Friday 12 March 2021 03:37 PM IST

മലയാള സിനിമയുടേയും സിനിമാപ്പാട്ടുകളുടേയും അമൂല്യ ശേഖരമായി M3DB

Shyama

Sub Editor

M-01

പാട്ടുപാടുന്നവരും പാട്ടിന്റെ സ്നേഹിക്കുന്നവരുമൊക്കെ ഒരു തവണയെങ്കിലും ഇഷ്ടമുള്ള വരികൾ ഇന്റർനെറ്റിൽ പരതിയിട്ടുണ്ടാകും. അറിഞ്ഞോ അറിയാതെയോ നിങ്ങൾ എം3ഡിബിയുടെ സൈറ്റിൽ എത്തിയിട്ടുമുണ്ടാകും. കരകാണാത്തത്ര ആഴത്തിൽ എണ്ണത്തിൽ കിടക്കുന്ന പാട്ടുകളുടെയൊക്കെ ആഴത്തിരമാലയാണ് മലയാളം മൂവി ആന്റ് ഡാറ്റാ ബെയ്സിനുള്ളത്. മലയാള സിനിമാ ഗാനങ്ങളുടെ വരികളും സിനിമയുടെ വിവരങ്ങളും ഒക്കെ അടുക്കി സൂക്ഷിക്കുന്ന അമൂല്യ ശേഖരം തന്നെയാണ് എം3ഡിബി.

2004ൽ അജു തോമസ് പണിക്കർ എന്ന കിരണാണ് പാട്ടിനോട് ഇഷ്ടമുള്ള ഒരുപറ്റം സുഹൃത്തുകളെ ചേർത്ത് യാഹൂ ചാറ്റ് റൂമിൽ ഒരു ഗ്രൂപ്പ് തുടങ്ങുന്നത്. പാട്ടുകളുടെ വരികൾ ശേഖരിച്ചു സൂക്ഷിക്കുക എന്നതായിരുന്നു ആ ഗ്രൂപ്പിന്റെ ലക്ഷ്യം. പോകെ പോകെ പാട്ട് ശേഖരം വലുതായി വന്നതോടെ അത് ചാറ്റ് റൂമിലേക്ക് മാത്രം പരിമിതപ്പെടുത്താതെ ‘മലയാളം സോങ്ങ് ലിറിക്സ്.കോം’ എന്ന് സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്തു. 2006–2007 ആയതോടെ ഗ്രൂപ്പിലേക്ക് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും കൂടുതൽ അംഖങ്ങളെത്തി അതൊടെ പാട്ടുകളുടെ വരികൾക്കൊപ്പം സിനിമയുമായി ബന്ധപ്പെട്ട മറ്റു പല വിവരങ്ങളും കൂടി സൈറ്റിൽ ഉൾപ്പെടുത്താനും തുടങ്ങി. 2010 ഡിസംബർ 20ന് മലയാളം മൂവി ആന്റ് ഡാറ്റാ ബേയ്സ് എന്ന പേരിൽ സൈറ്റ് നവീകരിച്ചു.

പ്രത്യേകതകൾ പലതുണ്ട്

20തിലധികം ഡാറ്റാ/ വെബ്/സോഷ്യൽ മീഡിയ അഡ്മിൻസും, 50-100നടുത്ത് ഡാറ്റാ കോൺട്രിബ്യൂട്ടേഴ്സുമുണ്ട്. സ്ഥിരം ഡാറ്റാ ക്രിയേറ്റേഴ്സായി മുപ്പതിലധികം പേരും ഡാറ്റാ മാനേജ്മെന്റിനായി മറ്റ് അഡ്മിൻമാരുമുണ്ട്. മുൻകാലങ്ങളിൽ പുസ്തകളങ്ങളും മാധ്യമങ്ങളും വഴി ശേഖരിച്ചിരുന്ന വിവരങ്ങൾ ഇപ്പോൾ സിനിയിലെ സുഹൃത്തുകളോടും അണിയറപ്രവർത്തകരോടും ചോദിച്ചറിഞ്ഞ് കൃത്യതയോടെ ഉൾപ്പെടുത്തുന്നു.ഇതു കൂടാതെ വ്യത്യസ്ത പ്രോജക്റ്റ് ഗ്രൂപ്പുകളും ഇതിൽ പ്രവർത്തിക്കുന്നുണ്ട്. പാട്ടുകള്‍ രാഗത്തിന്റെ അടിസ്ഥാനത്തിൽ തരം തിരിക്കാനും കേരളത്തിലെ തീയറ്ററുകളുടേയും ഷൂട്ടിങ്ങ് ലോക്കേഷന്റേയും വിവരങ്ങൾ നൽകാനും സിനിമയിലെ ശബ്ദങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താനുള്ള വോയിസ് ലൈബ്രറി എന്നിവയ്ക്കായി പ്രവർത്തിക്കുന്ന ചെറു ഗ്രൂപ്പുകളുണ്ട്.

ഒരു സിനിമയുടെ തുടക്കത്തിലും ഒടുക്കത്തിലുമായി എഴുതിക്കാണിക്കുന്ന 95ശതമാനം പേരുടേയും വിവരങ്ങൾ ഈ ഡാറ്റാ ബേയ്സിൽ ഉൾപ്പെടുത്താറുണ്ട്. സ്ഥിരമായി അപ്ഡേഷൻ നടക്കുന്ന ഡാറ്റാബേയ്സിൽ ഇതിനോടകം 20000 ഗാനങ്ങളുടെ വിവരങ്ങളും സാഹിത്യവും ലഭ്യമാണ്. 6425 സിനിമകളേ കുറിച്ചും 46000ലധികം സിനിമ പ്രവർത്തകരുടേയും വ്യക്തി വിവരങ്ങള്‍ എം3ഡിബിയിലുണ്ട്.

ലോകത്തിന്റ പല ഭാഗത്തുള്ള പല മേഖലകളിൽ ജോലി ചെയ്യുന്ന ഇരുപതോളം പേരാണ് എം3ഡിബിയുടെ കോർ ടീം മെമ്പേഴ്സായിട്ടുള്ളത്. ഖത്തറിൽ ഐടി കൺസൾടന്റായ കിരൺ, അധ്യാപികയും സിനിമ പ്രവർത്തകയുമായ ഉമാ ഗോപിനാഥ്, വീട്ടമ്മയായ പൊന്നു കൃഷ്ണൻ, സ്വതന്ത്ര ഐടി പ്രൊഫഷണലും ഇന്റർനെറ്റ് ഭാഷാ വിദഗ്ധനുമായ കെവിൻ സിജി, അമേരിക്കയിലെ ശാസ്ത്രജ്ഞനും പ്രൊഫസറുമായ എതിരൻ കതിരവൻ, പരസ്യ സംവിധായകനായ കുമാർ നീലകണ്ഠൻ, ഐടി മാനേജ്മെന്റ് ചെയ്യുന്ന ദിലീപ് വിശ്വനാഥൻ, ചിത്രകാരനും കലാസംവിധായകനുമായ നന്ദകുമാർ, ഗാനരചയിതാവായ നിശീകാന്ത് ഗോപി, ശ്യാമ പ്രദീപ്, ആഷ മനോജ്, ഐ.ടിക്കാരായ ജയകൃഷ്ണൻ ടി.യു., രാകേഷ് കോന്നി, സിജു ചൊള്ളമ്പാട്ട്, അരവിന്ദ് എം.ഐ., അനീഷ് കുറുപ്പ്, ബൈജു ടി., രാഗേഷ് കെ.പി., നിതിൻ ഗോപാൽ, കിഷോർ കുമാർ, വിഷ്ണു ഭുവനചന്ദ്രൻ, ഡോ. ജിഷ്ണു വി.പി., ഡോ. പിങ്കി കൃഷ്ണ, ആർക്കിയോളജിസ്റ്റ് സ്മിത എസ് കുമാർ, ഡിസൈനറായ സമീർ മുഹമ്മദ്, സിനിമ പ്രവർത്തകനായ മുകേഷ് കുമാർ, സംവിധായകൻ ജിയോ ബേബി, ഗായിക രഞ്ജിനി ഹന്ന, ടെലികോം വിദഗ്ധൻ നിഷാദ് ബാല തുടങ്ങിയവരൊക്കെ എം3ഡിബിയുടെ അഡ്മിനുകളായി പ്രവർത്തിക്കുന്നു.

സാന്പത്തിക ലാഭം ലക്ഷ്യം വച്ചല്ല എം3ഡിബി പ്രവർത്തിക്കുന്നത്. സിനിമയോടുള്ള താൽപര്യമാണ് എല്ലാത്തിനുമുള്ള പ്രചോദനം. പ്രധാന സിനിമകളും അവയുടെ വിവരങ്ങളും പോലെ തന്നെ ചെറിയ സിനിമകളുടേയും ഒന്നോ രണ്ടോ സിനിമകളിൽ മാത്രം മുഖം കാണിച്ചു പോയവരുടേയും വിവരങ്ങള്‍ ചേർക്കാൻ ശ്രദ്ധിക്കുന്നു.

24/7 പുതുപുത്തൻ വിവരങ്ങൾ എത്തുന്നു

ലോകത്തിന്റെ പല ഭാഗത്തു നിന്നുമുള്ളവർ സഹകരിക്കുന്നതു കൊണ്ട് മിക്കവാറും തന്നെ 24/7 പുതിയ വിവരങ്ങൾ ചേർക്കുകയും തിരിത്തലുകൾ വരുത്തുകയും ചെയ്യുന്നു. വെബ്ബിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ആർക്കും വിവരങ്ങൾ എഡിറ്റ് ചെയ്യാം. ഇതിന്റെ അപ്രൂവൽ ഡാറ്റാ എഡിറ്റേഴ്സ് മാത്രമാണ് ചെയ്യുന്നത്. കലാനുശ്രിതമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ചുമതല നോക്കാൻ വെബ് അഡ്മിനിസ്ട്രേഷൻ ആന്റ് ഇന്റഗ്രേഷൻ ടീമും ഉണ്ട്.

M-02

പൊതുജനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനും അവരുമായി ആരോഗ്യപരമായ ചർച്ചകൾ നിലനിർത്താനും ഉള്ളതാണ് എം3ഡിബിയുടെ എഫ്.ബി. പെയ്ജ്. ഏകദേശം 15000 അംഗങ്ങൾ പബ്ലിക് ഫെയ്സ്ബുക് ഗ്രൂപ്പിലും 45000 പേർ പ്രൈവറ്റ് ആർക്കൈവ്ഡ് ഗ്രൂപ്പിലുമായി ഡാറ്റാ ചർച്ചകളിൽ പങ്കടുക്കുന്നു. ഇതിൽ സെലിബ്രിറ്റികൾ, സിനിമാ പ്രവർത്തകർ, സ്കൂള്‍ കോളജ് വിദ്യാർഥികൾ, ഉദ്ദ്യോഗാർഥികൾ, വീട്ടമ്മമാർ, ചിത്രകാരന്മാർ തുടങ്ങി സിനിമയെ ഇഷ്ടപ്പെടുന്ന അനവധിയാളുകൾ അവിടെ ഒത്തുചേരുന്നു...

എം3ഡിബിയുടെ പത്താം വാർഷികം പ്രമാണിച്ച് സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ധാരാളം പേർ ഈ ഡാറ്റാ ബേയ്സിന് ധാരാളം ടെസ്റ്റിമോണിയലുകൾ (സാഷ്യപത്രം) അയച്ചു തന്നിരുന്നു. പത്രമാധ്യമങ്ങളും ഈ വിവരം പങ്കുവച്ചിരുന്നു. ഇത്തരം ജനകീയ ആദരങ്ങളാണ് മറ്റെന്തിനേക്കാളും വലിയ അംഗീകാരം എന്ന് എം3ഡിബിയുടെ അണിയറ പ്രവർത്തകൾ നിറഞ്ഞ സന്തോഷത്തോടെ പറയുന്നു...  

Tags:
  • Movie News
  • Movies
  • Mollywood