തിലും ദശകോടികൾ മുടക്കി പുലിമുരുകനും വീരവും ടിയാനുമൊക്കെ വന്നു, ഒടിയനും രണ്ടാമൂഴവും മാമാങ്കവും കായംകുളം കൊച്ചുണ്ണിയും ആടു ജീവിതവും കർണ്ണനും കുഞ്ഞാലി മരയ്ക്കാറും വരുന്നു. മമ്മൂട്ടിയും മോഹൻലാലും തുടങ്ങി താരചക്രവർത്തിമാരും യുവതാരങ്ങളും ഈ മാറ്റത്തിനൊപ്പം ചുവട് മാറി എന്നാണ് പുതിയ വാർത്തകൾ തെളിയിക്കുന്നത്.

അഞ്ചു കോടിക്ക് ബ്രഹ്മാണ്ട ചിത്രം

രണ്ടായിരത്തിന് മുൻപ്, തൊണ്ണൂറുകളുടെ അന്ത്യത്തിൽ വരെ അഞ്ച് കോടിക്ക് മേൽ മലയാളത്തിൽ ബിഗ് ബജറ്റും ബ്രഹ്മാണ്ടവുമൊക്കെയായിരുന്നു. അന്നൊക്കെ ഒരു താര ചിത്രത്തിന്റെ പരമാവധി ചിലവ് മൂന്ന് കോടിക്ക് താഴെ നിന്നു. എന്നാൽ പുലിമുരുകന്റെ തോളിലേറി നൂറ് കോടി കടന്ന മലയാള സിനിമയ്ക്ക് ഇനിയും അത് സാധിക്കും എന്നാണ് വിദഗ്ധരുടെ ഉറപ്പ്. ഒറ്റക്കാര്യ മാത്രം ശ്രദ്ധിക്കുക; പ്രേക്ഷകനെ മുഷിപ്പിക്കാത്ത,പുതുമ പകരുന്ന മികച്ച സിനിമകൾ നിർമ്മിക്കുക, സ്വാഭാവികമായും അവർ തിയേറ്ററുകളിലെത്തും.

മോഹൻലാലിനെ നായകനാക്കി നവാഗതനായ വി.എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ‘ഒടിയൻ’ ബജറ്റ് തീരുമാനിക്കാതെ ചിത്രീകരണം തുടങ്ങിയ സിനിമയാണ്. കഥ ആവശ്യപ്പെടുന്ന മികവിൽ നിർമ്മാണ പ്രവർത്തനങ്ങള്‍ പൂർത്തിയാകാൻ എത്ര പണം വേണമോ അതാണ് ചിത്രത്തിന്റെ ബജറ്റ്. നിരവധി വൻ വിജയങ്ങളുടെ അമരത്ത് നിന്ന ആന്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവും മോഹൻലാൽ എന്ന താരരാജാവിന്റെ പ്രേക്ഷക പിൻതുണയും ചേരുമ്പോൾ ഒടിയന്‍ മലയാളത്തിലെ വൻ റിലീസുകളിലൊന്നാകും. ചിത്രത്തിന്റെ ഗ്രാഫിക് ജോലികൾക്ക് മാത്രം ദശകോടികൾ ചിലവാകും.

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന ‘മാമാങ്ക’ത്തിന് 50 കോടിയാണ് ബഡ്ജറ്റ്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി നിർമ്മിക്കുന്ന ചിത്രം 4 ഷെഡ്യൂളുകളിലായി ചിത്രീകരണം പൂർത്തിയാകും. തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക് ഭാഷകളിലേക്ക് മൊഴിമാറ്റുന്ന ചിത്രത്തിൽ 4 വ്യത്യസ്ത ഗറ്റപ്പുകളിലാണ് മമ്മൂട്ടി. അതിൽ 35 മിനിട്ട് നീളുന്ന സ്ത്രൈണ ഭാവത്തിലുള്ള ഒരു ലുക്ക് സിനിമയുടെ ഹൈലൈറ്റാകും. ചരിത്ര കഥ പറയുന്ന ഈ മമ്മൂട്ടി ചിത്രം ഇതിനിടയിൽ പ്രേക്ഷകപ്രതീക്ഷകളെ ഇരട്ടിയാക്കിയിരിക്കുന്നു.

ബെന്യാമിന്റെ പ്രശസ്ത നോവൽ ‘ആടു ജീവിതം’ വലിയ മുതൽ മുടക്കിലാണ് അതേ പേരിൽ സിനിമയാകുന്നത്. ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകകഥാപാത്രത്തിന്റെ രണ്ട് വ്യത്യസ്ത ഗറ്റപ്പുകളിലാണ് പൃത്ഥിരാജ് എത്തുക. കേരളത്തിലും വിദേശ ലൊക്കേഷനുകളിലുമായി വിവിധ ഷെഡ്യൂളുകളിൽ ചിത്രീകരണം പൂർത്തിയാകും. കെ.ജി.എ ഫിലിംസിന്റെ ബാനറിൽ കെ.ജി എബ്രഹാമാണ് നിർമ്മാണം.

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ എസ്.മഹേഷ് സംവിധാനം ചെയ്യുന്ന ‘കാളിയൻ’ 50 കോടിയോളം ചിലവ് പ്രതീക്ഷിക്കുന്ന ചിത്രമാണ്. വേണാടിന്റെ ചരിത്രത്തിലെ വീരനായകൻമാരിൽ ഒരാളായി വാഴ്ത്തപ്പെടുന്ന കുഞ്ചിറക്കോട്ട് കാളിയുടെ കഥ കോടികൾ മുടക്കി വൻ സെറ്റുകളിലാകും ചിത്രീകരണം. മാജിക് മൂൺ ഫിലിംസിന്റെ ബാനറിൽ രാജീവ് നായരാണ് നിർമ്മാണം. ആടു ജീവിതം കഴിഞ്ഞ് പൃഥ്വി കാളിയനിൽ അഭിനയിച്ച് തുടങ്ങും. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ സജീവമായി തുടരുന്നതായി സംവിധായകൻ വനിത ഓൺലൈനോട് പറഞ്ഞു.

എം.ടി വാസുദേവൻ നായരുടെ പ്രശസ്ത നോവൽ ‘രണ്ടാമൂഴം’ ആയിരം കോടി മുടക്കിയാണ് അതേ പേരിൽ സിനിമയാക്കുക. മോഹൻലാൽ നായകനാകുന്ന ചിത്രം വി.എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യും. ബി.ആർ ഷെട്ടിയാണ് നിർമ്മാതാവ്. വ്യക്തമായ ആസൂത്രണങ്ങളോടെ ഇന്ത്യൻ സിനിമയിലെ ഏറ്റവും സാങ്കേതിക മൂല്യമുള്ള സൃഷ്ടിയായി രണ്ടാമൂഴത്തെ ഒരുക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം.

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത്, റിലീസിന് ഒരുങ്ങുന്ന കായംകുളം കൊച്ചുണ്ണിയുടെ മുടക്ക് മുതൽ 45 കോടിയാണ്. സെറ്റ് വർക്കുകൾക്ക് മാത്രം 12 കോടിയാണ് ചിലവ്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മാണം.

മലയാളത്തിൽ പൃഥ്വിരാജിനെ നായകനാക്കി പ്രഖ്യാപിക്കുകയും ശേഷം വിക്രത്തിനെ നായകനാക്കി ഹിന്ദിയിൽ ഒരുക്കാൻ തീരുമാനിച്ചതുമായ കർണ്ണന്റെ മുടക്ക് മുതൽ 300 കോടിയാണ്. ആർ.എസ് വിമൽ സംവിധാനം ചെയ്യുന്ന ചിത്രം ന്യൂയോർക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡമാണ് നിർമ്മിക്കുന്നത്. മലയാളമുൾപ്പടെ മറ്റ് ഭാഷകവിൽ മൊഴിമാറ്റിയെത്തും.

ഒപ്പം മോഹൻലാൽ–പ്രിയദർശൻ ടീമിന്റെ ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’, മമ്മൂട്ടി–സന്തോഷ് ശിവൻ ടീമിന്റെ ‘കുഞ്ഞാലി മരയ്ക്കാർ’, മോഹൻലാൽ–പൃഥ്വിരാജ് ടീമിന്റെ ‘ലൂസിഫർ’, രാമചന്ദ്രബാബു–ദിലീപ് ടീമിന്റെ ‘പ്രഫസർ ഡിങ്കൻ’, ജുനൂസ് മുഹമ്മദ് – പൃഥ്വിരാജ് ടീമിന്റെ ‘9’ തുടങ്ങി കോടികൾ മുടക്കി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്ന മറ്റ് ഒരു കൂട്ടം ചിത്രങ്ങളും മലയാളത്തിന്റെ അണിയറയിൽ ഒരുങ്ങുകയാണ്.

ഈ പട്ടികയിലേക്ക് ഇനിയും ധാരാളം ചിത്രങ്ങൾ പ്രതീക്ഷിക്കാം...